കൊവിഡ് 19: കുരിശിലും ബലിപീഠത്തിലും ചുംബിക്കുന്നത് ഒഴിവാക്കണം: ഓര്‍ത്തഡോക്സ് സഭ

By Web TeamFirst Published Mar 10, 2020, 9:08 PM IST
Highlights

വണങ്ങുന്ന രീതി സ്വീകരിക്കണം. ദേവാലയങ്ങളില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, പാത്രങ്ങള്‍, വിശുദ്ധ വസ്‍തുക്കള്‍ എന്നിവ രോഗാണുവിമുക്തമാക്കുവാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണം

കോട്ടയം: കൊവിഡ് 19  തടയുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഓര്‍ത്തഡോക്സ് സഭ പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഓര്‍ത്തഡോക്സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവാ ഇക്കാര്യം പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.  മലങ്കരസഭയുടെ പള്ളികളിലും പൊതുസ്ഥലങ്ങളിലുമുള്ള സമ്മേളനങ്ങള്‍, പ്രാര്‍ത്ഥനായോഗങ്ങള്‍ സണ്‍ഡേ സ്‌കൂള്‍ ക്ലാസ്സുകള്‍ എന്നിവ ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശനി, ഞായര്‍  ദിവസങ്ങളില്‍ കുര്‍ബ്ബാന ഉണ്ടാകും.

കുരിശിലും ബലിപീഠത്തിലും ചുംബിക്കുന്നതും ഒഴിവാക്കി, വണങ്ങുന്ന രീതി സ്വീകരിക്കണം. ദേവാലയങ്ങളില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, പാത്രങ്ങള്‍, വിശുദ്ധ വസ്‍തുക്കള്‍ എന്നിവ രോഗാണുവിമുക്തമാക്കുവാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണം. ശവസംസ്കാരത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കണം. ആരാധനയ്ക്കായി വരുന്നവര്‍ ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുവരുന്നതും വിതരണം ചെയ്യുന്നതും ഒഴിവാക്കണമെന്നും കാതോലിക്കാ ബാവാ നിര്‍ദ്ദേശിച്ചു

പ്രസ്താവന പൂര്‍ണരൂപത്തില്‍

കൊറോണ വൈറസ് (കോവിഡ് 19) രോഗവ്യാപനം തടയുന്നതിനുള്ള ശ്രമങ്ങള്‍ക്ക് പരിപൂര്‍ണ്ണ പിന്തുണ. വൈറസ് ബാധ മൂലമുണ്ടാകാവുന്ന അപകടങ്ങള്‍ പ്രവചനാതീതമാണ് എന്നതിനാല്‍ ലോകം ഇപ്പോള്‍ വലിയൊരു പ്രതിസന്ധി ഘട്ടത്തിലാണ്. ആരോഗ്യസംരക്ഷണത്തിനും രോഗവ്യാപനം ഇല്ലാതാക്കുവാനുമായി അടിയന്തിരവും കാര്യക്ഷമമവുമായ നടപടികള്‍ കൈക്കൊള്ളേണ്ടത് അത്യന്താപേക്ഷിതമാണ്. പൊതുസമൂഹം മുഴുവനും ഈ മഹാമാരിയെ പ്രതിരോധിക്കുവാന്‍ നടത്തുന്ന ശ്രമങ്ങളോട് മലങ്കര ഓര്‍ത്തഡോക്‌സ് സഭ സര്‍വ്വാത്മനാ സഹകരിക്കും. അതതു രാജ്യങ്ങളിലെ ആരോഗ്യവിഭാഗവും അധികാരികളും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുവാന്‍ സഭാംഗങ്ങള്‍ ഏവരും ശ്രദ്ധിക്കേണ്ടതാണ്. കേരള സംസ്ഥാനത്ത് ഉള്ള രോഗവ്യാപനം കണക്കിലെടുത്ത് സംസ്ഥാനസര്‍ക്കാരിന്റെ ആരോഗ്യവിഭാഗം നല്‍കുന്ന മുന്നറിയിപ്പുകള്‍ ഗൗരവപൂര്‍വ്വം ശ്രദ്ധിക്കുകയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുവാന്‍ പൊതുസമൂഹവും സഭാംഗങ്ങളേവരും സത്വര നടപടി സ്വീകരിക്കണം. ആരാധനയ്ക്കായുള്ള കൂടിവരവുകള്‍  രോഗവ്യാപനത്തിന് സാധ്യത വര്‍ദ്ധിപ്പിക്കുന്നു എന്നതിനാല്‍ ശനി ഞായര്‍ ദിവസങ്ങളിലെ വി. കുര്‍ബ്ബാന ഒഴികെ മലങ്കരസഭയുടെ പള്ളികളിലും പൊതുസ്ഥലങ്ങളിലുമുള്ള സമ്മേളനങ്ങള്‍ പ്രാര്‍ത്ഥനായോഗങ്ങള്‍ സണ്‍ഡേസ്‌കൂള്‍ ക്ലാസ്സുകള്‍ എന്നിവ ഇക്കാലയളവില്‍ ഒഴിവാക്കണം. സഭയുടെ കീഴിലുളള സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും ആതുരാലയങ്ങളും അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി നടപ്പാക്കണം. ശവസംസ്‌കാരത്തില്‍ പങ്കെടുക്കുന്നവരുടെ സംഖ്യ പരമാവധി കുറയ്ക്കുവാന്‍ ശ്രദ്ധിക്കണം. സര്‍ക്കാരിന്റെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തില്‍ നടത്തപ്പെടുന്ന രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഭയുടെ ആത്മീയ സംഘടനകളും പ്രസ്ഥാനങ്ങളും ആത്മാര്‍ത്ഥമായി സഹകരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.  

രോഗലക്ഷണങ്ങള്‍ ഉള്ളവരും ആരോഗ്യപരിപാലകര്‍ നിരീക്ഷണത്തില്‍ നിര്‍ത്തിയിരിക്കുന്നവരും ആരാധനയ്ക്കായി ദേവാലയത്തില്‍ എത്തിച്ചേരുന്ന സാഹചര്യം ഒഴിവാക്കി ഭവനങ്ങളില്‍ പ്രാര്‍ത്ഥന നടത്തുവാന്‍ ശ്രദ്ധിക്കണമെന്നും കരസ്പര്‍ശനത്തിലൂടെ സമാധാനം കൊടുക്കുന്നതും കുരിശിലും ബലിപീഠത്തിലും ചുംബിക്കുന്നതും  ഇക്കാലയളവില്‍ ഒഴിവാക്കി അതിനുപകരം തലവണങ്ങുന്ന രീതി സ്വീകരിക്കണമെന്നും വി.കുര്‍ബ്ബാനാനുഭവം സംബന്ധിച്ച് ഇക്കാലയാളവിനാവശ്യമായ നിയന്ത്രണങ്ങള്‍ വിശ്വാസികള്‍ സ്വയം കൈക്കൊള്ളുകയും ഇതുമായി ബന്ധപ്പെട്ട് വൈദികര്‍ നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ചെയ്യേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ദേവാലയങ്ങളില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, പാത്രങ്ങള്‍, വിശുദ്ധവസ്തുക്കള്‍ എന്നിവ രോഗാണുവിമുക്തമാക്കുവാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും ആരാധനയ്ക്കായി കൂടിവരുന്നതിനോടനുബന്ധിച്ച് ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുവരുന്നതും വിതരണം ചെയ്യുന്നതും ഒഴിവാക്കണമെന്നും കാതോലിക്കാ ബാവാ നിര്‍ദ്ദേശിച്ചു.

കൊവിഡ് -19. പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!