
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പുതിയ ജനറൽ സെക്രട്ടറിയായി കൊയ്യോട് ഉമർ മുസ്‌ലിയാരെ തിരഞ്ഞെടുത്തു. വിഭാഗീയത രൂക്ഷമായ സമയത്താണ് കണ്ണൂർ സ്വദേശി സമസ്തയുടെ അമരത്തെത്തുന്നത്. പൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാരുടെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവിലാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കൊയ്യോട് ഉമർ മുസ്ലിയാർ എത്തുന്നത്. താൽക്കാലിക ചുമതല വഹിച്ചിരുന്ന എം ടി അബ്ദുല്ല മുസ്‌ലിയാരെ സ്ഥിരപ്പെടുത്തണമെന്നും, ഉമർ ഫൈസി മുക്കത്തെ പരിഗണിക്കണമെന്നും ആവശ്യം ഉയർന്നു. ഇതോടെ ഇരു വിഭാഗത്തിനും സ്വീകാര്യനായ കൊയ്യോടിനെ പരിഗണിക്കുകയായിരുന്നു. എം ടി അബ്ദുല്ല മുസ്‌ലിയാരാണ് പുതിയ ട്രഷറർ. വൈസ് പ്രസിഡന്റുമാരായി എ വി അബ്ദുറഹ്‌മാൻ മുസ്‌ലിയാർ, വി മൂസക്കോയ മുസ്‌ലിയാർ എന്നിവരേയും ജോയിന്‍റ് സെക്രട്ടറിയായി ഹൈദർ ഫൈസി പനങ്ങാങ്ങരയേയും തിരഞ്ഞെടുത്തു.
അതേസമയം ഉമർ ഫൈസി മുക്കമടക്കമുള്ള നേതാക്കൾക്കെതിരായ പരാതിയിൽ മുശാവറ ഇന്നും തീരുമാനം എടുത്തില്ല. ഈ പരാതികൾ പരിഗണിക്കുന്നതിനായി 8 അംഗ ഉന്നത സമിതിക്ക് രൂപം നൽകി. വഖഫ് ബോർഡിൽ ആർ എസ് എസ് അംഗങ്ങളെ ഉൾപ്പെടുത്താൻ യു ഡി എഫ് സർക്കാർ ശ്രമിക്കുന്നുവെന്ന സി പി എം വേദിയിലെ പ്രസംഗത്തിലാണ് ഉമർ ഫൈസിക്കതിരായ നീക്കം സമസ്തയിൽ ശക്തമായത്. സമസ്ത നേതൃത്വത്തിനെതിരെ പ്രവർത്തിച്ചുവെന്നാരോപിച്ച് ലീഗ് അനുകൂലികൾക്കെതിരെയും പരാതിയുണ്ട്. ഇവയെല്ലാം ഇനി ഉന്നത സമിതി പരിഗണിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam