പുതിയ അംഗങ്ങൾ പങ്കെടുക്കുന്ന കെപിസിസി ജനറൽ ബോഡി യോഗം,ഭാരത് ജോഡോ യാത്രക്ക് ഇന്ന് വിശ്രമം

By Web TeamFirst Published Sep 15, 2022, 5:39 AM IST
Highlights

കെപിസിസി അധ്യക്ഷനെ തെരെഞ്ഞെടുക്കണം എന്ന് എഐസിസിയോട് ആവശ്യപെടുന്ന ഒറ്റ വരി പ്രമേയം കെപിസിസി യോഗം പാസ്സാക്കും. മത്സരം ഇല്ലാതെ കെ സുധാകരൻ അധ്യക്ഷൻ ആയി തുടരും

തിരുവനന്തപുരം : പുതുതായി തെരെഞ്ഞെടുക്കപ്പെട്ട കെപിസിസി അംഗങ്ങൾ പങ്കെടുക്കുന്ന ആദ്യ ജനറൽ ബോഡി യോഗം ഇന്നു ചേരും.282 ബ്ലോക്ക്‌ പ്രതിനിധികളും മുതിർന്ന നേതാക്കളും പാർലിമെന്‍ററി പാർട്ടി പ്രതിനിധികളും അടക്കം 315 അംഗങ്ങൾ ആണുള്ളത്. കെപിസിസി അധ്യക്ഷനെ തെരെഞ്ഞെടുക്കണം എന്ന് എ ഐ സി സിയോട് ആവശ്യപെടുന്ന ഒറ്റ വരി പ്രമേയം യോഗം പാസ്സാക്കും. മത്സരം ഇല്ലാതെ കെ സുധാകരൻ അധ്യക്ഷൻ ആയി തുടരും.അംഗത്വ പട്ടികയിലും അധ്യക്ഷന്‍റെ കാര്യത്തിലും എ ഐ ഗ്രൂപ്പുകളും കെ സി വേണുഗോപാൽ പക്ഷവും തമ്മിൽ സമവായത്തിന് ധാരണയിൽ എത്തിക്കഴിഞ്ഞു. ഗ്രൂപ്പ് നേതാക്കൾ ധാരണ ഉണ്ടാക്കുമ്പോഴും വീതം വെപ്പ് എന്ന പരാതി ചില നേതാക്കൾക്ക് ഉണ്ട്. അതെ സമയം ജോഡോ യാത്ര നടക്കുന്നതിനാൽ തർക്കങ്ങൾ ഒഴിവാക്കണം എന്നാണ് പൊതു ധാരണ.

അതേസമയം ഭാരത് ജോഡോ യാത്രയുടെ വിശ്രമ ദിവസമായ ഇന്ന് ദേശീയ നേതാക്കളുമായി രാഹുൽ ഗാന്ധി ചര്‍ച്ച നടത്തും. യാത്രയുടെ ഇതുവരെയുള്ള പുരോഗതി  വിലയിരുത്തും. സംസ്ഥാന നേതാക്കൾ കെപിസിസി യോഗത്തിന് പോകുന്നതിനാൽ ദേശീയ നേതാക്കൾ മാത്രമാകും കൊല്ലത്തുണ്ടാവുക. ഒപ്പം ചില പൗര പ്രമുഖരേയും രാഹുൽ ഗാന്ധി സന്ദര്‍ശിച്ചേക്കും. ഇന്നലെ കടന്പാട്ടുകോണത്തു വച്ച് കൊല്ലം ജില്ലയിൽ പ്രവേശിച്ച യാത്രക്ക് ആവേശകരമായ വരവേൽപ്പാണ് പ്രവര്‍ത്തകർ നൽകിയത്

ഭാരത് ജോഡോ യാത്ര: ഉത്തര്‍ പ്രദേശിലെ യാത്രാപരിപാടി രണ്ട് ദിവസത്തില്‍ നിന്നും അഞ്ച് ദിവസമാക്കി

ദില്ലി: ബി.ജെ.പി ഭരിക്കുന്ന ഉത്തർപ്രദേശിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര രണ്ട് ദിവസം മാത്രം നീക്കി വച്ച് ചോദ്യം ചെയ്ത് സിപിഐഎം വിമര്‍ശനം വന്നതിന് പിന്നാലെ കോൺഗ്രസ് യുപിയിലെ യാത്രാപരിപാടി പുനഃക്രമീകരിച്ചതായി റിപ്പോര്‍ട്ട്.  ഉത്തര്‍പ്രദേശിലെ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ പരിപാടി അഞ്ച് ദിവസത്തേക്ക് നീട്ടി. ശരിക്കും യാത്ര നേരത്തെ അഞ്ച് ദിവസമാണ് നിശ്ചയിച്ചിരുന്നത് എന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. 

നേരത്തെ സെപ്തംബര്‍ 12ന് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് സിപിഎം ട്വീറ്റ് ചെയ്തിരുന്നു. ബിജെപിയോടും ആർഎസ്എസിനോടും പോരാടുന്നതിനെന്ന പേരിൽ നടത്തുന്ന യാത്രയിൽ 18 ദിവസം രാഹുൽ കേരളത്തിലൂടെയാണ് യാത്ര ചെയ്യുന്നതെന്ന് സിപിഎം വിമര്‍ശിച്ചു. 

ബിജെപി ഭരിക്കുന്ന യുപിയിൽ വെറും രണ്ട് ദിവസം മാത്രമാണ് രാഹുൽ യാത്ര നടത്തുന്നതെന്നും സിപിഎം കുറ്റപ്പെടുത്തി. സിപിഎം ഔദ്യോഗിക ട്വിറ്റ‍ര്‍ അക്കൗണ്ടിൽ രാഹുലിന്‍റെ കാരിക്കേച്ചര്‍ അടക്കമുള്ള പോസ്റ്റര്‍ പങ്കുവെച്ചായിരുന്നു പ്രതികരണം. ബിജെപിയോടും ആർഎസ്എസിനോടും പോരാടുന്നതിനുള്ള വിചിത്ര വഴിയാണ് 'ഭാരത് ജോഡോ യാത്ര'യെന്നും സിപിഎം പരിഹസിച്ചത്.  

എന്നാല്‍ ഇതിന് മറുപടിയുമായി കോണ്‍ഗ്രസ് രംഗത്ത് എത്തിയിരുന്നു. മുണ്ട് മോദി' യുടെ നാട്ടിലെ ബിജെപിയുടെ  എ ടീമാണ് സി പി എം എന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് സിപിഎം വിമര്‍ശനത്തിനെതിരെ തിരിച്ചടിച്ചത്. ഭാരത് ജോഡോ യാത്ര എങ്ങനെ ? എന്തുകൊണ്ട് എന്ന് ഗൃഹപാഠം ചെയ്യണമെന്നും സിപിഎമ്മിന് അദ്ദേഹം  ഉപദേശം നല്‍കിയിരുന്നു.

എന്നാല്‍ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് പ്രകാരം സിപിഎം ഭാരത് ജോഡോ യാത്രയെ  വിമർശിച്ച് രംഗത്ത് എത്തുന്നതിന് മുമ്പ് തന്നെ യുപിയിലെ യാത്രാ ഷെഡ്യൂൾ രണ്ട് ദിവസത്തിൽ നിന്ന് അഞ്ച് ദിവസമാക്കി മാറ്റിയിരുന്നുവെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞത് എന്നാണ് പറയുന്നത്.  റൂട്ടിന്റെ യാത്രപാതയുടെ ദൂരം, കാലവസ്ഥ, സുരക്ഷാ വശങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ് ഓരോ സംസ്ഥാനത്തിന്‍റെയും യാത്ര സമയക്രമം അന്തിമമാക്കിയതെന്ന് ദില്ലിയിലെ കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.

കോണ്‍ഗ്രസിന് സ്വാദീനമുള്ള കർണാടകയിലും രാജസ്ഥാനിലുമായി പരമാവധി 21 ദിവസമാണ് രാഹുലിന്‍റെ യാത്ര ചെലവഴിക്കുക. ഈ രണ്ട് സംസ്ഥാനങ്ങളും അടുത്ത വർഷമാണ് സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കുന്നത്. ഗുജറാത്ത്, ഛത്തീസ്ഗഡ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവയെ യാത്ര പൂർണമായും ഒഴിവാക്കിയത് എന്തുകൊണ്ടാണെന്നും രാഷ്ട്രീയ വിമര്‍ശകര്‍ ചോദ്യം ഉയര്‍ത്തുന്നുണ്ട്. 

അതേ സമയം ഇതേ റിപ്പോര്‍ട്ടില്‍ തന്നെ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്യൂരിയുമായി അടുത്ത ബന്ധമാണ് നെഹ്റു കുടുംബം പുലര്‍ത്തുന്നതെന്നും. യുപിയിലെ യാത്ര നീട്ടണമെന്ന ഇടതുപക്ഷ നേതാവിന്‍റെ അഭിപ്രായത്തിന് രാഹുല്‍  ചെവികൊടുത്തിരിക്കാമെന്ന് രാഹുലിന്‍റെ അടുത്ത വൃത്തത്തെ ഉദ്ധരിച്ച് സൂചനയുണ്ട്. 

 

 

വ്യക്തികളും രാജ്യങ്ങളും ഒന്നാമതാവുകയല്ല,സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കുകയാണ് പ്രധാനം' രാഹുല്‍ഗാന്ധി

click me!