
കോട്ടയം: കേരള കോണ്‍ഗ്രസുകാർ തമ്മിലുള്ള വാക്പോര് തുടരുന്നു. 'പരുന്തിൻ്റെ പുറത്തിരിക്കുന്ന കുരുവി'യെന്ന ജോസഫ് വിഭാഗത്തിനെതിരായ ജോസ് കെ മാണിയുടെ പ്രസ്താവനയിൽ തിരിച്ചടിച്ച് മോൻസ് ജോസഫ്. പരുന്തിന്‍റെ മുകളിലെ കുരുവി ജോസ് കെ മാണിയും കൂട്ടരുമാണെന്ന് മോൻസ് ജോസഫ് മറുപടി നൽകി. പരുന്തിന്റെ മുകളിൽ നിന്ന് താഴെ വീണു ചതഞ്ഞരഞ്ഞ് പോയവരാണ് ജോസ് കെ മാണിയും കൂട്ടരും. ജോസ് കെ മാണി ഇല്ലാതെയാണ് യുഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പിൽ കരുത്ത് കാട്ടിയത്. ജോസ് കെ മാണി വിഭാഗത്തെ മുന്നണിയിലേക്ക് ക്ഷണിക്കുന്നത് യുഡിഎഫ് നേതാക്കൾ അവസാനിപ്പിക്കണമെന്നും മോൻസ് ജോസഫ് ആവശ്യപ്പെട്ടു.
സ്വന്തം അവസ്ഥ ഓർത്ത് ജോസ് കെ മാണി പരിതപിക്കുകയാണെന്ന് മോൻസ് കെ ജോസഫ് പറഞ്ഞു. പാലാ നഗരസഭ കേരളാ കോൺഗ്രസിന് നഷ്ടമായി. ഇടുക്കിയിലെ വിജയത്തിന്‍റെ ക്യാപ്റ്റൻ പി ജെ ജോസഫാണ്. യുഡിഎഫ് കരുത്ത് കാട്ടിയത് ജോസ് കെ മാണി ഇല്ലാതെയാണ്. ജോസ് കെ മാണിയുടെ പിന്നാലെ നടക്കേണ്ടതില്ല. യുഡിഎഫ് നേതാക്കൾ പരസ്യമായി ക്ഷണിക്കുന്നതും ശരിയല്ലെന്ന് മോൻസ് ജോസഫ് പ്രതികരിച്ചു.
കേരള കോൺഗ്രസിന്‍റെ യുഡിഎഫ് പ്രവേശനത്തെ എതിർത്ത് കോട്ടയം ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ്. നിലവിൽ ജില്ലയിൽ ശക്തമല്ലാത്ത പാർട്ടിയാണ് കേരള കോൺഗ്രസ് എന്ന് നാട്ടകം സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അവരുടെ ശക്തികേന്ദ്രങ്ങളിലെല്ലാം യുഡിഎഫ് ജയിച്ചു. ഒരു കാരണവും ഇല്ലാതെ മുന്നണി വിട്ടുപോയ ജോസ് കെ മാണിയെ തിരിച്ചെടുക്കണോ എന്നതിൽ സംസ്ഥാന നേതൃത്വം ഉചിതമായ തീരുമാനം എടുക്കണമെന്നും നാട്ടകം സുരേഷ് പറഞ്ഞു.
കേരളാ കോൺഗ്രസ് ഇടതു മുന്നണിക്ക് ഒപ്പം തുടരുമെന്നും പാലായിലടക്കം മധ്യകേരളത്തിൽ തിരിച്ചടിയെന്ന് വിലയിരുത്താനാകില്ലെന്നും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി. ആരും വെള്ളം കോരാൻ വരണ്ട. വീമ്പടിക്കുന്ന തൊടുപുഴയിൽ ജോസഫ് വിഭാഗം ജയിച്ചത് രണ്ടിടത്ത് മാത്രമാണ്. പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയുടെ അവസ്ഥയാണ് ജോസഫ് വിഭാഗത്തിന്. സംഘടനാപരമായി കേരള കോൺഗ്രസിന് ലഭിക്കേണ്ട വോട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് തിരിച്ചടി നേരിട്ടതിൻ്റെ പശ്ചാത്തലത്തിൽ ഇടതുമുന്നണി വിടുമെന്ന രീതിയിൽ ചർച്ചകൾ ഉയർന്നിരുന്നു. നിലവിൽ ഇടത് മുന്നണി വിടേണ്ട രാഷ്ട്രീയ സാഹചര്യം ഇല്ലെന്നാണ് എൽഡിഎഫ് യോഗത്തിന് ശേഷമുള്ള ജോസ് കെ മാണിയുടെ പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam