മെഡി. കോളേജിൽ കുട്ടിയെ തട്ടിയെടുത്ത കേസ്: ഒരാൾ കൂടി പിടിയിൽ; നീതു ഹോട്ടലിൽ മുറിയെടുത്തത് ചികിത്സക്കെന്ന പേരിൽ

By Web TeamFirst Published Jan 6, 2022, 11:25 PM IST
Highlights

ഇന്ന് നവജാതശിശുവുമായി എത്തിയപ്പോൾ സംശയം തോന്നിയെന്നും ഡ്രൈവർ അലക്സും സംശയം പറഞ്ഞപ്പോൾ പൊലീസിനെ അറിയിക്കുകയായിരുന്നുവെന്നും ഹോട്ടൽ മാനേജർ 

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ നവജാത ശിശുവിനെ തട്ടികൊണ്ടുപോകാൻ ശ്രമിച്ച കേസിലെ പ്രതി നീതുവിനെ സഹായിച്ച ആൾ പിടിയിൽ. കളമശേരി സ്വദേശി ഇബ്രാഹിം ബാദുഷയാണ് പിടിയിലായത്. നീതുവിനെ സഹായിച്ചത് കളമശ്ശേരി സ്വദേശിയായ ഇബ്രാഹിം ബാദുഷയാണെന്ന് പൊലീസ് അറിയിച്ചു. ഇയാളെ കോട്ടയത്തേക്ക് കൊണ്ടുവരികയാണ്. നീതുവിനെ ചോദ്യം ചെയ്ത പൊലീസ് സംഘം ഇബ്രാഹിം ബാദുഷയെയും ചോദ്യം ചെയ്യും. നീതു പൊലീസിനോട് പറഞ്ഞ കാര്യങ്ങളിൽ വ്യക്തത തേടാനാണ് പൊലീസ് നീക്കം. തിരുവല്ല കുറ്റൂർ സ്വദേശി സുധീഷിന്റെ ഭാര്യയാണ് നീതു. മകനൊപ്പം ഏറെ നാളായി ഇവർ എറണാകുളത്താണ് ഇവർ താമസിക്കുന്നത്. ഭർത്താവ് സുധീഷ് വിദേശത്ത് ഓയിൽ റിഗിലെ ജോലിക്കാരനാണ്.

ജനുവരി നാലിനാണ് നീതു കോട്ടയം മെഡിക്കൽ കോളേജിനടുത്തെ ഹോട്ടലിൽ മുറിയെടുത്തെന്ന് ഹോട്ടൽ മാനേജർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 'ഒരു കുട്ടിക്ക് ഒപ്പമാണ് നീതുവെത്തിയത്. കൃത്യമായ മേൽവിലാസവും തിരിച്ചറിയൽ രേഖയും നൽകിയതിനാൽ റൂം നൽകി. മെഡിക്കൽ കോളേജിൽ ചെക്കപ്പിനാണെത്തിയതെന്നാണ് ഹോട്ടലിൽ പറഞ്ഞിരുന്നത്'. ഇന്ന് നവജാതശിശുവുമായി എത്തിയപ്പോൾ സംശയം തോന്നിയെന്നും ഡ്രൈവർ അലക്സും സംശയം പറഞ്ഞപ്പോൾ പൊലീസിനെ അറിയിക്കുകയായിരുന്നുവെന്നും ഹോട്ടൽ മാനേജർ സാബു വിശദീകരിച്ചു. 

കോട്ടയം മെഡി. കോളേജിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി, തിരച്ചിലിനൊടുവിൽ കണ്ടെത്തി, ഒരാൾ കസ്റ്റഡിയിൽ

ടാക്സി ഡ്രൈവറുടെ ഇടപെടലാണ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും തട്ടികൊണ്ടുപോയ നവജാതശിശുവിനെ തിരിച്ചു കിട്ടിയതിൽ നിർണായകമായത് . തട്ടിയെടുത്ത കുഞ്ഞുമായി ന​ഗരത്തിലെ ഹോട്ടലിൽ എത്തിയ യുവതി ഇവിടെ നിന്നും ടാക്സി വിളിച്ച് കൊച്ചിയിലേക്ക് കടക്കാനാണ് ലക്ഷ്യമിട്ടത്. കുഞ്ഞുമായി ഹോട്ടലിൽ എത്തിയ യുവതി റിസപ്ഷനിലേക്ക് വിളിച്ച് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് പോകാൻ ഒരു ടാക്സി വേണമെന്ന് ആവശ്യപ്പെട്ടു. ഇതേ തുട‍ർന്ന് ഹോട്ടൽ ജീവനക്കാർ സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നും അലക്സ് എന്നയാളുടെ ടാക്സി വിളിച്ചു വരുത്തി. അമൃതയിലേക്കാണ് യാത്രയെന്നും ഒരുനവജാത ശിശുവിനെ കൊണ്ടു പോകാനാണെന്നും ഹോട്ടൽ ജീവനക്കാർ പറഞ്ഞതോടെ കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും ഒരു നവജാത ശിശുവിനെ കാണാതായിട്ടുണ്ടെന്ന വിവരം അലക്സ് ഇവരെ അറിയിച്ചു. തുട‍ർന്ന് അലക്സ് ഹോട്ടൽ മാനേജറേയും മാനേജർ പൊലീസിനേയും വിവരം അറിയിക്കുകയായിരുന്നു. 

മെഡി. കോളേജിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ നീതു കസ്റ്റഡിയിൽ, ഒപ്പം മറ്റൊരു ആൺകുട്ടിയും

ഇന്ന് മൂന്നരയോടെയാണ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് നവജാത ശിശുവിനെ കടത്തിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. ഇടുക്കി മുണ്ടക്കയം സ്വദേശിനിയുടെ മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ജീവനക്കാരിയുടെ വേഷം ധരിച്ചെത്തിയ നീതു മെഡിക്കൽ കോളേജിൽ നിന്നും കടത്തികൊണ്ടുപോയത്. നഴ്സിന്റെ വേഷത്തിലെത്തിയ നീതു ചികിത്സക്ക് എന്ന പേരിലാണ് കുഞ്ഞിനെ അമ്മയിൽ നിന്നും വാങ്ങിയത്. കുഞ്ഞിനൊപ്പം അമ്മയെ വിളിക്കാതിരുന്നതിൽ സംശയം തോന്നിയ രക്ഷിതാക്കൾ അൽപ്പ സമയത്തിനുള്ളിൽ ആശുപത്രി അധികൃതരെ ബന്ധപ്പെട്ടു. എന്നാൽ കുഞ്ഞിനെ തങ്ങൾ വാങ്ങിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് പരിഭ്രാന്തരായ ഇവർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് നടത്തിയ തിരച്ചിലിനൊടുവിൽ കുട്ടിയെ ആശുപത്രിക്ക് പുറത്തുള്ള ഹോട്ടലിന് അടുത്ത് നിന്നും കണ്ടെത്തി. കുഞ്ഞിനെ അമ്മക്ക് കൈമാറി. 

ആശുപത്രികളുടെ സുരക്ഷ വര്‍ധിപ്പിക്കണം; മന്ത്രി വീണാ ജോര്‍ജ് 

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ആശുപത്രി ജീവനക്കാരെല്ലാവരും തന്നെ നിര്‍ബന്ധമായും ഐഡി കാര്‍ഡുകള്‍ ധരിക്കണം. മെഡിക്കല്‍ കോളേജുകളില്‍ നിലവിലുള്ള സുരക്ഷാ സംവിധാനങ്ങളുടെ പരിശോധന നടത്തണം. ആവശ്യമായ സ്ഥലങ്ങളില്‍ സിസിടിവി ക്യാമറകള്‍ വച്ച് സുരക്ഷാ സംവിധാനം ശക്തമാക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. നവജാത ശിശുവിന്റെ അമ്മയെ മന്ത്രി വിളിച്ച് കാര്യങ്ങള്‍ നേരിട്ടറിഞ്ഞു. പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് കുട്ടിയെ രക്ഷിതാക്കള്‍ക്ക് സുരക്ഷിതമായി തിരിച്ചുകിട്ടിയത്.

അലക്സിന് നന്ദി: നവജാത ശിശുവിനെ കണ്ടെത്താൻ തുണയായത് ടാക്സി ഡ്രൈവറുടെ ജാഗ്രത

 

click me!