
കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂരിലെ പെയിന്‍റ് ഗോഡൗണിലെ തീപിടിത്തത്തിൽ പൊലീസ് കേസെടുത്തു. സ്ഥാപനം പ്രവര്‍ത്തിച്ചത് ലൈസൻസില്ലാതെയാണ് എന്നാണ് സൂചന. മതിയായ അനുമതിയില്ലാതെ പ്രവർത്തിച്ചതിനും അപകടകരമായ രസവസ്തുക്കൾ സൂക്ഷിച്ചതിനും കേസെടുക്കും എന്നാണ് വിവരം. അതേസമയം, തീ പിടുത്തത്തിൽ ഫോറെൻസിക് വിദഗ്ദർ ഇന്ന് വിശദമായ പരിശോധന നടത്തും. സ്ഥാപനത്തിന് ആവശ്യമായ ഫയർ സേഫ്റ്റി സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ജനവാസ മേഖലകളിൽ ഇത്തരം സ്ഥാപനങ്ങൾക്ക് ലൈസൻസ് കൊടുക്കുക പതിവില്ലെന്നും പൊലീസ് പറയുന്നു. സ്ഥാപനം ക്രമപ്രകാരമാണോ പ്രവർത്തിക്കുന്നത് എന്ന് ഉറപ്പ് വരുത്താൻ കോർപറേഷനിൽ നിന്നും ഗോഡൗണിന്‍റെ പ്രവർത്തന രേഖകൾ പൊലീസ് ശേഖരിക്കും. ഗോഡൗണിനെതിരെ നാട്ടുകാർ നേരത്തെ പരാതി ഉന്നയിച്ചിരുന്നു.
ഇന്നലെയാണ് വൈകീട്ട് അഞ്ച് മണിയോടെയാണ് കോഴിക്കോട് ചെറുവണ്ണൂരിൽ പ്രവര്‍ത്തിക്കുന്ന പെയിന്‍റ് ഗോഡൗണിൽ വന്‍ വൻതീപ്പിടുത്തം ഉണ്ടായത്. ടര്‍പന്‍റൈന്‍, റ്റിന്നർ ഉൾപ്പടെ പെയിന്‍റ് അസംസ്‌കൃത വസ്തുക്കളാണ് ഗോഡൗണിൽ സൂക്ഷിച്ചിരുന്നത്. ഒൻപത് യൂണിറ്റ് ഫയർഫോഴ്സും കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള അഗ്നി രക്ഷ സേനയും ചേർന്ന് മൂന്ന് മണിക്കൂറിലേറെ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വൻതീപ്പിടുത്തത്തില്‍ ഗോഡൗണിലെ ഒരു ജീവനക്കാരന് പൊളളലേറ്റിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
സംഭവസമയത്ത് ലോഡുമായെത്തിയ ടാങ്കർ ഗോഡൗണിന് മുന്നിലുണ്ടായിരുന്നു. അനൂപ്, സുഹൈൽ എന്നീ ജീവനക്കാരാണ് ഗോഡൗണിലുണ്ടായിരുന്നത്. പൊളളലേറ്റ സുഹൈലിന്‍റെ നില ഗുരുതരമല്ല. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. അതേസമയം ടാങ്കറിൽ നിന്ന് തീ പർന്നെന്നും വിവരമുണ്ട്. ഇക്കാര്യമുൾപ്പെടെ വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. കോഴിക്കോട്ടെ ബിച്ച്, മീഞ്ചന്ത അഗ്നിരക്ഷാസേന യൂണിറ്റുകൾക്കൊപ്പം കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ഫയർ എൻജിൻ എത്തിച്ചാണ് തീയണച്ചത്. ഇരുനിലക്കെട്ടിടം ഏതാണ്ട് പൂർണമായി കത്തിയമർന്നു. രാസവസ്തുക്കൾക്ക് തീപിടിച്ച് ഇടക്കിടെയുളള പൊട്ടിത്തെറികൾ തീയണക്കൽ ദുഷ്കരമാക്കി.
ജനവാസമേഖലയിൽ ഇത്തരമൊരു സ്ഥാപനം വന്നതിനെതിരെ നാട്ടുകാർ നിരന്തര പരാതി ഉന്നയിച്ചിരുന്നു. തുടർന്ന് ഈമാസം അവസാനം ഗോഡൗൺ മാറ്റാനിരിക്കെയാണ് അപകടം. തീ പിടിക്കാൻ സാധ്യതയുളള രാസവസ്തുക്കൾ സൂക്ഷിക്കുന്ന കേന്ദ്രത്തിന് ജനവാസ മേഖലയിൽ അനുമതി നൽകിയതിൽ ക്രമക്കേടുണ്ടോയെന്നും അന്വേഷിക്കും . അഗ്നിരക്ഷാ സേനക്കൊപ്പം ഫൊറൻസിക് സംഘവും അടുത്ത ദിവസം പരിശോധനകൾക്ക് തുടക്കമിടും.