കുട്ടികളെയും സ്ത്രീകളെയും നടുത്തെരുവില്‍ കൈകാര്യം ചെയ്യാന്‍ പൊലീസിന് മുഖ്യമന്ത്രി മൗനാനുവാദം നല്‍കി. മുഖ്യമന്ത്രി അനാവശ്യ ധാര്‍ഷ്ട്യവും പിടിവാശിയും ഉപേക്ഷിക്കണം

തിരുവനന്തപുരം: കെ റെയിലിനെതിരായ (K Rail) ജനകീയസമരത്തെ വര്‍ഗീയവത്കരിച്ച് അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമം വിലപ്പോകില്ലെന്ന് കെ പി സി സി പ്രസിഡന്‍റ് (K P C C President) കെ സുധാകരന്‍ എം പി (K Sudhakaran). ജനങ്ങളെ വെല്ലുവിളിച്ച് കെ റെയിലിന്‍റെ മറവില്‍ സര്‍ക്കാര്‍ നടത്തുന്ന അധിനിവേശത്തിനെതിരായ പ്രതിഷേധം ശക്തിപ്രാപിക്കുകയാണ്. വിറളിപൂണ്ട സര്‍ക്കാര്‍ ഏത് ഹീനതന്ത്രം പയറ്റിയും സമരം അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമാണ് മുഖ്യമന്ത്രിയും സിപിഎമ്മും സമരക്കാരെ തീവ്രവാദികളായി ചീത്രികരിക്കുന്നത്. കുട്ടികളെയും സ്ത്രീകളെയും നടുത്തെരുവില്‍ കൈകാര്യം ചെയ്യാന്‍ പൊലീസിന് മുഖ്യമന്ത്രി മൗനാനുവാദം നല്‍കി. മുഖ്യമന്ത്രി അനാവശ്യ ധാര്‍ഷ്ട്യവും പിടിവാശിയും ഉപേക്ഷിക്കണം. കല്ലിടല്‍ തടഞ്ഞാല്‍ നിയമനടപടി സ്വീകരിക്കുമെന്നും ജയിലിടയക്കുമെന്നുമാണ് സര്‍ക്കാരിന്‍റെ ഭീഷണി. ജീവിക്കാനുള്ള പോരാട്ടത്തിന്റെ പേരില്‍ സാധാരണ ജനങ്ങളെ ജയിലിലടക്കാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ അതിനെ കോണ്‍ഗ്രസ് ശക്തമായി പ്രതിരോധിക്കും. നിയമത്തിന്‍റെ വാളോങ്ങി ജനകീയ പ്രതിഷേധാഗ്നി കെടുത്താമെന്ന മൂഢസ്വര്‍ഗത്തിലാണ് മുഖ്യമന്ത്രിയെന്നും സുധാകരന്‍ പറഞ്ഞു.

കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരും കെ റെയില്‍ എംഡിയും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. കെ റെയില്‍ കടന്നു പോകുന്ന ഇരുവശങ്ങളിലും ബഫര്‍ സോണില്ലെന്ന് മന്ത്രി സജി ചെറിയാന്‍ പറയുമ്പോള്‍ അതിനെ പൂര്‍ണ്ണമായും തള്ളിക്കളയുകയാണ് കെ റെയില്‍ എം ഡി. പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിയുടെ അതിരില്‍ നിന്നും 5 മീറ്റര്‍ വരെ ഒരു നിര്‍മാണ പ്രവർത്തനവും പാടില്ലെന്നും തുടർന്നുള്ള 10 മീറ്റര്‍ വരെയുള്ള നിര്‍മാണത്തിന് അനുമതിവേണം എന്നാണ് കെ റെയില്‍ എം ഡി പറയുന്നത്. തുടക്കം മുതല്‍ ഈ പദ്ധതിയുമായി പച്ചക്കള്ളം പ്രചരിപ്പിച്ച് ജനങ്ങളെ കബളിപ്പിച്ച് ഈ പദ്ധതി ഏത് വിധേനയും നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമം. അതിന് ഒടുവിലത്തെ ഉദാഹരമാണ് മന്ത്രിയുടെ വാക്കുകള്‍. ജനങ്ങളുടെ ആശങ്കപരിഹരിക്കാതെ ആര്‍ക്കുവേണ്ടിയാണ് ഈ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി കാര്‍ക്കശ്യം പിടിക്കുന്നതെന്നും സുധാകരന്‍ ചോദിച്ചു.

കോഴിക്കോട് കെ റെയിൽ കല്ല് സമരക്കാർ കല്ലായി പുഴയിലെറിഞ്ഞു, ചോറ്റാനിക്കരയിലും ശക്തമായ പ്രതിഷേധം

സില്‍വര്‍ലൈന്‍ കല്ലുകള്‍ പിഴുതെറിഞ്ഞ് ജയിലില്‍ പോകുമെന്ന് പ്രതിപക്ഷനേതാവ്

രാവിലെ സില്‍വര്‍ലൈന്‍ പദ്ധതിക്ക് എതിരായ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷനേതാവ് വി ഡി സതീശനും രംഗത്തെത്തിയിരുന്നു. സില്‍വര്‍ലൈന്‍ കല്ലുകള്‍ പിഴുതെറിഞ്ഞ് ജയിലില്‍ പോകുമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. ജയിലില്‍ പോകാന്‍ യുഡിഎഫ് നേതാക്കള്‍ തയ്യാറാണ്. സാധാരണക്കാരെ ജയിലിലേക്ക് വിടില്ല. പദ്ധതിക്ക് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും സതീശന്‍ പറഞ്ഞു. സാധാരണക്കാരാണ് സില്‍വര്‍ലൈന് എതിരായ സമരത്തിലുള്ളത്. നന്ദിഗ്രാമില്‍ സിപിഎമ്മിന് സംഭവിച്ചത് ഇവിടെയും സംഭവിക്കും. ധാര്‍ഷ്ട്യത്തിനും ഭീഷണിക്കും വഴങ്ങില്ലെന്നും സതീശന്‍ പറഞ്ഞു.

കല്ലിടൽ തുടരുമെന്ന് കെ റെയിൽ എംഡി: സിൽവ‍ർ പാതയ്ക്ക് ഇരുവശവും ബഫർ സോൺ വരും