Asianet News MalayalamAsianet News Malayalam

കെപിസിസിക്ക് ജംബോ ഭാരവാഹി പട്ടിക: ടി.സിദ്ധിഖും വര്‍ക്കിംഗ് പ്രസിഡന്‍റാവും

 ടി.സിദ്ദിഖിന് പകരം യു. രാജീവൻ മാസ്റ്റർ കോഴിക്കോട് ഡി സി സി പ്രസിഡന്റാകും എന്നാണ് സൂചന. തൃശ്ശൂരില്‍ മുന്‍ എംഎല്‍എ എം വിന്‍സന്‍റ് ഡിസിസി അധ്യക്ഷനാവാനാണ് സാധ്യത. 

Jumbo leader list to lead KPCC
Author
Delhi, First Published Jan 22, 2020, 7:13 PM IST

ദില്ലി: ഭാരവാഹി പട്ടിക ചുരുക്കാനുള്ള കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ശ്രമങ്ങളെ എ-ഐ ഗ്രൂപ്പുകള്‍ ഒന്നിച്ചു നിന്ന് എതിര്‍ത്തതോടെ കെപിസിസിക്ക് വീണ്ടും ജംബോ ഭാരവാഹി പട്ടിക. 130 ഭാരവാഹികളുടെ പേരടങ്ങിയ പട്ടിക ഹൈക്കമാന്‍ഡ് നേതൃത്വത്തിന്‍റെ അന്തിമഅനുമതിക്കായി സമര്‍പ്പിച്ചുവെന്നാണ് വിവരം. 

ഒടുവില്‍ പുറത്തു വരുന്ന വിവരമനുസരിച്ച് ആറ് വര്‍ക്കിംഗ് പ്രസിഡന്‍റുമാരും 13 വൈസ് പ്രസിഡന്‍റുമാരും 36 ജനറല്‍ സെക്രട്ടറിമാരും 70 സെക്രട്ടറിമാരും അടങ്ങുന്ന ജംബോ ഭാരവാഹി പട്ടികയാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചയ്ക്ക് ഒടുവില്‍ ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചത്. 

കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് ടി.സിദ്ധിഖ് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റാവുന്നതാണ് ഭാരവാഹി പട്ടികയിലെ പുതിയ കൗതുകം. വിഡി സതീശന്‍, കൊടിക്കുന്നില്‍ സുരേഷ്, പിസി വിഷ്ണുനാഥ്, കെ സുധാകരന്‍, കെവി തോമസ് എന്നിവരെയാണ് നേരത്തെ വര്‍ക്കിംഗ് പ്രസിഡന്‍റുമാരായി നിയമിച്ചത്. 

നേതൃനിരയില്‍ മുസ്ലീം പ്രാതിനിധ്യം ഉറപ്പാക്കണം എന്ന വാദമുന്നയിച്ച് എ ഗ്രൂപ്പ് നടത്തിയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ടി.സിദ്ധിഖ് വര്‍ക്കിംഗ് പ്രസി‍ഡന്‍റാവാന്‍ കളമൊരുങ്ങിയത്. ടി.സിദ്ദിഖിന് പകരം യു. രാജീവൻ മാസ്റ്റർ കോഴിക്കോട് ഡി സി സി പ്രസിഡന്റാകും എന്നാണ് സൂചന. തൃശ്ശൂരില്‍ മുന്‍ എംഎല്‍എ എം വിന്‍സന്‍റ് ഡിസിസി അധ്യക്ഷനാവാനാണ് സാധ്യത. 

ജംബോ ഭാരവാഹി പട്ടിക അംഗീകരിക്കില്ലെന്ന് തുടക്കം തൊട്ടേ ശക്തമായ നിലപാട് എടുത്ത മുല്ലപ്പള്ളി രാമചന്ദ്രന്‍ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരുന്നതോടെ മുട്ടുമുടക്കിയെന്നാണ് സൂചന. ഒരു ഘട്ടത്തില്‍ മുല്ലപ്പള്ളി രാജിഭീഷണി വരെ മുഴക്കിയെങ്കിലും ഒരുതരത്തിലും വിട്ടുകൊടുക്കാന്‍ എ-ഐ ഗ്രൂപ്പുകള്‍ തയ്യാറായില്ല.

