Asianet News MalayalamAsianet News Malayalam

ഇന്ധനവില വര്‍ദ്ധന; ചക്രസ്തംഭന സമരവുമായി കോണ്‍ഗ്രസ്, പൊലീസ് കയ്യേറ്റം ചെയ്തെന്ന് പാലക്കാട് എംപി, സംഘര്‍ഷം

ചക്രസ്‍തംഭന സമരത്തിനിടെ പാലക്കാട് സംഘര്‍ഷമുണ്ടായി. വി കെ ശ്രീകണ്ഠന്‍ എംപിയും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. പ്രകടനം സുല്‍ത്താന്‍പേട്ട ജംഗ്ഷന്‍ എത്തുന്നതിന് മുമ്പ് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതാണ് വാക്കുതര്‍ക്കത്തിനും സംഘര്‍ഷത്തിനും കാരണമായത്. 

congress protest against fuel price hike conflict in palakkad
Author
Palakkad, First Published Nov 8, 2021, 11:53 AM IST

തിരുവനന്തപുരം: ഇന്ധനവിലക്കയറ്റത്തിനെതിരെ (fuel price hike) സംസ്ഥാന വ്യാപകമായി ചക്രസ്‍തംഭന സമരം നടത്തി കോണ്‍ഗ്രസ് (congress). എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡിസിസികളുടെ നേതൃത്വത്തിലാണ് ചക്രസ്തംഭന സമരം നടന്നത്. ഇന്ധന വിലക്കയറ്റത്തിന് എതിരെയും കേരളം നികുതി കുറയ്ക്കണമെന്ന ആവശ്യം ഉയര്‍ത്തിയുമാണ് 15 മിനിറ്റ് വാഹനങ്ങള്‍ നിര്‍ത്തിയിട്ട്  കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. 

ചക്രസ്‍തംഭന സമരത്തിനിടെ പാലക്കാട് സംഘര്‍ഷമുണ്ടായി. വി കെ ശ്രീകണ്ഠന്‍ എംപിയും പൊലീസും തമ്മിലാണ് വാക്കേറ്റമുണ്ടായത്. പ്രകടനം സുല്‍ത്താന്‍പേട്ട ജംഗ്ഷന്‍ എത്തുന്നതിന് മുമ്പ് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതാണ് വാക്കുതര്‍ക്കത്തിനും സംഘര്‍ഷത്തിനും കാരണമായത്. സമരസ്ഥലം മുന്‍കൂട്ടി അറിയിച്ചതാണെന്നും പൊലീസ് തന്നെ കയ്യേറ്റം ചെയ്തെന്നും എംപി പറഞ്ഞു. 

കൊല്ലം ഹൈസ്കൂൾ ജംഗ്ഷനില്‍ കോൺഗ്രസ് നടത്തിയ ചക്രസ്തംഭന സമരത്തിന് യുഡിഎഫ് കൺവീനർ എം എം ഹസന്‍, കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എന്നിവർ നേതൃത്വം നൽകി. റോഡിന്‍റെ ഒരു വശത്ത് ഗതാഗതം സ്തംഭിപ്പിച്ച് മറുവശത്ത് യാത്ര വഴിതിരിച്ചു വിട്ടായിരുന്നു സമരം. എന്നാൽ പ്രവർത്തകർ റോഡ് ഉപരോധിച്ച ഭാഗത്തുകൂടി തന്നെ കടന്നുപോകണമെന്ന് ആവശ്യപ്പെട്ടെത്തിയ രണ്ട് വഴിയാത്രക്കാരും പ്രവർത്തകരും തമ്മിൽ വാക്കു തർക്കമുണ്ടായി. പൊലീസും നേതാക്കളും ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു. ഇന്ധന കൊള്ളയുടെ കാര്യത്തിൽ മോദി കായംകുളം കൊച്ചുണ്ണിയും പിണറായി ഇത്തിക്കരപ്പക്കിയുമാണെന്ന് ഹസൻ പരിഹസിച്ചു.

കോഴിക്കോട് ചക്രസ്തംഭന സമരം അവസാനിച്ച ശേഷമാണ് ഉദ്ഘാടകനായ കെ മുരളീധരൻ എത്തിയത്. ഗതാഗത കുരുക്കുമൂലം വൈകിയെന്നായിരുന്നു നേതാക്കളുടെ വിശദീകരണം. സമരം പൊളിക്കാനാണ് സംസ്ഥാന സർക്കാരിന്‍റെ ശ്രമം. നികുതിയുടെ പേരിൽ നേരിട്ട് കക്കുകയാണ് പിണറായി വിജയനെന്നും കെ മുരളീധരൻ ആരോപിച്ചു. കോഴിക്കോട് മാനാഞ്ചിറ  സ്ക്വയറിലായിരുന്നു ചക്രസ്തംഭന സമരം നടന്നത്. 

പെട്രോളിന് അഞ്ചും ഡീസലിന് പത്തും രൂപ നികുതി കുറച്ച കേന്ദ്രം എല്ലാ സംസ്ഥാനങ്ങളും വില കുറക്കണം എന്ന നിര്‍ദ്ദേശം നൽകിയിരുന്നു. എൻഡിഎ ഭരിക്കുന്ന പതിനേഴ് സംസ്ഥാനങ്ങളിൽ വില കുറച്ചു. യുപിയും ഹരിയാനയും 12 രൂപ കുറച്ചു എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകളെങ്കിലും ആകെ പന്ത്രണ്ടാണ് കുറഞ്ഞതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 

എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളല്ലാതെ ഒഡീഷയും പഞ്ചാബും മാത്രമാണ് വില കുറച്ചത്. ജമ്മു കശ്മീര്‍, ചണ്ഡീഗഡ്, ലഡാക്ക്, പുതുച്ചേരി, ലക്ഷദ്വീപ്, ദാദ്രാനഗര്‍ ഹവേലി, ദാമൻ ദിയു എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളും വില കുറച്ചു. കേരളത്തെ കൂടാതെ മഹാരാഷ്ട്ര, പശ്ചിമബംഗാൾ, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളൊക്കെ വില കുറക്കാൻ തയ്യാറല്ലെന്ന നിലപാടിലാണ്. വില കുറയ്ക്കാൻ പ്രതിപക്ഷ സംസ്ഥാനങ്ങൾ തയ്യാറാകാത്തത് രാഷ്ട്രീയ വിഷയമായി ഉയര്‍ത്താനാണ് ബിജെപി തീരുമാനം.

Follow Us:
Download App:
  • android
  • ios