
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലുണ്ടായ തീപിടുത്തത്തിൽ സാങ്കേതിക അന്വേഷണം തുടങ്ങിയെന്ന് മന്ത്രി വീണ ജോർജ്ജ്. സംഭവം ഇലക്ട്രിക്കൽ ഇൻസ്പെക്ട്രെഡ് അന്വേഷിക്കുന്നുവെന്നും പിഡബ്ല്യുഡി ഇക്ട്രിക്കൽ വിഭാഗം പ്രാഥമിക റിപ്പോർട്ട് നൽകിയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് ഫോറെൻസിക് പരിശോധനയും നടക്കുന്നുണ്ട്. ഇന്നലെ രാത്രി 8 മണിയോടെയാണ് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിനടുത്ത് പുക ഉയർന്നത്.
ഷോർട്ട് സർക്യൂട് മൂലമോ ബാറ്ററിക്ക് ഉള്ളിലെ എന്തേലും പ്രശ്നമോ ആണ് ഉള്ളടക്കം. 2026 ഒക്ടോബർ വരെ വാറന്റി ഉള്ള എംആർഐ യുപിഎസ് (MRI ups) യൂണിറ്റ് ആണ് അപകടത്തിൽ ആയത്. 6 മാസം മുമ്പ് വരെ മൈന്റനൻസ് നടത്തിയത് ആണ്. എന്താണ് സംഭവിച്ചതെന്നു കണ്ടെത്തണം. അപകടം ഉണ്ടാകുമ്പോൾ 151 രോഗികൾ ഉണ്ടായിരുന്നു. 114 പേർ ഇപ്പോഴും എംസിഎച്ചി (MCH) ൽ ഉണ്ട്. 37 പേരാണ് മറ്റു ആശുപത്രികളിൽ ഉള്ളതെന്നും മന്ത്രി പറഞ്ഞു.
മരണം സംബന്ധിച്ച് പ്രത്യേക അന്വേഷണം നടത്തും. വിദഗ്ധ ടീം തന്നെ അന്വേഷിക്കും. പോസ്റ്റ്മോർട്ടം വഴി തന്നെ കാരണം വ്യക്തമാകും. മറ്റു മെഡിക്കൽ കോളേജിലെ മെഡിക്കൽ ടീം ആയിരിക്കും അന്വേഷിക്കുക. അപകടം ഉണ്ടായ ബ്ലോക്ക് പഴയ പടിയാകാൻ സമയം എടുക്കും. വയറിങ് ഉൾപ്പെടെ പരിശോധിച്ചുവരികയാണ്. 3 ദിവസം എങ്കിലും കഴിഞ്ഞേ ബ്ലോക്ക് സാധാരണ നിലയിൽ ആക്കാനാകൂ. പരമാവധി വേഗത്തിൽ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
സ്വകാര്യ ആശുപത്രിയിൽ പോയവരുടെ ചികിത്സാ ചിലവിൻ്റെ കാര്യത്തിൽ മന്ത്രി വ്യക്തമായ മറുപടി നൽകിയില്ല. ഡോക്ടർമാർ ചികിത്സ കാര്യങ്ങൾ പരിശോധിക്കുകയാണ്. ആർക്കും ചികിത്സ നിഷേധിക്കപ്പെടില്ല. ബില്ലിന്റെ കാര്യം ഡോക്ടർമാർ പരിശോധിച്ചിട്ട് നോക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സാദിഖലി തങ്ങളെ ക്ഷണിച്ചില്ല; വഖഫ് സംരക്ഷണ റാലിയിൽ സമസ്തയിലെ ഒരു വിഭാഗം പങ്കെടുക്കില്ല
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം