
കോട്ടയം: കോട്ടയത്ത് കോടതിയെ കബളിപ്പിച്ച വ്യാജവക്കീലിനെ അറസ്റ്റ് ചെയ്യാതെ പൊലീസ്. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുമായി പൊൻകുന്നം സ്വദേശി അഫ്സൽ പ്രാക്ടീസ് ചെയ്തത് 7 മാസം. രേഖകളിലെ ക്രമക്കേട് സർവ്വകലാശാല തന്നെ സ്ഥിരീകരിച്ചിട്ടും തുടർനടപടിയില്ല. പരാതി ഒത്തുതീർക്കാൻ ശ്രമമെന്നും ആക്ഷേപം.
തമിഴ്നാട്ടിലെ പെരിയാര്‍ സര്‍വകലാശാലയില്‍ നിന്ന് ബിബിഎ. പിന്നെ ഭോപ്പാലിലെ ആര്‍കെഡിഎഫ് സര്‍വകലാശാലയില്‍ നിന്ന് ത്രിവല്‍സര നിയമ ബിരുദവും നേടിയെന്ന് അവകാശപ്പെട്ടാണ് പൊന്‍കുന്നം സ്വദേശി അഫ്സല്‍ ഹനീഫ് ബാര്‍ കൗണ്‍സിലില്‍ അഭിഭാഷകനായി എന്‍ റോള്‍ ചെയ്ത് പൊന്‍കുന്നം കോടതിയില്‍ പ്രാക്ടീസ് തുടങ്ങിയത്. എന്നാല്‍ അഫ്സലിന്‍റെ ബിബിഎ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് പെരിയാര്‍ സര്‍വകലാശാല തന്നെ വ്യക്തമാക്കി.
അഫ്സല്‍ ബാര്‍ അസോസിയേഷനില്‍ ഹാജരാക്കിയ എല്‍എല്‍ബി മാര്‍ക്ക് ലിസ്റ്റിലാണ് പ്രധാന തെറ്റുള്ളത്. ഇത് പ്രകാരം പരീക്ഷാ ഫലം വന്നത് 2016 ഡിസംബര്‍ മാസത്തില്‍. സര്‍ട്ടിഫിക്കറ്റ് നല്‍കിയതാകട്ടെ അതിനും മൂന്ന് മാസം മുമ്പ് 2016 ഒക്ടോബറിലും. ഒറ്റനോട്ടത്തില്‍ ക്രമക്കേട് വ്യക്തമായിട്ടും അഫ്സലിനെ പൊലീസ് അറസ്റ്റ് ചെയ്യാത്തതിലാണ് ബാര്‍ അസോസിയേഷന്‍ ദുരൂഹത ആരോപിക്കുന്നത്. പ്രശ്നം ഒത്തുതീർക്കാൻ കോട്ടയം ക്രൈം ബ്രാഞ്ചിലെ സി ഐ റാങ്കിലുളള ഉദ്യോഗസ്ഥന്‍ പരാതിക്കാരനായ ബാര്‍ അസോസിയേഷന്‍ ഭാരവാഹിയെ വിളിച്ചുവെന്നും ആരോപണമുണ്ട്.
വ്യാജ സര്‍ട്ടിഫിക്കറ്റുമായി ഏഴു മാസത്തോളം ഇയാൾ കോട്ടയത്ത് പ്രാക്ടീസ് ചെയ്തു. ഈ കാലയളവിൽ അഭിഭാഷക കമ്മീഷന്‍ എന്ന നിലയില്‍ മൂന്നു കേസുകളില്‍ കോടതിയില്‍ നിന്ന് പ്രതിഫലവും വാങ്ങിയിട്ടുണ്ട് അഫ്സൽ. കോടതിയെ തന്നെ പറ്റിച്ച തട്ടിപ്പുകാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്യാത്തത്. ഇതിന് കാരണം എന്താണെന്ന ചോദ്യത്തോട് വ്യക്തമായി പ്രതികരിക്കാന്‍ പോലും പൊലീസ് തയാറല്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam