
കോഴിക്കോട്: കോഴിക്കോട് കോർപറേഷൻ തെരഞ്ഞെടുപ്പില്‍ ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ട സംവിധായകനുമായ വി എം വിനുവിന്റെ വാർഡിലെ കൗൺസിലർ കെ പി രാജേഷ് കുമാർ രാജിവെച്ചു. വിനുവിന്റെ പേര് വോട്ടർ പട്ടികയിൽ ഉണ്ടെന്ന് രാജേഷ് ഡിസിസിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് നേതൃത്വം കുറ്റപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാജേഷിന്റെ രാജി. സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നും രാജേഷിന്റെ രാജിക്കത്തിൽ പറയുന്നു. തെരഞ്ഞെടുപ്പിൽ ചുമതല ഏൽപ്പിച്ച വാർഡുകളിൽ പ്രവർത്തിക്കുമെന്നും രാജേഷ് കുമാർ അറിയിച്ചു.
വോട്ടർ പട്ടികയിൽ പേര് ചേർക്കണമെന്നാവശ്യപ്പെട്ട് വിനു ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളിയതിന് പിന്നാലെ വിനുവിന്‍റെ വീട് ഉള്‍പ്പെടുന്ന മലാപ്പറമ്പ് വാര്‍ഡിലെ കൗണ്‍സിലര്‍ രാജേഷ് സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി അറിയിച്ച് പാര്‍ട്ടി നേതൃത്വത്തിന് കത്ത് നല്‍കുകയായിരുന്നു. മാനസിക, സാമ്പത്തിക കാരണങ്ങളാല്‍ സംഘടനാ പ്രവര്‍ത്തനം തുടരാനാകാത്ത നിലയിലാണെന്നും തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെന്നും കത്തില്‍ പറയുന്നു. ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടത് പ്രകാരമാണ് രാജേഷിന്‍റെ ഈ നടപടിയെന്നും വിവരമുണ്ട്.
കോഴിക്കോട് കോര്‍പറേഷനിലെ യുഡിഎഫിന്‍റെ മേയർ സ്ഥാനാർത്ഥിയായി ഉയര്‍ത്തി കാട്ടിയ വി എം വിനു തന്‍റെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാത്തത് ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹർജി ഹൈക്കോടതി തള്ളി. വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നും പോലും നോക്കാതെയാണോ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന ചോദ്യമുള്‍പ്പെടെ രൂക്ഷ വിമര്‍ശനങ്ങളോടെയാണ് ഹര്‍ജി തള്ളിയത്. കോടതി വിധി മാനിക്കുന്നതായി വിഎം വിനു പറഞ്ഞു.
താന്‍ ഒരു സെലിബ്രിറ്റി ആണെന്നും ഭരിക്കുന്ന രാഷ്ട്രീയ പാർട്ടി മനഃപൂർവം തന്‍റെ പേര് വെട്ടിയെന്നുമായിരുന്നു വിനുവിന്‍റെ വാദം. സെലിബ്രറ്റി ആയത് കൊണ്ട് പ്രത്യേകത ഇല്ലെന്നും രാഷ്ട്രീയകാരും, സാധാരണക്കാരും ഒന്ന് തന്നെയെന്നും പറഞ്ഞ കോടതി പറഞ്ഞു. സെലിബ്രിറ്റീസ് വാർത്തകൾ ഒന്നും അറിയിറില്ലേ എന്നും ചോദിച്ചു. വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നും പോലും നോക്കാതെയാണോ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് ചോദിച്ച കോടതി സ്വന്തം കഴിവ് കേടിന് മറ്റ് പാർട്ടികളെകുറ്റം പറഞ്ഞിട്ട് എന്ത് കാര്യമെന്നും ചോദിച്ചു. തിരുവനന്തപുരം മുട്ടടയിലെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണയുടെ കേസ് വ്യത്യസ്തമെന്ന് കോടതി ഓർമിപ്പിച്ചു. കോടതി വിധി മാനിക്കുന്നുവെന്നും യുഡിഎഫിനൊപ്പം തന്നെ ഉണ്ടാകുമെന്നും വിനു പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam