
കോഴിക്കോട്: പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥനെ സിറിഞ്ചുകൊണ്ട് ആക്രമിച്ച നാല് പേര്‍ അറസ്റ്റില്‍. കോഴിക്കോട് പൂളക്കടവ് സ്വദേശി ബെന്നി ലോയ്ഡ്(48), പരപ്പില്‍ സ്വദേശി രജാദ്(38), രാമനാട്ടുകര സ്വദേശി നന്ദകുമാര്‍ (25), ചാലപ്പുറം കോട്ടപ്പറമ്പ് സ്വദേശി അദ്‌നുല്‍ ഷാഹിം(22) എന്നിവരെയാണ് ടൗണ്‍ പോലീസും, സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നത്. 7:40ഓടെ മാനാഞ്ചിറ സ്‌ക്വയറിനുള്ളില്‍ പണപ്പിരിവ് നടക്കുന്നു എന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പട്രോളിംഗ് സംഘം അവിടേക്ക് എത്തുകയായിരുന്നു. ഈ സമയം ശുചിമുറിക്ക് പിറകിലായി സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട പ്രതികളോട് അവിടെ നിന്നും പോകാന്‍ പോലീസ് ആവശ്യപ്പെട്ടു. തുടര്‍ന്ന് വാക്കുതര്‍ക്കം ഉണ്ടാവുകയം പിന്നാലെ മലപ്പുറം എംഎസ്പി ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസറും വടകര സ്വദേശിയുമായ കെ. ആദര്‍ശിന്റെ വലതു കൈയില്‍ സംഘത്തിണ്ടായിരുന്ന ഒരാള്‍ സിറിഞ്ചുകൊണ്ട് കുത്തുകയുമായിരുന്നു.
തുടര്‍ന്ന് സംഘം ഓടിരക്ഷപ്പെട്ടു. പരിക്കേറ്റ പോലീസുകാരനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് നാല് പേരെയും അറസ്റ്റ് ചെയ്തത്. പ്രതികള്‍ സ്ഥിരം മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്നും പിടിച്ചുപറി, മോഷണം തുടങ്ങി നിരവധി കേസുകളില്‍ പ്രതികളാണെന്നും പോലീസ് പറഞ്ഞു. ബെന്നി ലോയ്ഡിന് മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടയിലും വില്‍പ്പനയ്ക്കിടെ പിടിയിലായതിനും, മോഷണക്കേസിലും, പിടിച്ചുപറി നടത്തിയതിനും മറ്റുമായി 25 ഓളം കേസുകള്‍ നിലവിലുണ്ട്. രജാദിനും, നന്ദകുമാറിനും, അദ്‌നുല്‍ ഷാഹിമിനും മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ പിടിയിലായതിനും, മയക്കുമരുന്ന് വില്‍പ്പനയ്ക്കിടെ പിടിയിലായതിനും, ബൈക്ക് മോഷണം നടത്തിയതിനും, പിടിച്ചുപറി നടത്തിയതിനും, അടിപിടി നടത്തിയതിനും മറ്റുമായി നിരവധി കേസുകള്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam