
കോട്ടയം: കെഎസ്ഇബി മരങ്ങാട്ടുപിള്ളി സെക്ഷനിലെ ജീവനക്കാരന്റെ ആത്മഹത്യ ശ്രമവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ പാലാ എക്സിക്യൂട്ടീവ് എഞ്ചിനീയർ ബാബുജാനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. തന്റെ മരണത്തിന് ഉത്തരവാദി ബാബുജാനാണെന്ന് ശബ്ദസന്ദേശം അയച്ച ശേഷമാണ് കെഎസ്ഇബി വർക്കർ ബിജുമോൻ ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ബാബുജാനെതിരെ നടപടി ആവശ്യപ്പെട്ട് 5 ദിവസമായി വിവിധ തൊഴിലാളി സംഘടനകൾ സമരത്തിലായിരുന്നു. ബിജുമോന്റെ ഭാര്യ കെഎസ്ഇബി ചെയർമാന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സൗത്ത് സോൺ ചീഫ് എഞ്ചിനീയർ നൽകിയ പ്രാഥമിക റിപ്പോർട്ട് പരിഗണിച്ചാണ് സസ്പെൻഷൻ ഉത്തരവിറക്കിയത്. തനിക്കെതിരായ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് ബാബുജാന്റെ വിശദീകരണം.
കുറവിലങ്ങാടാണ് ബിജുമോന്റെ സ്വദേശം. ഇങ്ങോട്ടേക്ക് ബിജുമോന് സ്ഥലം മാറ്റ ഉത്തരവ് കെഎസ്ഇബി ചീഫ് എഞ്ചിനീയര്‍ നൽകിയിരുന്നു. എന്നാൽ പാലാ എക്‌സിക്യൂട്ട് എന്‍ജിനീയർ തനിക്ക് സ്ഥലം മാറ്റം അനുവദിച്ചില്ലെന്നായിരുന്നു ബിജുമോന്റെ പരാതി. ഇക്കാര്യം നേരിട്ട് ആവശ്യപ്പെട്ടപ്പോൾ എക്സിക്യൂട്ടീവ് എഞ്ചിനീയർ ബാബുജാൻ തന്നെ അസഭ്യം പറഞ്ഞെന്നും ജാതിപ്പേര് വിളിച്ച് കരണത്തടിച്ചെന്നും ബിജുമോൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച ശബ്ദ സന്ദേശത്തിൽ ആരോപിച്ചിരുന്നു. ബിജുമോൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
എന്നാൽ ബിജുമോന്റെ ആരോപണങ്ങൾ വ്യാജമാണെന്ന് ആരോപണ വിധേയനായ എക്സിക്യൂട്ടീവ് എഞ്ചിനീയർ ബാബുജാൻ പറഞ്ഞു. കനത്ത മഴയുടെയും പ്രകൃതിക്ഷോഭങ്ങളുടെയും പശ്ചാത്തലത്തിലാണ് സ്ഥലംമാറ്റ ഉത്തരവുകൾ നടപ്പാക്കാത്തത്. ബിജുമോന്റേത് മാത്രമല്ല മറ്റു ചില ജീവനക്കാരുടെ സ്ഥലംമാറ്റ ഉത്തരവുകളും ഈ കാരണത്താൽ നടപ്പാക്കിയിട്ടില്ലെന്നും ബാബുജാൻ വിശദീകരിച്ചു. മുഴുവൻ സമയവും തുറന്നു കിടക്കുന്ന തന്റെ ഓഫീസിൽ വച്ച് ബിജുമോനെ മർദ്ദിച്ചെന്ന ആരോപണം കള്ളമാണ്. കഴിഞ്ഞ വര്‍ഷം സഹപ്രവര്‍ത്തകനെ മര്‍ദ്ദിച്ചതിന് ബിജുമോനെതിരെ വകുപ്പുതല നടപടികള്‍ നടന്നുവരികയാണ്. ഈ സംഭവത്തില്‍ നടപടിയെടുക്കേണ്ട തന്നെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമമാണ് ബിജുമോൻ നടത്തിയതെന്നും ബാബുജാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ തന്നെ മോശമായി ചിത്രീകരിക്കുന്നുവെന്ന് കാട്ടി ബാബുജാൻ വ്യാഴാഴ്ച രാത്രി തന്നെ കോട്ടയം സൈബർ സെല്ലിൽ പരാതി നൽകിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam