സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള സപ്ലിമെൻ്ററി അലോട്ട്മെൻ്റിലേക്ക് ഇന്നുമുതൽ അപേക്ഷിക്കാം. ജൂലൈ 13 രാവിലെ 10 മണിമുതൽ ജൂലൈ 15 വൈകിട്ട് അഞ്ചുമണിവരെ അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള സപ്ലിമെൻ്ററി അലോട്ട്മെൻ്റിലേക്ക് പരിഗണിക്കുന്നതിനായി ഇന്നുമുതൽ അപേക്ഷ സമർപ്പിക്കാം. മുഖ്യ അലോട്ട്മെൻ്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷിക്കാൻ കഴിയാതിരുന്നവർക്കും അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ട്. രാവിലെ 10 മണിമുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ജൂലൈ 15 വൈകിട്ട് അഞ്ചുമണിവരെ അപേക്ഷ സമർപ്പിക്കാം. സപ്ലിമെൻ്ററി അലോട്ട്മെന്റിനായുള്ള ഒഴിവുകളും മറ്റു വിവരങ്ങളും രാവിലെ ഒൻപതുമണിക്ക് അഡ്മിഷൻ വെബ്സൈറ്റായ https://hscap.kerala.gov.in ൽ പ്രസിദ്ധീകരിക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യർത്ഥികൾക്കും മുഖ്യഘട്ടത്തിൽ അലോട്ട്മെൻ്റ് ലഭിച്ചു പ്രവേശനത്തിന് ഹാജരാകാത്തവർക്കും (നോൺ ജോയിനിങ് ആയവർ) പ്രവേശനം റദ്ദാക്കിയവർക്കും ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് (റ്റി.സി) വാങ്ങിയവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കാൻ സാധിക്കില്ല.

തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്മെൻ്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്ക് സപ്ലിമെൻ്ററി അലോട്ട്മെൻറിൽ പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്. അപേക്ഷകളിലെ പിഴവുകൾ അപേക്ഷ പുതുക്കുന്ന അവസരത്തിൽ തിരുത്തൽ വരുത്താൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

സപ്ലിമെൻ്ററി അലോട്ട്മെൻ്റ്: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • മുഖ്യ അലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെൻ്റ് ലഭിക്കാത്തവർ സപ്ലിമെൻ്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിനായി കാൻഡിഡേറ്റ് ലോഗിനിലെ "RENEW APPLICATION" എന്ന ലിങ്കിലൂടെ പ്രസിദ്ധപ്പെടുത്തുന്ന ഒഴിവിനനുസൃതമായി പുതിയ ഓപ്ഷനുകളും നൽകി അപേക്ഷ അന്തിമമായി സമർപ്പിക്കണം.
  • ഇതുവരെയും അപേക്ഷ നൽകാൻ കഴിയാത്തവർ വെബ്സൈറ്റിലെ പ്രവേശനത്തിന്റെ തുടർ പ്രവർത്തനങ്ങൾക്കായി കാൻഡിഡേറ്റ് ലോഗിൻ "Create Candidate Login-SWS" എന്ന ലിങ്കിലൂടെ രൂപീകരിക്കണം. തുടർന്ന് കാൻഡിഡേറ്റ് ലോഗിനിലെ "APPLY ONLINE" എന്ന ലിങ്കിലൂടെ പ്രസിദ്ധപ്പെടുത്തുന്ന ഒഴിവിനനുസൃതമായി അപേക്ഷ അന്തിമമായി സമർപ്പിക്കണം.
  • തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്മെന്റ് ലഭിച്ചിട്ടും നിരാകരിക്കപ്പെട്ടവർ സപ്ലിമെൻ്ററി അലോട്ട്മെൻ്റിന് പ്രവേശനം പരിഗണിക്കുന്നതിനായി കാൻഡിഡേറ്റ് ലോഗിനിലെ "RENEW APPLICATION" എന്ന ലിങ്കിലൂടെ അപേക്ഷയിലെ പിഴവുകൾ തിരുത്തി പ്രസിദ്ധപ്പെടുത്തുന്ന ഒഴിവിനനുസൃതമായി പുതിയ ഓപ്ഷനുകളും നൽകി അപേക്ഷ അന്തിമമായി സമർപ്പിക്കണം.
  • സപ്ലിമെൻ്ററി അലോട്ട്മെന്റിനായുള്ള ഒഴിവുകൾ ജൂലൈ 13 രാവിലെ ഒൻപതുമണിക്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഈ ഒഴിവിനനുസൃതമായാണ് പുതിയ ഓപ്ഷനുകൾ നൽകേണ്ടത്. സപ്ലിമെൻ്ററി അലോട്ട്മെൻറിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുള്ള സ്കൂ‌ൾ/ കോമ്പിനേഷനുകൾ മാത്രമേ ഓപ്ഷനുകളായി തിരഞ്ഞെടുക്കുവാൻ കഴിയുകയുള്ളു.

മോഡൽ റസിഡെൻഷ്യൽ സപ്ലിമെൻ്ററി അലോട്ട്മെൻ്റ്

മെറിറ്റ് ക്വാട്ടയുടെ സപ്ലിമെൻ്ററി അലോട്ട്മെൻ്റിനോടൊപ്പം മോഡൽ റസിഡെൻഷ്യൽ സ്‌കൂളുകളിലേയ്ക്കുള്ള സപ്ലിമെൻ്ററി അലോട്ട്മെൻ്റിനുള്ള അപേക്ഷയും ക്ഷണിക്കും.