കൊച്ചി കോർപ്പറേഷൻ മേയർ പ്രഖ്യാപനം നീളുന്നു. കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിന് സാധ്യത കൂടുതൽ

കൊച്ചി: കൊച്ചി കോർപ്പറേഷൻ മേയർ പ്രഖ്യാപനം നീളുന്നു. കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിന് സാധ്യത കൂടുതൽ ഉണ്ടെങ്കിലും ടേം വ്യവസ്ഥയില്‍ കൂടുതൽ പേരെ പരിഗണിക്കണോ എന്നതിൽ ചർച്ചകൾ തുടരുകയാണ് നേതൃത്വം. 76 അംഗ കൗൺസിൽ കൊച്ചി കോർപ്പറേഷനിൽ ചുമതല ഏറ്റെടുത്തു. വലിയ ഭൂരിപക്ഷത്തിൽ ഭരണം തിരിച്ചുപിടിച്ചതിന്‍റെ ആഹ്ലാദത്തിലാണ് കൊച്ചിയിൽ യുഡിഎഫ് ക്യാമ്പ്. എന്നാൽ ആരാകണം മേയർ എന്നതിൽ ഫലം പുറത്തുവന്ന ഒരാഴ്ചയാകുമ്പോഴും സമവായമായിട്ടില്ല. പദവിയും സീനിയോറിറ്റിയും എങ്കിൽ കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്, ലത്തീൻ സമുദായ പരിഗണ എങ്കിൽ മഹിളാ കോൺഗ്രസ് ഉപാധ്യക്ഷ അഡ്വ. വി കെ മിനിമോൾ, സമുദായവും ഫോർട്ട് കൊച്ചി പരിഗണനയും എങ്കിൽ ഷൈനി മാത്യുവു സ്ഥാനത്തെത്താനുള്ള സാധ്യതയാണുള്ളത്.

വിട്ടുവീഴ്ച ചെയ്യേണ്ട എന്ന നിലപാടാണ് ദീപ്തി മേരിയെ അനുകൂലിക്കുന്നവർ സ്വീകരിച്ചിരിക്കുന്നത്. കെപിസിസി സംഘടനാ പദവിയിൽ ഉന്നത സ്ഥാനത്തിരിക്കുന്നവരെ മേയർ ആയി പരിഗണിക്കണമെന്ന പാർട്ടി സർക്കുലറും ഇവർ ഉയർത്തിക്കാട്ടുന്നു. ഹോൾഡ് വികസനത്തിൽ പിന്നോക്കം നിൽക്കുന്ന കൊച്ചി മേഖലയിൽ നിന്ന് ഷൈനി മാത്യുവിനെ പരിഗണിക്കണം എന്ന ആവശ്യവുമായി കോൺഗ്രസ് രണ്ട് ബ്ലോക്ക് പ്രസിഡന്‍റുമാർ പാർട്ടി നേതൃത്വത്തിന് കത്ത് നൽകിയിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സമുദായങ്ങളെ എങ്ങനെ ഉൾപ്പെടുത്തണം എന്നതിലും നേതാക്കൾ പല അഭിപ്രായങ്ങൾ പങ്കുവെക്കുന്നുണ്ട്. എന്നാൽ പ്രതിപക്ഷ നേതാവിന്‍റെ ജില്ലയിൽ വലിയ അസ്വാരസ്യങ്ങൾ പുറത്ത് വന്നാൽ കൊച്ചിയിൽ ഭരണം തിരിച്ചുപിടിച്ചതിന്‍റെ ശോഭ തന്നെ കിട്ടും. 

അതിനാൽ ഇന്നും നാളെയുമായി കൂടി ആലോചിച്ച് അന്തിമ തീരുമാനത്തിലെത്താൻ ആണ് ശ്രമം. കോൺഗ്രസ് കൗൺസിലർമാരായ കെവി പി കൃഷ്ണകുമാർ, ദീപക് ജോയ് എന്നിവരെ ആണ് ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് യുഡിഎഫ് പരിഗണിക്കുന്നത്. പ്രശ്നങ്ങളില്ലാതെ ആത്മവിശ്വാസത്തോടെ കൊച്ചി കോർപ്പറേഷൻ ഭരണത്തിന്‍റെ ആദ്യ ദിനങ്ങൾ തുടങ്ങിവയ്ക്കുക എന്നത് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കാണുന്ന യുഡിഎഫിന് നിർണായകമാണ്.

YouTube video player