ഭാരവാഹി പട്ടികയില്‍ മുസ്ലീം പ്രാതിനിധ്യം വേണമെന്ന ആവശ്യം ഉയര്‍ന്നതോടെ സിപി മുഹമ്മദിനെ ഐ ഗ്രൂപ്പ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടി ചെലുത്തിയ ശക്തമായ സമ്മര്‍ദ്ദം സിദ്ധീഖ് ഗുണം ചെയ്തു. ചര്‍ച്ചകള്‍ ആഴ്ചകള്‍ നീണ്ടിട്ടും ഭാരവാഹികളെ കണ്ടെത്താന്‍ സാധിക്കാതിരുന്നത് ഹൈക്കമാന്‍ഡിനെ ചൊടിപ്പിച്ചിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രന്‍ ദിവസങ്ങളോളം ദില്ലിയില്‍ ക്യാംപ് ചെയ്തു ചര്‍ച്ച നടത്തിയിട്ടും അന്തിമ ധാരണയിലെത്താന്‍ മൂന്ന് നേതാക്കള്‍ക്കും സാധിച്ചില്ല. 

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിദേശത്തേക്ക് പോകുന്ന സാഹചര്യത്തില്‍ ഹൈക്കമാന്‍ഡ് ചെന്നത്തിലയേയും ഉമ്മന്‍ചാണ്ടിയേയും അടിയന്തരമായി ദില്ലിക്ക് വിളിപ്പിച്ച് അന്തിമ പട്ടിക തയ്യാറാക്കി കൈമാറാന്‍ ആവശ്യപ്പെടുകയായിരുന്നു. 

ദില്ലി കേന്ദ്രീകരിച്ചുളള പുനസംഘടന ചര്‍ച്ച ഒരാഴ്ച പിന്നിട്ടിട്ടും ജംബോ പട്ടിക വെട്ടിചുരുക്കാനുള്ള മുല്ലപ്പള്ളിയുടേയും ഹൈക്കമാന്‍ഡിന്‍റേയും നീക്കം ഫലം കണ്ടില്ല. കടുത്ത സമ്മര്‍ദ്ദമുണ്ടായിട്ടും തങ്ങളുടെ നോമിനികളില്‍ ഒരാളെ പോലും
ഒഴിവാക്കാന്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും തയ്യാറായില്ല. ഗ്രൂപ്പില്ലാത്ത നേതാക്കളും, എംപിമാരും, പോഷക സംഘടനാ ഭാരവാഹികളും നല്‍കിയ പട്ടികകളും ഹൈക്കമാന്‍ഡിന്‍റെ സമ്മര്‍ദ്ദമേറ്റി. തന്‍റെ  നിസഹായാവസ്ഥ ഹൈക്കമാന്‍റിന് മുന്നില്‍ മുല്ലപ്പള്ളിയും അവതരിപ്പിച്ചു. 

ഇതോടെയാണ് ഉമ്മന്‍ ചാണ്ടിയേയും ചെന്നിത്തലയേയും ദില്ലിക്ക് വിളിപ്പിച്ചത്. ചര്‍ച്ചകള്‍ എത്രയും പെട്ടെന്നവസാനിപ്പിച്ച് സമവായത്തിലെത്തണമെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം. നൂറിലധികം ഭാരവാഹികളുള്ള പട്ടിക എഴുപതിലെങ്കിലും എത്തിക്കണമെന്ന നിര്‍ദ്ദേശമാണ് ഒടുവില്‍ ഹൈക്കമാന്‍ഡ് നല്‍കിയത്. വര്‍ക്കിംഗ്പ്രസിഡന്‍റ്, വൈസ്പ്രസിഡന്‍റ് പദവികളിലേക്ക് പരിഗണിക്കപ്പെടുന്നുവെന് അഭ്യൂഹങ്ങള്‍ക്കിടെ മുതിര്‍ന്ന നേതാവ് കെ വി തോമസ് സോണിയാ ഗാന്ധിയെ കാണുകയും ചെയ്തു. 
 
ഒരു വര്‍ഷമായി നടക്കുന്ന പുനസംഘടന ചര്‍ച്ച എവിടെയും എത്താത്തതില്‍ കടുത്ത അതൃപ്തിയിലായിരുന്നു ഹൈക്കമാന്‍ഡ്. കുഴപ്പം തന്‍റേതല്ലെന്നും നേതാക്കളുടെ  നിസഹകരണമാണ് കാരണമെന്നുമാണ് മുല്ലപ്പള്ളി കേന്ദ്ര
നേതൃത്വത്തെ ധരിപ്പിച്ചിരിക്കുന്നത്. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നികും സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും ചര്‍ച്ചകളില്‍ പങ്കാളിയായി. 

Follow Us:
Download App:
  • android
  • ios