ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിൽ വടകര എംപി ഷാഫി പറമ്പിലിനെതിരെ ഒളിയമ്പുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് രംഗത്ത്. 

തിരുവനന്തപുരം: ലൈം​ഗിക പീഡനക്കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ ആരോപണവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. ക്രൈം സിൻഡിക്കേറ്റിലെ രണ്ടാമനാണ് ജയിലിൽ പോയത്. ഒന്നാമനും തുറന്ന് കാട്ടപ്പെടും എന്നതിൽ തർക്കമില്ലെന്നും വി.കെ. സനോജ് പറഞ്ഞു. 

അതിജീവിതയെ വടകരയിലെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു എന്നാണ് വാർത്തകൾ വരുന്നത്. നമ്മൾ മനസ്സിലാക്കിയത് രാഹുൽ മാങ്കൂട്ടത്തിലിന് ഫ്ലാറ്റുള്ളത് പാലക്കാടാണ്. വടകരയിൽ ഫ്ലാറ്റുള്ളത് ആർക്കാണ്. ആ വഴിയും ​ഗൗരവമായ അന്വേഷണം നടക്കണം. പെൺകുട്ടികളെ ഫ്ലാറ്റിലേക്ക് ക്ഷണിക്കുക, ക്രൂരമായി ബലാത്സം​ഗം ചെയ്യുക, ​ഗർഭഛിദ്രം നടത്തുക, അതിനുള്ള പണം ദുരന്തബാധിതർക്കുള്ള ഫണ്ടിൽനിന്നുപയോ​ഗിക്കുക തുടങ്ങി എത്രമാത്രം ഹീനമായ കാര്യമാണ് ചെയ്യുന്നത്. ഇതിനെല്ലാം കോൺ​ഗ്രസ് നേതൃത്വം കൂട്ടുനിൽക്കുന്നു.

യൂത്ത് കോൺ​ഗ്രസ് വനിതാ നേതാവ് ഷഹനാസ് ഇക്കാര്യം ഷാഫി അടക്കമുള്ള നേതാക്കളെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ല. 30 സെക്കൻഡിൽ 300 വീട് വെച്ച് കൊടുത്ത സതീശൻ, ഒരു പത്ത് സെക്കന്റ് എങ്കിലും ഉപയോ​ഗിച്ച് യൂത്ത് കോൺ​ഗ്രസ് നടത്തിയ ലക്കി ഡ്രോ തട്ടിപ്പിനെക്കുറിച്ച് സംസാരിക്കണം. തട്ടിപ്പിന് കൂട്ടുനിൽക്കുന്ന കോൺ​ഗ്രസിന്റെ ക്രൈം സിൻഡിക്കേറ്റിന് തുറന്ന് കാട്ടേണ്ടതുണ്ട്. വയനാട് ദുരിതാശ്വാസത്തിനായി പിരിച്ച പണമെവിടെയെന്നും സനോജ് ചോദിച്ചു. ഇന്ന് കോൺ​ഗ്രസിനെ നയിക്കുന്നത് ബലാത്സം​ഗ വീരന്മാരും അവരെ സംരക്ഷിക്കുന്ന ക്രൈം സിൻഡിക്കേറ്റുമാണെന്നും അദ്ദേഹം ആരോപിച്ചു.