
മാനന്തവാടി: വയനാട് തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ വെടിയുണ്ടകളുമായി യുവാവിനെ എക്സൈസ് പിടികൂടി. കോഴിക്കോട് താമരശ്ശേരി ഉണ്ണികുളം പുനൂർ ഞാറപ്പൊയിൽ ഹൗസിൽ സുഹൈബ് (40) ആണ് പിടിയിലായത്. തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ രാവിലെ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്. സുഹൈബിൻ്റെ പക്കൽ നിന്നും മുപ്പത് വെടിയുണ്ടകളാണ് എക്സൈസ് കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തിരുനെല്ലി പൊലീസ് പ്രതിയെയും വെടിയുണ്ടകളും കസ്റ്റഡിയിലെടുത്തു. പൊലീസ് പിന്നീട് ഇയാളെ അറസ്റ്റ് ചെയ്തു.
കർണ്ണാടക ഭാഗത്ത് നിന്ന് നടന്നു വരികയായിരുന്ന സുഹൈബ്. കാൽനടയായി ആരും വരാത്ത വനമേഖലയിലൂടെ നടന്നുവന്നതാണ് എക്സൈസിന് സംശയം തോന്നാൻ കാരണം. ഇതോടെ സുഹൈബിനെ തടഞ്ഞുനിർത്തി പരിശോധന സംഘം ചോദ്യം ചെയ്യുകയായിരുന്നു. കുടുങ്ങുമെന്ന് ഉറപ്പായത്തോടെ തൻ്റെ കൈവശം വെടിയുണ്ടകൾ ഉണ്ടെന്ന് യുവാവ് അറിയിക്കുകയായിരുന്നു. ഇതോടെ യുവാവിനെ തടഞ്ഞ് വച്ച എക്സൈസ് സംഘം തിരുനെല്ലി പോലീസിനെ വിവരം അറിയിച്ചു. പോലിസ് സ്ഥലത്ത് എത്തി യുവാവിനെ ദേഹപരിശോധന നടത്തി. 30 വെടിയുണ്ടകളാണ് യുവാവ് കടത്തിക്കൊണ്ടുപോയിരുന്നത്. എക്സൈസ് പ്രിവൻ്റീവ് ഓഫീസർമാരായ കെ. ജോണി, എം.കെ സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന. സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ് കെ. തോമസ് , പി.എൻ. ശശികുമാർ, ബി. സുധിപ്എന്നിവർ ഉണ്ടായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam