സ്വന്തം വകുപ്പിലെ ജീവനക്കാരെയാണ് ഡിവൈഎഫ്ഐക്കാർ ക്രൂരമായി ആക്രമിച്ചത്. 

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സുരക്ഷ ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ, ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കോൺഗ്രസ്. ഗുരുതര വിഷയത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിക്കാത്തതിനെ കോൺഗ്രസ് വിമർശിച്ചു. സ്വന്തം വകുപ്പിലെ ജീവനക്കാരെയാണ് ഡിവൈഎഫ്ഐക്കാർ ക്രൂരമായി ആക്രമിച്ചത്. വിഷയത്തിൽ മന്ത്രിയുടെ നിലപാട് എന്താണെന്ന് അറിയിക്കണം. പരിക്കേറ്റ ചികിത്സയിലുള്ള സുരക്ഷാ ജീവനക്കാരന്റെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കണം. പൊലീസ് നോക്കുകുത്തിയാകുന്ന സ്ഥിതിയാണ്. വീണ്ടും ആക്രമിക്കപ്പെടുമോ എന്ന ഭയത്തിൽ, പരിക്കേറ്റ സുരക്ഷാ ജീവനക്കാരൻ ദിനേശൻ സ്വകാര്യ ആശുപത്രിയിലാണ് ഇപ്പോൾ ചികിത്സ തേടിയിരിക്കുന്നതെന്നും കോൺഗ്രസ് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ പറഞ്ഞു. 

അതേ സമയം, സുരക്ഷാ ജീവനക്കാരെ മർദിച്ച കേസിൽ പ്രതികളായ ഡിവൈഎഫ്ഐ പ്രവർത്തകർ മുൻകൂർ ജാമ്യം തേടി കോടതിയിൽ. ഒന്നാം പ്രതി കെ അരുൺ ഉൾപ്പടെ നാല് പേരാണ് മുൻകൂർ ജാമ്യപേക്ഷ നൽകിയത്. കെ അരുൺ, രാജേഷ് കെ, ആഷിൻ എംകെ, മുഹമ്മദ്‌ ഷബീർ എന്നിവർ കോഴിക്കോട് ജില്ലാ കോടതിയിലാണ് അപേക്ഷ നൽകിയത്. തിങ്കളാഴ്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും. മുൻകൂർ ജാമ്യത്തിനായി അറസ്റ്റ് വൈകിപ്പിക്കുന്നതായി വ്യാപക ആരോപണം ഉയർന്നിരുന്നു. 

ആശുപത്രിയിലെ സുരക്ഷ ജീവനക്കാർക്ക് നേരെയുള്ള ആക്രമണത്തിൽ പരാതി ഉയർന്നിട്ടും കേസെടുക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. വിവാദമായതോടെ, ആശുപത്രി സംരക്ഷണ നിയമം, അന്യായമായി സംഘം ചേരൽ, ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തൽ, മർദനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഇതിൽ ആശുപത്രി സംരക്ഷണ നിയമം അനുസരിച്ചുള്ള കേസ് ജാമ്യമില്ലാത്തതാണ്. കേസിലെ ഒന്നാം പ്രതി ഡി വൈ എഫ് ഐ ജില്ലാ ജോയിന്‍റ് സെക്രട്ടറിയാണ്. കഴിഞ്ഞ ദിവസമാണ്, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ പതിനഞ്ചംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. മൂന്ന് സുരക്ഷാ ജീവനക്കാര്‍ക്കാണ് മർദ്ദനമേറ്റത്. ഇവ‍ർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. 

മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനെ കാണാനെത്തിയ ദമ്പതിമാരെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇവര്‍ മടങ്ങി പോയതിനു പിന്നാലെ സ്ഥലത്തെത്തിയ സംഘം സുരക്ഷാ ജീവനക്കാരെ അക്രമിക്കുകയായിരുന്നു. രോഗികളെ സന്ദര്‍ശിക്കാന്‍ എത്തിയവര്‍ക്കും മര്‍ദനമേറ്റു. മര്‍ദ്ദനത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകന്‍ ഷംസുദ്ദീനെയും സംഘം അക്രമിച്ചു. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആശുപത്രി ജീവനക്കാര്‍ പ്രതിഷേധ പ്രകടനം നടത്തി. സൂപ്രണ്ടിനെ കാണാനെത്തിയ വനിതയോട് സുരക്ഷാ ജീവനക്കാര്‍ മോശമായി പെരുമാറിയെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ സുരക്ഷാ ജീവനക്കാര്‍ക്കെതിരെയും പൊലീസ് കേസെടുത്തു.