'എൻഎം വിജയന്‍റെ കുടുംബത്തെ പാര്‍ട്ടി സഹായിക്കുന്നത് വിശാല മനസ്കത'; പത്മജയുടെ ആത്മഹത്യാശ്രമത്തിൽ പ്രതികരിച്ച് സണ്ണി ജോസഫ്

Published : Sep 13, 2025, 04:34 PM IST
sunny joseph nm vijayans daughter in law padmaja

Synopsis

എൻഎം വിജയന്‍റെ മരുമകള്‍ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ. പാര്‍ട്ടി എൻഎം വിജയന്‍റെ കുടുംബത്തെ സഹായിച്ചിട്ടുണ്ടെന്നും അത് ഒരു കരാറിന്‍റെയും അടിസ്ഥാനത്തില്‍ അല്ലെന്നും വിശാല മനസ്കതയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.  

തൃശൂര്‍: വയനാട് മുൻ ഡിസിസി ട്രഷറർ എൻ എം വിജയന്‍റെ മരുമകൾ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. പാർട്ടി എൻഎം വിജയന്‍റെ കുടുംബത്തെ സഹായിച്ചിട്ടുണ്ടെന്നും അവരുടെ ആവശ്യം മുഴുവൻ നിറവേറ്റി കൊടുക്കാൻ ആകുമോയെന്നും സണ്ണി ജോസഫ് ചോദിച്ചു. പാര്‍ട്ടി അവരെ സഹായിക്കുന്നുണ്ടെന്നും അത് ഒരു കരാറിന്‍റെയോ കേസിന്‍റെയോ അടിസ്ഥാനത്തിൽ അല്ലെന്നും അങ്ങനെ ഒരു കരാറില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. വിശാലമനസ്കതയുടെ അടിസ്ഥാനത്തിലാണ് അവരെ സഹായിക്കുന്നത്. അവർ ആവശ്യപ്പെടുന്ന മുഴുവൻ കാര്യങ്ങൾ ചെയ്യാൻ കോൺഗ്രസ് പാർട്ടിക്ക് ആഗ്രഹമുണ്ടെങ്കിലും ഇപ്പോൾ അതിനുള്ള പൈസയില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. 

വടക്കാഞ്ചേരി പൊലീസ് കറുത്ത മുഖംമൂടി അണിയിച്ച് കോടതിയിൽ ഹാജരാക്കിയ കെഎസ്‌യു പ്രവർത്തകരെ വിയ്യൂർ ജില്ലാ ജയിലിലെത്തി സന്ദര്‍ശിച്ചശേഷമാണ് വയനാട് മുൻ ഡിസിസി ട്രഷറര്‍ എൻഎം വിജയന്‍റെ മരുമകള്‍ പത്മജ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചത്.രാഷ്ട്രീയ എതിരാളികൾക്കെതിരെ പൊലീസിനെ ആയുധമാക്കുന്നത് പിണറായിയുടെ തെറ്റായ പൊലീസ് നയമാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. നിയമസഭയ്ക്ക് അകത്തും പുറത്തും ചോദ്യം ചെയ്യും. വയനാട് സംഭവം പൊലീസ് അന്വേഷിക്കട്ടെ. പൊലീസ് വസ്തുനിഷ്ഠമായ ഒരു അന്വേഷണം ആദ്യമേ തന്നെ നടത്തിയിരുന്നെങ്കിൽ നിരപരാധി എന്ന് ഇപ്പോൾ പറയുന്ന തങ്കച്ചൻ അറസ്റ്റ് ചെയ്യേണ്ടി വരുമായിരുന്നില്ല. കാർപോർച്ചിൽ മദ്യവും സ്ഫോടക വസ്തുവും വെച്ചന്ന് ആരെങ്കിലും പറഞ്ഞാൽ അതിന്‍റെ വിശ്വാസതയായിരുന്നു പൊലീസ് ആദ്യം അന്വേഷിക്കേണ്ടത്. നിരപരാധിയായി തങ്കച്ചനെ 17 ദിവസം റിമാന്‍ഡ് ചെയ്യേണ്ടിവന്നത് പൊലീസിന്‍റെ വീഴ്ചയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

എൻ എം വിജയന്‍റെ മരുമകള്‍ ആശുപത്രിയിൽ ചികിത്സയിൽ

കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച വയനാട് മുൻ ഡിസിസി ട്രഷറര്‍ എൻഎം വിജയന്‍റെ മരുകള്‍ പത്മജ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഗുരുതര പരിക്കുകൾ ഇല്ലെന്നാണ് പൊലീസ് പറയുന്നത്. ‘കൊലയാളി കോൺഗ്രസേ നിനക്കിതാ ഒരു ഇര കൂടി’ എന്ന് എഴുതിയ ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ട്. എന്‍എം വിജയന്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് പത്മജ ഇന്നലെ പറഞ്ഞിരുന്നു. കോൺഗ്രസ് നേതൃത്വത്തിനെതിരെ വാര്‍ത്താ സമ്മേളനത്തില്‍ രൂക്ഷമായ വിമര്‍ശനമാണ് പത്മജ ഉന്നയിച്ചത്. കരാർ പ്രകാരമുള്ള പണം കോൺഗ്രസ് നൽകുന്നില്ല എന്നായിരുന്നു ആരോപണം. വയനാട് മുൻ ഡിസിസി ട്രഷറർ എൻ എം വിജയന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കെപിസിസി നേതൃത്വം കുടുബത്തിന് നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ല എന്നാണ് പത്മജ പറയുന്നത്. കോൺഗ്രസ് പ്രസ്ഥാനത്തിൽ വിശ്വാസം നഷ്ടപെട്ടെന്നും രണ്ടരക്കോടി രൂപയുടെ ബാധ്യതയാണുള്ളത് ഇത് വീട്ടാമെന്ന് പറഞ്ഞ് പാർട്ടി നേതൃത്വം വീണ്ടും വഞ്ചിക്കുകയായിരുന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും പത്മജ ആരോപിച്ചിരുന്നു.

 പണം നൽകാമെന്ന് ടി സിദ്ദിഖ് എംഎൽഎയാണ് കരാർ ഒപ്പിട്ടത്. കരാർ വാങ്ങാൻ വക്കീലിന്‍റെ അടുത്ത് പോയപ്പോൾ സിദ്ദിഖ് ദേഷ്യപ്പെട്ടു. ഭർത്താവ് ആശുപത്രിയിലായിരുന്നപ്പോൾ പോലും ബിൽ അടയ്ക്കാൻ പണം ഉണ്ടായിരുന്നില്ല. സത്യസന്ധമായി പ്രവർത്തിക്കുന്നവരെ കോൺഗ്രസ് കൊന്നൊടുക്കുന്നു. കള്ളന്മാർ വെള്ളയും വെള്ളയും ഇട്ടു നടക്കുന്നു, പാർട്ടിയെ വിശ്വസിക്കുന്നവർ മരിക്കുന്നു. കോൺഗ്രസിൻറെ ഔദാര്യം ഇനി ആവശ്യമില്ല എന്നും പത്മജ പറഞ്ഞു. ഇതുവരെ 20 ലക്ഷമാണ് കോൺഗ്രസ് നൽകിയത്. രണ്ടരക്കോടിയുടെ ബാധ്യതയുടെ കണക്കാണ് കുടുംബം നൽകിയത്. കുടുംബത്തിന്‍റെ സാമ്പത്തിക ബാധ്യത കഴിയാവുന്ന വേഗത്തില്‍ തീര്‍ക്കുമെന്ന് നേതാക്കള്‍ വിജയന്‍റെ കുടുംബാംഗങ്ങള്‍ക്ക് വാക്ക് നല്‍കിയിരുന്നു. കോഴിക്കോട് ഡി സി സി ഓഫീസിന്‍റെ ഉദ്ഘാടന ചടങ്ങില്‍ കുടുംബം പരാതിയുമായി എത്തിയതോടെയാണ് പാര്‍ട്ടി സാമ്പത്തിക ബാധ്യത തീര്‍ക്കാം എന്ന് കുടുംബത്തെ അറിയിച്ചത്. കെ പി സിസി നിയോഗിച്ച ഉപസമിതി തിരിഞ്ഞു നോക്കുന്നില്ലെന്നായിരുന്നു കുടുംബാംഗങ്ങള്‍ ഉന്നയിച്ച പരാതി. ഇതിനു പിന്നാലെയാണ് നേതാക്കള്‍ കുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തിയത്. എന്നാല്‍ നിലവില്‍ ഉറപ്പ് പാലിക്കപ്പെട്ടില്ല എന്നാണ് എന്‍ എം വിജയന്‍റെ മരുമകൾ നിലവില്‍ ആരോപിക്കുന്നത്.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം കണ്ണൂരിൽ
യുവാക്കൾ എത്തിയത് മരണാനന്തര ചടങ്ങിന്, അടിച്ച് പൂസായി തമ്മിൽത്തല്ലി, മൂന്ന് പേർ കിണറ്റിൽ വീണു, രക്ഷിക്കാൻ ഫയർഫോഴ്സെത്തി