
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തിൽ സംസ്ഥാന സർക്കാറിന്‍റെ മലക്കം മറിച്ചിലിൽ പ്രതിഷേധിച്ച് നവോത്ഥാന സമിതി വിടാൻ കെപിഎംഎസ് തീരുമാനം. ജനറൽ കൗൺസിൽ തീരുമാനം മുഖ്യമന്ത്രിയെ അറിയിക്കാൻ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയതായി പുന്നല ശ്രീകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മുഖ്യമന്ത്രി മുൻകയ്യെടുത്ത് രൂപീകരിച്ച നവോത്ഥാനസമിതി പൊളിയുന്നു. സമിതിയിലെ പ്രധാന സംഘടനയായ കെപിഎംഎസിൻറെ ഇന്നലെ ചേർന്ന ജനറൽ കൗൺസിലാണ് സർക്കാറിനെ രൂക്ഷമായി വിമർശിച്ച് സമിതി വിടണമെന്ന തീരുമാനത്തിലേക്കെത്തിയത്. ആക്ടിവിസ്റ്റുകൾക്ക് ശബരിമലയിൽ സ്ഥാനമില്ലെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവനകളിലടക്കം കെപിഎംഎസ്സിന് വലിയ വലിയ എതിർപ്പുണ്ട്. യുവതീ പ്രവേശന വിധിയിൽ സ്റ്റേ ഇല്ലാതിരുന്നിട്ടും സർക്കാർ ഒളിച്ചുകളിക്കുകയാണെന്നാണ് സംഘടനയുടെ പ്രധാന വിമർശനം
നവോത്ഥാന സമിതി ജനറൽ സെക്രട്ടറിയും അദ്ദേഹത്തിന്‍റെ സംഘടനയും സമിതി വിടുമെന്ന് പ്രഖ്യാപിച്ചത് സർക്കാറിന് തിരിച്ചടിയായി. ഒരു വശത്ത് ലിംഗസമത്വം പറയുമ്പോഴും മറുവശത്ത് ശബരിമലയിൽ യുവതീ പ്രവേശനം വേണ്ടെന്ന നിലപാടെടുത്ത് ഇരുവള്ളത്തിലാണ് സർക്കാറിൻറെയും സിപിഎമ്മിന്‍റെയും ഇപ്പോഴത്തെ യാത്ര. കെപിഎംഎസ് നിലപാട് പ്രതിപക്ഷം സർക്കാറിനെതിരെ ആയുധമാക്കിയേക്കും.
പുന്നലക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്രമുണ്ടെന്നായിരുന്നു സമിതി പ്രസിഡന്‍റ് വെള്ളാപ്പള്ളി നടേശൻറെ പ്രതികരണം. കെപിഎംഎസ്സിൻറേത് സമ്മർദ്ദ നീക്കമായാണ് സിപിഎം കാണുന്നത്. മുഖ്യമന്ത്രിയുമായുള്ള കെപിഎംഎസ് പ്രതിനിധികളുടെ ചർച്ചയോടെ സംഘടനയുടെ ആശയക്കുഴപ്പം മാറുമെന്നാണ് പാർട്ടി നേതാക്കളുടെ നിലപാട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam