
കൊരട്ടി: ചാലക്കുടിക്ക് അടുത്ത് മേലൂരിൽ പെൺകുട്ടിയെ കാറിലെത്തിയ രണ്ട് പേർ മർദ്ദിക്കുകയും മുടി മുറിക്കുകയും ചെയ്തെന്ന പരാതി വ്യാജം. വീട്ടുകാരെ ഭയന്നാണ് പെൺകുട്ടി വ്യാജ പരാതി ഉന്നയിച്ചത്. വീട്ടുകാർ പരാതിയുമായി പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം കൈവിട്ട് പോയത്.
ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയും കുടുംബവുമാണ് അജ്ഞാതരായ രണ്ട് പേരുടെ മർദ്ദനമേറ്റെന്നും മുടി മുറിച്ചെന്നുമുള്ള പരാതിയുമായി കൊരട്ടി പൊലീസ് സ്റ്റേഷനിലെത്തിയത്. വാനിലെത്തിയ സ്ത്രീയും പുരുഷനും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചെന്നാണ് പെൺകുട്ടി വീട്ടുകാരോടും പൊലീസിനോടും പറഞ്ഞത്. മര്‍ദ്ദനത്തിന് ശേഷം തന്റെ മുടിയും മുറിച്ചു കളഞ്ഞുവെന്നായിരുന്നു പെൺകുട്ടി പറഞ്ഞത്.
സംഭവത്തെ കുറിച്ച് പൊലീസ് പെൺകുട്ടിയോട് വിശദമായി ചോദിച്ചപ്പോഴാണ് സത്യം പുറത്ത് വന്നത്. സുഹൃത്തിന്റെ വീട്ടിൽ പുസ്തകം മടക്കി നൽകാനായി പോയതായിരുന്നു പെൺകുട്ടി. ഇവിടെ വെച്ച് സുഹൃത്താണ് പെൺകുട്ടിയുടെ സമ്മതത്തോടെ മുടി മുറിച്ചത്. വീട്ടുകാരുടെ ശകാരം ഭയന്നാണ് ഭാവനയിൽ നിന്ന് ആക്രമിക്കപ്പെട്ടെന്ന് ഒരു കഥയുണ്ടാക്കിയത്. എന്നാൽ വീട്ടുകാർ പൊലീസിനെ സമീപിച്ചതോടെ സംഭവം കൈവിട്ട് പോവുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam