
തിരുവനന്തപുരം: ഹനുമാന്‍ സേനയുടെ (Hanuman Sena) കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യ്തെന്ന നിലയിൽ തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത് വ്യാജപ്രചരണമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി (KPCC President K Sudhakaran). ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വം പോലും മറന്നുകൊണ്ട് സൈബര്‍ ഗുണ്ടകളെ ഉപയോഗിച്ച് സിപിഎം നടപ്പാക്കുന്ന ഹീനമായ വ്യാജപ്രചരണമാണിതെന്നും ഇതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി. സംഘപരിവാറിന്‍റെ കേരള പ്രതിനിധിയായി പ്രവര്‍ത്തിക്കുന്ന പിണറായി വിജയന്റെ (Pinarayi Vijayan) സംഘത്തില്‍ നിന്നും ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുധാകരന്‍റെ പ്രസ്താവന
ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വം പോലും മറന്നു സൈബര്‍ ഗുണ്ടകളെ ഉപയോഗിച്ച് സിപിഎം നടപ്പാക്കുന്ന സത്യാനന്തര രാഷ്ട്രീയത്തിന്റെ ഹീനമായ തന്ത്രമാണ് ഹനുമാന്‍ സേനയുടെ കണ്‍വന്‍ഷന്‍ ഞാന്‍ ഉദ്ഘാടനം ചെയ്യുന്നതായി കാണിച്ച് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന വ്യാജപ്രചരണമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി.
ഇടതു പ്രൊഫൈലുകളാണ് ഇത്തരം ഒരു നുണ വ്യാപകമായി പ്രചരിപ്പിക്കുന്നത്. അതിനെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളി കളയുന്നു. വിയോജിക്കുന്നവരെ ഏതു വിധേനയും ഇല്ലാതാകുന്ന ഇടതു രാഷ്ട്രീയത്തിന്റെ വേദികളില്‍ കോണ്‍ഗ്രസുകാര്‍ പോകേണ്ടതില്ല എന്ന തീരുമാനം ഇത്തരം തരംതാണ പ്രചാര വേലകള്‍ കൊണ്ടു പിന്‍വലിപ്പിക്കാം എന്നാണ് സിപിഎം കരുതുന്നതെങ്കില്‍ അത് വിഡ്ഢിത്തമാണ്.
സംഘപരിവാറിന്റെ കേരള പ്രതിനിധിയായി പ്രവര്‍ത്തിക്കുന്ന പിണറായി വിജയന്റെ സംഘത്തില്‍ നിന്നും ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല. ഈ കുപ്രചരണത്തിന് നേതൃത്വം നല്‍കുന്നവര്‍ക്കെതിരെ ഉചിതമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് കെ.സുധാകരന്‍ പറഞ്ഞു.
അതേസമയം കെ റെയിലിനെതിരായ ജനകീയസമരത്തെ വര്‍ഗീയവത്കരിച്ച് അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമം വിലപ്പോകില്ലെന്നും കെ സുധാകരന്‍ ഇന്ന് അഭിപ്രായപ്പെട്ടു. ജനങ്ങളെ വെല്ലുവിളിച്ച് കെ റെയിലിന്‍റെ മറവില്‍ സര്‍ക്കാര്‍ നടത്തുന്ന അധിനിവേശത്തിനെതിരായ പ്രതിഷേധം ശക്തിപ്രാപിക്കുകയാണ്. വിറളിപൂണ്ട സര്‍ക്കാര്‍ ഏത് ഹീനതന്ത്രം പയറ്റിയും സമരം അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമാണ് മുഖ്യമന്ത്രിയും സിപിഎമ്മും സമരക്കാരെ തീവ്രവാദികളായി ചീത്രികരിക്കുന്നത്. കുട്ടികളെയും സ്ത്രീകളെയും നടുത്തെരുവില്‍ കൈകാര്യം ചെയ്യാന്‍ പൊലീസിന് മുഖ്യമന്ത്രി മൗനാനുവാദം നല്‍കി. മുഖ്യമന്ത്രി അനാവശ്യ ധാര്‍ഷ്ട്യവും പിടിവാശിയും ഉപേക്ഷിക്കണം. കല്ലിടല്‍ തടഞ്ഞാല്‍ നിയമനടപടി സ്വീകരിക്കുമെന്നും ജയിലിടയക്കുമെന്നുമാണ് സര്‍ക്കാരിന്‍റെ ഭീഷണി. ജീവിക്കാനുള്ള പോരാട്ടത്തിന്റെ പേരില്‍ സാധാരണ ജനങ്ങളെ ജയിലിലടക്കാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ അതിനെ കോണ്‍ഗ്രസ് ശക്തമായി പ്രതിരോധിക്കും. നിയമത്തിന്‍റെ വാളോങ്ങി ജനകീയ പ്രതിഷേധാഗ്നി കെടുത്താമെന്ന മൂഢസ്വര്‍ഗത്തിലാണ് മുഖ്യമന്ത്രിയെന്നും സുധാകരന്‍ പറഞ്ഞു.
കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരും കെ റെയില്‍ എംഡിയും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. കെ റെയില്‍ കടന്നു പോകുന്ന ഇരുവശങ്ങളിലും ബഫര്‍ സോണില്ലെന്ന് മന്ത്രി സജി ചെറിയാന്‍ പറയുമ്പോള്‍ അതിനെ പൂര്‍ണ്ണമായും തള്ളിക്കളയുകയാണ് കെ റെയില്‍ എം ഡി. പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിയുടെ അതിരില്‍ നിന്നും 5 മീറ്റര്‍ വരെ ഒരു നിര്‍മാണ പ്രവർത്തനവും പാടില്ലെന്നും തുടർന്നുള്ള 10 മീറ്റര്‍ വരെയുള്ള നിര്‍മാണത്തിന് അനുമതിവേണം എന്നാണ് കെ റെയില്‍ എം ഡി പറയുന്നത്. തുടക്കം മുതല്‍ ഈ പദ്ധതിയുമായി പച്ചക്കള്ളം പ്രചരിപ്പിച്ച് ജനങ്ങളെ കബളിപ്പിച്ച് ഈ പദ്ധതി ഏത് വിധേനയും നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമം. അതിന് ഒടുവിലത്തെ ഉദാഹരമാണ് മന്ത്രിയുടെ വാക്കുകള്‍. ജനങ്ങളുടെ ആശങ്കപരിഹരിക്കാതെ ആര്‍ക്കുവേണ്ടിയാണ് ഈ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി കാര്‍ക്കശ്യം പിടിക്കുന്നതെന്നും സുധാകരന്‍ ചോദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam