'ഇലക്ട്രിക്' ആയി വയനാട്; 27 പുതിയ ചാര്‍ജിങ് സ്റ്റേഷനുകള്‍ തുറന്ന് കെഎസ്ഇബി

Published : Nov 02, 2022, 07:34 AM ISTUpdated : Nov 02, 2022, 07:45 AM IST
'ഇലക്ട്രിക്' ആയി വയനാട്; 27 പുതിയ ചാര്‍ജിങ് സ്റ്റേഷനുകള്‍ തുറന്ന് കെഎസ്ഇബി

Synopsis

പ്രീ പെയ്ഡ് ആപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്തി ചാര്‍ജിങും പണമടക്കലും ഉപഭോക്താക്കള്‍ക്ക് സ്വയം ചെയ്യാവുന്ന രീതിയിലാണ് ചാര്‍ജിങ് സ്റ്റേഷനുകളിലെ ക്രമീകരണം. 

കല്‍പ്പറ്റ: വൈദ്യുതി വാഹനങ്ങളിലേക്ക് ഗിയര്‍ മാറ്റുന്ന വാഹന ഉടമകള്‍ക്ക് പിന്തുണയുമായി കെ.എസ്.ഇ.ബിയുടെ അതിവേഗ ചാര്‍ജിങ് സ്റ്റേഷനുകള്‍ വയനാട്ജില്ലയില്‍ പ്രവര്‍ത്തനം  തുടങ്ങി. വൈത്തിരി സെക്ഷന്‍ ഓഫീസ് പരിസരത്തും പടിഞ്ഞാറത്തറ ബാണാസുര സാഗറിലും സ്ഥാപിച്ച അതിവേഗ ചാര്‍ജിംഗ് സ്റ്റേഷനുകളും   ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ച 25 പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് സ്റ്റേഷനുകളും ചൊവ്വാഴ്ച്ച വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി  നാടിന് സമര്‍പ്പിച്ചു. 

കെ.എസ്.ഇ.ബിയുടെ ഉടമസ്ഥതയിലാണ് ഈ ചാര്‍ജിംഗ് ശൃംഖലകള്‍ സജ്ജമായത്. പരിസ്ഥിതി മലിനീകരണം കുറയ്ക്കുക, ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുക, ഇന്ധന വില വര്‍ധനവ് മൂലമുള്ള പ്രയാസം ഗണ്യമായി കുറയ്ക്കുക എന്നിവ ലക്ഷ്യമിടുന്ന സംസ്ഥാന സര്‍ക്കാറിന്റെ ഇ-വെഹിക്കിള്‍ പോളിസി പ്രകാരമാണ്  ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ സ്ഥാപിച്ചത്.  ഒരേ സമയം ഒന്നില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാവുന്നതാണ് അതിവേഗ ചാര്‍ജിങ് സ്റ്റേഷനുകള്‍. വ്യത്യസ്ത കിലോവാട്ട് ശേഷിയുളള മൂന്ന് അതിവേഗ ചാര്‍ജിങ് സംവിധാനമാണ് ഓരോ കേന്ദ്രത്തിലും സ്ഥാപിച്ചിരിക്കുന്നത്. 

വലിയ വാഹനങ്ങള്‍ക്ക് 60 കിലോ വാട്ട് ശേഷിയുളള യൂണിറ്റും കാറുള്‍പ്പടെയുളള ഇടത്തരം വാഹനങ്ങള്‍ക്ക് 21 കിലോവാട്ട് ശേഷിയുളള ഒരു യൂണിറ്റും ഇരുചക്രവാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍ എന്നിവയക്കായി 10 കിലോവാട്ട് ശേഷിയുളള യൂണിറ്റുമാണ് തയ്യാറാക്കിയിട്ടുളളത്. ഓട്ടോറിക്ഷകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുന്ന 25 പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് സെന്ററുകളാണ്  ജില്ലയില്‍ ഇതിനുപുറമെ സ്ഥാപിച്ചത്. ടൂ വീലറുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും ബാറ്ററിയുടെ ശേഷി അനുസരിച്ച് ചാര്‍ജ് ചെയ്യാം. പ്രീ പെയ്ഡ് ആപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്തി ചാര്‍ജിങും പണമടക്കലും ഉപഭോക്താക്കള്‍ക്ക് സ്വയം ചെയ്യാവുന്ന രീതിയിലാണ് ചാര്‍ജിങ് സ്റ്റേഷനുകളിലെ ക്രമീകരണം. 

പ്രീ പെയ്ഡ് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് കൃത്യസ്ഥലം അറിയാനും സാധിക്കും. ആപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്തുന്ന ഉപഭോക്താവിന് സംസ്ഥാനത്തെ ഏത് കെ.എസ്.ഇ.ബി സ്റ്റേഷനുകളില്‍ നിന്നും ചാര്‍ജ് ചെയ്യാം. 20 ലക്ഷം വീതമാണ് ഓരോ ചാര്‍ജിംഗ് സ്റ്റേഷനുമുള്ള നിര്‍മ്മാണ ചെലവ്. പോള്‍ മൗണ്‍ഡ് ചാര്‍ജിങ് സെന്ററുകള്‍ക്ക് ഒന്നിന് 60,000 രൂപ വീതം ആകെ 15 ലക്ഷം ചെലവഴിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഗതാഗത വകുപ്പു വഴി ലഭ്യമാക്കിയ സാമ്പത്തിക സഹായത്തോടെ യാണ് പദ്ധതി നടപ്പാക്കിയത്.

 ചാര്‍ജിങ് നിരക്കുകള്‍ ഇങ്ങനെ 

അതിവേഗ ചാര്‍ജ്ജിംഗ് സ്റ്റേഷനുകളിലെയും പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് സ്റ്റേഷനിലെയും  നിരക്ക് ഇപ്രകാരമാണ്. അതിവേഗ ചാര്‍ജിംഗ് സ്റ്റേഷനില്‍ ഒരു യൂണിറ്റിന്  15.34 രൂപയാണ് (18 % ശതമാനം ജി.എസ്.ടി ഉള്‍പ്പെടെ)  നിരക്കായി ഇടാക്കുക. പോള്‍ മൗണ്ടഡ് സ്റ്റേഷനുകളില്‍ യൂണിറ്റിന് 10.62 രൂപയാണ് നിരക്ക്.

Read More : 3 പതിറ്റാണ്ടിന് ശേഷം റബ്ബര്‍ മുറിച്ച് നെല്‍കൃഷി; സാമുവേലിന് കൂട്ടായി നാട്ടുകാരും സ്കൂള്‍ വിദ്യാര്‍ത്ഥികളും

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സിപിഎം നേതാവ് മുസ്ലിം ലീഗിൽ ചേർന്നു; ഉപേക്ഷിച്ചത് 30 വർഷത്തെ സിപിഎം ബന്ധം, ഒരു വാഗ്ദാനവും ഇല്ലാതെയാണ് ലീഗിലേക്ക് വന്നതെന്ന് സുജ ചന്ദ്രബാബു
'ഭൂലോക അംഗവാലൻ കോഴികൾ'വരെ ഷിംജിതയ്ക്ക് എതിരെ വാചാലർ, ജീവിതം എല്ലാവർക്കും ഒരുപോലെ വിലപ്പെട്ടതെന്ന് ഷൈലജ