കൂളിമാട് പാലം തകർന്ന സംഭവം: രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നിർദേശം, ഊരാളുങ്കലിന് കര്‍ശന താക്കീത്

Published : Jun 17, 2022, 01:35 PM ISTUpdated : Jun 17, 2022, 02:08 PM IST
കൂളിമാട് പാലം തകർന്ന സംഭവം: രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നിർദേശം, ഊരാളുങ്കലിന് കര്‍ശന താക്കീത്

Synopsis

പിഡബ്ല്യുഡി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ക്കും അസിസ്റ്റന്‍റ് എഞ്ചിനീയര്‍ക്കുമെതിരെ നടപടിക്ക് നിര്‍ദ്ദേശം, ഊരാളുങ്കലിന് കർശന താക്കീത്, വീഴ‍്‍ച ആവർത്തിക്കരുതെന്ന് നിർദേശം

കോഴിക്കോട്: ചാലിയാറിന് കുറുകെയുള്ള കൂളിമാട് പാലം തകർന്ന സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊതുമരാമത്ത് മന്ത്രിയുടെ നിർദ്ദേശം.  പിഡബ്ല്യുഡി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ക്കും അസിസ്റ്റന്‍റ് എഞ്ചിനീയര്‍ക്കുമെതിരെയാണ് നടപടിക്ക് നിര്‍ദ്ദേശം നൽകിയത്. പാലം തകർച്ചയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വിജിലന്‍സ് വിഭാഗം മന്ത്രിക്ക് അന്തിമ റിപ്പോര്‍ട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് പരിഗണിച്ചാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാന്‍ വകുപ്പ് സെക്രട്ടറിക്ക് മന്ത്രി റിയാസ് നിര്‍ദ്ദേശം നല്‍കിയത്. 

നിർമാണ ചുമതലയുണ്ടായിരുന്ന ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് കര്‍ശന താക്കീത് നൽകിയിട്ടുണ്ട്. മേലില്‍ ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആവശ്യമായ സുരക്ഷ ഉറപ്പാക്കിയ ശേഷമേ നിര്‍മാണങ്ങൾ നടത്താവൂ എന്നും ഊരാളുങ്കലിനോട് നിർദേശിച്ചു. പാലം തകർച്ചയുമായി ബന്ധപ്പെട്ട് PWD വിജിലൻസ് ആദ്യം സമർപ്പിച്ച റിപ്പോർട്ട് മന്ത്രി തിരിച്ചയച്ചിരുന്നു.

വിജിലൻസ് തയ്യാറാക്കിയ റിപ്പോർട്ട് മടക്കിയത് കുറച്ചുകൂടി വ്യക്തത ആവശ്യമുള്ളത് കൊണ്ടാണെന്ന് മന്ത്രി നേരത്തെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. ടെക‍്‍നിക്കൽ, മാന്വൽ വശങ്ങളും പരിശോധിക്കേണ്ടതുണ്ട്. എല്ലാ വശങ്ങളും പരിശോധിച്ച് വ്യക്തത വരുത്തി റിപ്പോർട്ട് നൽകാനാണ് PWD വിജിലൻസിനോട് ആവശ്യപ്പെട്ടതെന്നും റിയാസ് പറഞ്ഞു. അപകടത്തിലേക്ക് നയിച്ച കാരണങ്ങള്‍ സംബന്ധിച്ച് വിജിലന്‍സ് വിഭാഗം ഡെപ്യൂട്ടി ചീഫ് എന്‍ജീനിയര്‍ എം.അന്‍സാര്‍ ആദ്യം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ രണ്ട് പിഴവുകളാണ് ചൂണ്ടിക്കാണിച്ചത്. ബീമുകള്‍ ഉറപ്പിപ്പിക്കുമ്പോള്‍ ഹൈഡ്രോളിക് ജാക്ക് തകരാറായതാണ് ഒരു പ്രശ്നം.

പ്രവൃത്തി നടക്കുന്ന സ്ഥലത്ത് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ലെന്നടതടക്കം മാനുഷിക പിഴവുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഈ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ്, ഇതില്‍ എന്താണ് അപകടത്തിലേക്ക് നയിച്ച പ്രധാന കാരണമെന്തെന്ന് വ്യക്തമാക്കാന്‍ മന്ത്രി ആവശ്യപ്പെട്ടത്. മാനുഷിക പിഴവാണെങ്കില്‍ വിധഗ്‍ധ തൊഴിലാളികള്‍ ഇല്ലാതിരുന്നതാണോ അപകടത്തിന് കാരണമെന്ന് വിശദമാക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു. ഇക്കാര്യം വ്യക്തമാക്കി PWD റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് നടപടിക്ക് മന്ത്രി നി‍ർദേശം നൽകിയത്. ഇക്കഴിഞ്ഞ മെയ് 16 നായിരുന്ന കൂളിമാട് പാലത്തിന്‍റെ മൂന്ന് ബീമുകള്‍ നിര്‍മാണത്തിനിടെ തകര്‍ന്നത്. അപകടം നടക്കുമ്പോള്‍ പ്രവൃത്തിയുടെ ചുമതലയിലുണ്ടായിരുന്നവര്‍ ഉള്‍പ്പെടെ എഞ്ചിനീയേഴ്സ് അസോസിയേഷന്‍റെ കലാകായിക മേളയില്‍ പങ്കെടുക്കുകയായിരുന്നുവെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. 

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്