
തിരുവനന്തപുരം: കേരള പൊലീസ് സീനിയർ ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്‍റെ പൊതുവേദിയില്‍ നിന്ന് വിവാദ ഡിവൈഎസ്പി എം ആര്‍ മധുബാബുവിനെ മാറ്റി നിർത്തി. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിലാണ് ഒഴിവാക്കിയത്. സംഘടനയുടെ സംസ്ഥാന ട്രഷറർ ആണ് മധുബാബു. മറ്റ് സംസ്ഥാന ഭാരവാഹികൾ വേദിയിൽ ഇടംപിടിച്ചപ്പോൾ മധുബാബുവിൻ്റെ ഇരിപ്പിടം കാണികൾക്കിടയിലായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് മധു ബാബുവിനെ മാറ്റി നിർത്തിയത് എന്നാണ് വിവരങ്ങള്‍.
കേരള പൊലീസിൽ ഒട്ടേറെ തവണ ക്രിമിനൽ സംഭവങ്ങളിൽ ആരോപണ വിധേയനായ ആളാണ് മധു ബാബു. ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിനെ ഒരു മാസം തടവിനും 1000 പിഴയടയ്ക്കാനും ചേർത്തല ജുഡീഷ്യൻ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത് കഴിഞ്ഞ വർഷം ആയിരുന്നു. പള്ളിപ്പുറം സ്വദേശി സിദ്ധാർഥനെ മർദ്ദിച്ച കേസിലായിരുന്നു നടപടി. 2006 ഓഗസ്റ്റിൽ ചേർത്തല എസ്ഐ ആയിരിക്കെ ആണ് ഈ മർദനം നടന്നത്. വീടിന് പരിസരത്തെ ചകിരിയിൽ നിന്നുള്ള മലിനീകരണത്തിനെതിരെ പ്രതികരിച്ച സിദ്ധാർഥനെ മില്ലുടമയും കൂട്ടരും രാത്രി വീട്ടിൽ കയറി മർദിച്ചു. സ്ഥലത്തെത്തിയ മധു ബാബു സിദ്ധാർഥനെ അറസ്റ്റ് ചെയ്യുകയും ജീപ്പിനുള്ളിൽ വച്ച് മര്‍ദിക്കുകയും നഗ്നനാക്കി ചൊറിയണം തേയ്ക്കുകയും ചെയ്തു എന്നായിരുന്നു കേസ്. മർദനത്തിൽ സിദ്ധാർത്ഥന്റെ ഇടതു ചെവിയുടെ കർണപടം പൊട്ടി. വിധിയെ തുടർന്ന് മധുബാബു അപ്പീൽ നൽകുകയും ജാമ്യം തേടുകയും ചെയ്തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam