Asianet News MalayalamAsianet News Malayalam

3 പതിറ്റാണ്ടിന് ശേഷം റബ്ബര്‍ മുറിച്ച് നെല്‍കൃഷി; സാമുവേലിന് കൂട്ടായി നാട്ടുകാരും സ്കൂള്‍ വിദ്യാര്‍ത്ഥികളും

 മൂന്ന് പതിറ്റാണ്ടിന് ശേഷം റബ്ബര്‍ മുറിച്ച് നീക്കി വീണ്ടും നെല്‍കൃഷിയിലേക്ക് തിരിയുകയാണ് സാമുവേല്‍. ഇതിന്‍റെ ആദ്യ ശ്രമമായി നടത്തിയ ഞാറ് നട്ടത് വെള്ളം കയറി പൂര്‍ണമായി നശിച്ചിരുന്നു. എന്നാല്‍ ഇതില്‍ നിരാശനാകാതെ വീണ്ടും കൃഷിയിറക്കാന്‍ സാമുവേല്‍ തീരുമാനിച്ചതോടെ നാട്ടുകാരും കൂടെക്കൂടുകയായിരുന്നു. 

youth removes rubber trees and start paddy farming after almost 30 years
Author
First Published Nov 2, 2022, 3:14 AM IST

തിരുവനന്തപുരം: മൂന്ന് പതിറ്റാണ്ടിന് ശേഷം ഇറക്കിയ കൃഷി പ്രകൃതി ക്ഷോഭത്തിൽ നശിച്ചെങ്കിലും ആത്മവിശ്വാത്തോടെ വീണ്ടും ഞാറു നട്ട് സാമുവേൽ. എന്നാല്‍ ഇക്കുറി ഞാറ് നടുമ്പോള്‍ സാമുവേലിന് കൂട്ടായുള്ളത് സ്കൂള്‍ വിദ്യാര്‍ത്ഥികളാണ്. കാട്ടാക്കട കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ പെരിഞ്ഞാംകടവ് വാർഡിലെ കുഴിവിളാകത്ത് വീട്ടിൽ സാമുവേലിന്‍റെ നെൽ കൃഷിയുടെ ഞാറ് നടീൽ ആഘോഷത്തോടെ ആണ് നടന്നത്. ഇതിന് ഒരു കാരണമുണ്ട്. നേരത്തെ കൃഷിക്ക് ആളെ കിട്ടാതായതോടെ ഉണ്ടായിരുന്ന നിലത്തിൽ സാമുവേല്‍ റബ്ബര്‍ നട്ടിരുന്നു. മൂന്ന് പതിറ്റാണ്ടിന് ശേഷം റബ്ബര്‍ മുറിച്ച് നീക്കി വീണ്ടും നെല്‍കൃഷിയിലേക്ക് തിരിയുകയാണ് സാമുവേല്‍.

ഇതിന്‍റെ ആദ്യ ശ്രമമായി നടത്തിയ ഞാറ് നട്ടത് വെള്ളം കയറി പൂര്‍ണമായി നശിച്ചിരുന്നു. എന്നാല്‍ ഇതില്‍ നിരാശനാകാതെ വീണ്ടും കൃഷിയിറക്കാന്‍ സാമുവേല്‍ തീരുമാനിച്ചതോടെ നാട്ടുകാരും കൂടെക്കൂടുകയായിരുന്നു. പട്ടെകോണത്തെ 30 സെന്‍റ് നിലത്താണ് കൃഷിയിറക്കിയിരിക്കുന്നത്. ഇത്തവണ സമുവേലിനും കുടുംബത്തിനും നാട്ടുകാർക്കും കൃഷി വകുപ്പ് ജീവനക്കാർക്കും ഒപ്പം ഞാറു നടീൽ നേരിട്ട് കാണാൻ കാട്ടാക്കട, കള്ളിക്കാട് സ്വകാര്യ സ്കൂളുകളിലെ വിദ്യാർഥികളും എത്തി.  മണ്ണും കൃഷിയും പിന്നെ കർഷകരെയും അടുത്തറിഞ്ഞ് പഠിക്കാനായി പരമ്പരാഗത കർഷക വേഷത്തിലാണ് വിദ്യാര്‍ത്ഥികള്‍ എത്തിയത്.

വാഴ, കപ്പ,തുടങ്ങി കൃഷികളും ചെയ്യുന്ന സാമുവേൽ ഗ്രാമപഞ്ചായത്തിന്റെയും കള്ളിക്കാട് കൃഷി ഭവന്റെയും ആഭിമുഖ്യത്തിൽ ജൈവ വളം ഉപയോഗിച്ചുള്ള നെൽകൃഷിയാണ് ചെയ്യുന്നത്. ഇത്തവണ ശ്രേയ ഇനമാണ് വിത്ത് പാകിയത്. മാതൃക കർഷകനുള്ള പുരസ്കാരം കരസ്ഥമാക്കിയ രാജുവിന്റെ ഉപദേശവും സഹായവും ആണ് സമുവലിന് കരുത്ത്. ഡിഗ്രി പഠനം പൂർത്തിയാക്കി സ്വകാര്യ മേഖലയിൽ ജോലി നോക്കിയിരുന്ന സാമുവേലിന് അച്ഛന്റെ കാർഷിക താത്പര്യങ്ങളായിരുന്നു പകർന്ന് കിട്ടിയത്. ഈ താത്പര്യമാണ് പാട്ടേക്കോണത് മുപ്പത് സെന്ററിൽ കൃഷി ചെയ്യാന്‍ സാമുവേലിന് പ്രേരിപ്പിച്ചത്..ഭാര്യ മഞ്ജുവും ഒൻപത് വയസുകാരനായ മകൻ ജോഷോയും സമുവേലിന് എല്ലാ പിന്തുണയും നൽകി ഒപ്പമുണ്ട്.

വന്യ മൃഗങ്ങളുടെ ശല്യം ഒഴിവാക്കാൻ സോളാർ ഫെൻസിംഗ് സുരക്ഷാ ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീ അംഗങ്ങളെ ഉൾപ്പെടുത്തി പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ നെൽകൃഷി വ്യാപിപ്പിക്കുന്നതിന് ഉദ്ദേശം ഉണ്ടെന്നും പാട്ടത്തിന് കൂടുതൽ സ്ഥലം എടുക്കാനുള്ള തയാറെടുപ്പിലാണ് താനെന്നും സാമുവേൽ പറഞ്ഞു. സാമുവേലിന് കൃഷി വകുപ്പിൻ്റെ പൂർണ്ണ പിന്തുണ നൽകുമെന്ന് കൃഷി വകുപ്പിലെ ജീവനക്കാരി ശ്രീദേവി പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios