തെരുവ്നായ പ്രതിരോധം: മൃഗസംരക്ഷണ വകുപ്പ് യോഗം ഇന്ന് , വയനാട്,മലപ്പുറം ജില്ലകളിലും യോഗം

By Web TeamFirst Published Sep 15, 2022, 5:28 AM IST
Highlights

വാക്സിൻ സംഭരണം, ജീവനക്കാരുടെ വിന്യാസം, അനുബന്ധ സൗകര്യങ്ങൾ എന്നിവ മന്ത്രിതല യോഗത്തിൽ ചർച്ച ചെയ്യും

തിരുവനന്തപുരം : തെരുവ് നായ പ്രതിരോധത്തിന് മുന്നോടിയായി മൃഗസംരക്ഷണ വകുപ്പ് ഇന്ന് യോഗം ചേരും. വാക്സിൻ സംഭരണം, ജീവനക്കാരുടെ വിന്യാസം, അനുബന്ധ സൗകര്യങ്ങൾ എന്നിവ ചർച്ചയാകും. തദ്ദേശ വകുപ്പും മൃഗസംരക്ഷണ വകുപ്പും ചേർന്നാണ് പേവിഷ പ്രതിരോധം, തെരുവുനായ നിയന്ത്രണം എന്നിവ നടപ്പാക്കേണ്ടത്. മന്ത്രി ചിഞ്ചുറാണിയുടെ അധ്യക്ഷതയിൽ ആണ് യോഗം. 

വയനാട് ജില്ലയിൽ വർധിച്ചു വരുന്ന തെരുവു നായ ശല്യം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ഇന്ന് ജില്ലാ ആസൂത്രണ സമിതി യോഗം ചേരും. എബിസി പദ്ധതി വീണ്ടും ആരംഭിക്കുന്നതിനെക്കുറിച്ചും ഗ്രാമ, ബ്ലോക്ക്, നഗരസഭകളുടെ ഏകോപനവും ചർച്ച ചെയ്യും. പുതിയ എബിസി സെന്ററുകൾ ജില്ലയിൽ തുടങ്ങുന്നത് സംബന്ധിച്ചും ആലോചിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാർ പറഞ്ഞു. ജില്ല കളക്ടർ, ആസൂത്രണ സമിതി അംഗങ്ങൾ, തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാർ, മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും

തെരുവ് നായ ശല്യം പരിഹരിക്കുന്നതിന് പദ്ധതികൾ ആവിഷ്ക്കരിക്കാൻ മലപ്പുറത്തും തദ്ദേശ സ്ഥാപന ജനപ്രതിനിധികളും കലക്ടറും പങ്കെടുക്കുന്ന യോഗം ചേരുന്നുണ്ട് . 15 ബ്ലോക്ക്‌ പഞ്ചായത്തു പ്രസിഡന്റുമാരും മുനിസിപ്പൽ ചെയർമാൻമാരും സെക്രട്ടറിമാരും മൃഗസംരക്ഷണ വകുപ്പ് ഓഫീസറും പങ്കെടുക്കും. പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള കെട്ടിടം, സ്ഥലം തുടങ്ങിയ സൗകര്യങ്ങൾ എവിടെ കണ്ടെത്തും എന്നത് പ്രധാന ചർച്ചയാകും. 

സംസ്ഥാനത്ത് തെരുവ് നായ ആക്രമണം തുടരുന്നു: കൊല്ലത്ത് മാത്രം ഇന്നലെ 51 പേർക്ക് കടിയേറ്റു

സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ തെരുവുനായ ആക്രമണം തുടരുന്നു. കൊല്ലം ജില്ലയിൽ മാത്രം ഇന്നലെ 51 പേർക്കാണ് കടിയേറ്റത്. ഇവരെല്ലാം വിവിധ ആശുപത്രികളിലെത്തി ചികിത്സ തേടി. അതേസമയം അക്രമകാരികളായ നായ്ക്കളെ കൊല്ലാൻ അനുമതി തേടി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയിലെ കേസിൽ കക്ഷി ചേരാൻ തീരുമാനിച്ചു

ഇടുക്കിയിൽ 15 പേർക്ക് കടിയേറ്റു. കോഴിക്കോട് ജില്ലയിൽ നാലു പേരെ പട്ടി കടിച്ചു.  ഇടുക്കിയിൽ നിർമല സിറ്റി സ്വദേശി ലളിതാ സോമന് നായയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റു.  രാവിലെ കടയിൽ പോകുന്നതിനിടെ പിറകെ എത്തിയ നായ മുതികിന് കടിച്ച് വീഴ്ത്തുകയായിരുന്നു.

ജനങ്ങൾക്ക് ഭീഷണിയായി മാറിയ സാഹചര്യത്തിൽ തെരുവുനായ ശല്യത്തിനെതിരെ സുപ്രീം കോടതിയിലുള്ള ഹ‍ർജിയിൽ കണ്ണൂർ ജില്ലാപഞ്ചായത്ത് കക്ഷി ചേരാൻ തീരുമാനിച്ചു.ഇതിന് സർക്കാർ അനുമതി കിട്ടിയതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതികരിച്ചു.

ഇടുക്കിയിലും എറണാകുളത്തുമായി വളർത്തു ആടുകളേയും കോഴികളേയും നായകൾ കടിച്ചു കൊന്നു. എറണാകുളം കോതമംഗലം  വാരപ്പെട്ടിയിൽ മൂന്ന് ആടുകളെ നായകൾ കടിച്ചു കൊന്നു. ഇടുക്കി അടിമാലി വാളറയിൽ കോഴിഫാമിലെ 25 കോഴികളെയും രണ്ടു താറാവുകളേയും നായക്കൂട്ടം കൊന്നു. കൂത്താട്ടുകുളത്ത്  45 കരിങ്കോഴികളെ നായ്ക്കൾ കടിച്ചു കൊന്നു. കണ്ണൂർ കൂത്തുപറമ്പിൽ പശുവിന് പേ വിഷബാധയേറ്റു.  

 

പൗരന്മാരെ സംരക്ഷിക്കാനുള്ള ബാധ്യത സർക്കാറിന്, തെരുവ് നായ്ക്കളെ അടിച്ച്കൊന്ന് നിയമം കൈയിലെടുക്കരുത്: ഹൈക്കോടതി

click me!