
തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകൾ ഇന്ധന വില കുറയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രക്ഷോഭം ശക്തമാക്കുന്നു. ഇന്ധന വില കുറയ്ക്കാത്ത കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ദ്വിമുഖ സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. നവംബര്‍ 18 ന് സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെ 280 കേന്ദ്രങ്ങളില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെപിസിസി അറിയിപ്പ് ഇങ്ങനെ
ജനരോഷം ആളിക്കത്തിയിട്ടും ഇന്ധന വില കുറയ്ക്കാത്ത കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ നവംബര്‍ 18 ന് സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെ 280 കേന്ദ്രങ്ങളില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തും.സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് രാവിലെ 11ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി നിര്‍വഹിക്കും.
ഒരു നിയോജക മണ്ഡലത്തിലെ ഒരു ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി കേന്ദ്ര ഗവണ്‍മെന്റ് ഓഫീസിന് മുന്നിലും രണ്ടാമത്തെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംസ്ഥാന സര്‍ക്കാര്‍ ഓഫീസിനു മുന്നിലുമാണ് മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നത്. 140 കേന്ദ്ര ഗവണ്‍മെന്റ് ഓഫീസുകള്‍ക്ക് മുന്നിലും 140 സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലും സമരങ്ങള്‍ അരങ്ങേറും. ഇന്ധന വില കുറക്കാത്തതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തുല്യ ഉത്തരവാദിത്വമുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ് ദ്വിമുഖ സമരം നടത്തുന്നത്.
കോണ്‍ഗ്രസ് അംഗത്വവിതരണ പ്രചാരണത്തിന്റെ രണ്ടാംഘട്ടം
കോണ്‍ഗ്രസ് അംഗത്വവിതരണ പ്രചാരണത്തിന്റെ രണ്ടാംഘട്ടം നംവബര്‍ 18ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ കോവളം നിയോജക മണ്ഡലത്തിലെ ഉച്ചക്കടയില്‍ വൈകുന്നേരം 3ന് നടക്കുന്ന ചടങ്ങില്‍ എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ ഉദ്ഘാടനം ചെയ്യും.
ഓണ്‍ലൈന്‍ മെമ്പര്‍ഷിപ്പ് പ്രചാരണം വ്യാജം
ഓണ്‍ലൈനില്‍ കോണ്‍ഗ്രസ് അംഗത്വം നല്കുന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് അടിസ്ഥാനരഹിതമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ഔദ്യോഗികമായി ഇതുവരെ കോണ്‍ഗ്രസ് ഓണ്‍ലൈന്‍ മെമ്പര്‍ഷിപ്പ് പ്രചരണം ആരംഭിച്ചിട്ടില്ല. ഇതിനു വിരുദ്ധമായി ഓണ്‍ലൈന്‍ മെമ്പര്‍ഷിപ്പ് നല്കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ മെമ്പര്‍ഷിപ്പ് വിതരണം ആരംഭിക്കുമ്പോള്‍ കെപിസിസി ഔദ്യോഗികമായി ഇക്കാര്യം പ്രവര്‍ത്തകരെ അറിയിക്കുന്നതാണ്.
ലത്തീഫിനെതിരായ നടപടി: വിവരങ്ങള്‍ അന്വേഷിക്കാൻ സമിതി
മുന്‍ കെപിസിസി ഭാരവാഹി എം.എ.ലത്തീഫിന്റെ പേരില്‍ സ്വീകരിച്ച അച്ചടക്ക നടപടികളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിനായി കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ റ്റി.യു.രാധാകൃഷ്ണന്‍, അഡ്വ.പി.എം.നിയാസ് എന്നിവരെ ചുമതലപ്പെടുത്തിയതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി അറിയിച്ചു.
പെട്രോളിന് ഏറ്റവും കൂടുതൽ വില കുറച്ചത് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനം, ഡീസൽ വാങ്ങാൻ നല്ലത് ലഡാക്ക്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam