23 കോടിയിൽ നിന്ന് 43 കോടി വരുമാനമാക്കി കെഎസ്ആർടിസിയുടെ കുതിപ്പ്; ബജറ്റ് ടൂറിസം സെല്ലിന് മികച്ച നേട്ടം, കണക്കുകൾ പുറത്ത്

Published : Feb 01, 2026, 01:20 AM IST
KSRTC budget tourism cell

Synopsis

കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ 2024-25 സാമ്പത്തിക വർഷത്തിൽ 43 കോടി രൂപയുടെ റെക്കോർഡ് വരുമാനം നേടി, മുൻ വർഷത്തെ 23 കോടിയിൽ നിന്ന് വൻ കുതിച്ചുചാട്ടം. തിരുവനന്തപുരം, മൂന്നാർ ഡബിൾ ഡെക്കർ സർവീസുകൾ വൻ വിജയം. 

കൊല്ലം: കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെല്ലിന് മികച്ച നേട്ടം. 2023-24 സാമ്പത്തിക വർഷത്തിൽ 23 കോടി രൂപയായിരുന്ന വാർഷിക വരുമാനം, 2024-25 കാലയളവിൽ 43 കോടി രൂപയായി ഉയർന്നു. നൂതനവും വൈവിധ്യമാർന്നതുമായ വിനോദസഞ്ചാര പദ്ധതികൾ ആവിഷ്‌കരിച്ച് വിജയകരമായി നടപ്പിലാക്കിയാണ് ഈ നേട്ടം കെഎസ്ആർടിസി കൈവരിച്ചത്. തിരുവനന്തപുരം നഗരക്കാഴ്ചകൾ എന്ന പേരിലുള്ള ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് സർവീസ്, മൂന്നാറിലെ 'റോയൽ വ്യൂ' ഗ്ലാസ് ടോപ്പ് ഡബിൾ ഡെക്കർ, കൊച്ചി ഡബിൾ ഡെക്കർ സിറ്റി ടൂർ, വിദ്യാർത്ഥികൾക്കായി വിനോദവും വിജ്ഞാനവും കോർത്തിണക്കിയ ട്രാവൽ ടു ടെക്നോളജി പാക്കേജുകൾ, തീർത്ഥാടന ടൂറിസം പാക്കേജുകൾ, അന്തർസംസ്ഥാന ടൂറിസം പാക്കേജുകൾ തുടങ്ങിയവയാണ് ഇതിൽ പ്രധാനപ്പെട്ടത്.

2024 മാർച്ചിൽ ആരംഭിച്ച തിരുവനന്തപുരം നഗരക്കാഴ്ചകൾ പാക്കേജിന്റെ ഭാഗമായി 1,191 സർവീസുകൾ നടത്തി 2.77 കോടി രൂപ വരുമാനം നേടി. 2.08 കോടി രൂപയാണ് ഈ പദ്ധതിയുടെ പ്രവർത്തന ലാഭം. 2025 ഫെബ്രുവരിയിൽ ആരംഭിച്ച മൂന്നാർ 'റോയൽ വ്യൂ' ഗ്ലാസ് ടോപ്പ് ഡബിൾ ഡെക്കർ സർവീസ് 1.18 കോടി രൂപയുടെ കളക്ഷൻ നേടി. സംസ്ഥാനത്തിന് അകത്തും പുറത്തും പ്രശസ്തമായ ഇതിന്റെ വിജയത്തെത്തുടർന്ന് 2026 ജനുവരി 2 മുതൽ രണ്ടാമതൊരു ബസ് കൂടി റോയൽ വ്യൂ.2 എന്ന പേരിൽ സർവീസ് ആരംഭിച്ചിട്ടുണ്ട്. 2025 ജൂലൈയിൽ ആരംഭിച്ച കൊച്ചി ഡബിൾ ഡെക്കർ സിറ്റി ടൂർ പദ്ധതിയിലൂടെ 3,712 യാത്രക്കാർ കൊച്ചി നഗരക്കാഴ്ചകൾ ആസ്വദിച്ചു. സ്‌കൂളുകളെയും കോളേജുകളെയും കേന്ദ്രീകരിച്ച് നടത്തിയ വിദ്യാർത്ഥി ടൂറിസത്തിന് 310 ട്രിപ്പുകളിലൂടെ ലഭിച്ച വരുമാനം 27 ലക്ഷം രൂപയാണ്.

പുതിയ മാറ്റങ്ങളും വിപുലീകരണവും ലക്ഷ്യമിട്ട് ബഡ്ജറ്റ് ടൂറിസത്തിനായി പ്രത്യേക തീമിൽ ബ്രാൻഡഡ് ബസുകൾ അവതരിപ്പിച്ചത് യാത്രക്കാരെ കൂടുതലായി ആകർഷിക്കാൻ സഹായകമായി. കൂടാതെ ദശാവതാര ക്ഷേത്രദർശനം, നാലമ്പല ദർശനം, പഞ്ചപാണ്ഡവ ക്ഷേത്രദർശനം, കൃപാസനം പാക്കേജ് തുടങ്ങിയ ക്ഷേത്ര ടൂറിസം പാക്കേജുകളും രാമേശ്വരം, മധുര തുടങ്ങിയ അന്തർസംസ്ഥാന തീർത്ഥാടന ടൂറിസം പാക്കേജുകളും കെഎസ്ആർടിസിക്ക് അധിക വരുമാനം ഉറപ്പാക്കുന്നു. തീർത്ഥാടന ടൂറിസം പാക്കേജുകളിൽ പുതിയതായി ഗുരുവായൂർ ദേവസ്വം ബോർഡുമായും കെഎസ്ആർടിസി കൈകോർക്കാനൊരുങ്ങുകയാണ്. ഈ പാക്കേജിൽ ഗുരുവായൂർ ക്ഷേത്രത്തിൽ പോകുന്നവർക്ക് ഡോർമെട്രി സൗകര്യവും പ്രത്യേക ക്യൂവിലൂടെ ദർശന സൗകര്യവും ഒരുക്കും. ഇത്തരത്തിൽ വൈവിധ്യപൂർണ്ണമായ കൂടുതൽ പാക്കേജുകളിലൂടെ കെഎസ്ആർടിസി മികച്ച സേവനം ജനങ്ങൾക്ക് ഉറപ്പാക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വർഷത്തിൽ ആകെ നൽകേണ്ടത് 687 രൂപ, 5 ലക്ഷത്തിന്റെ കവറേജ്, കൂടുതല്‍ ആശുപത്രികളുടെ സേവനം; മെഡിസെപ് രണ്ടാം ഘട്ടം നാളെ മുതൽ പ്രാബല്യത്തിൽ
സഹോദരനെ വീട്ടില്‍ കയറി ആക്രമിച്ചത് ചോദ്യം ചെയ്യാനെത്തിയ യുവാക്കളെ കാറിടിച്ച് തെറിപ്പിച്ചു, പ്രതികൾക്കായി തെരച്ചിൽ