ക്യാമറയ്ക്ക് നിരോധനം; 40 വര്‍ഷം മുമ്പ് ചിത്രമെടുത്ത ഫോട്ടോഗ്രാഫര്‍ക്കും മംഗളാദേവിയില്‍ പോകാനായില്ലെന്ന് പരാതി

By K G BaluFirst Published Apr 18, 2022, 5:20 PM IST
Highlights

ഫോണ്‍ അടക്കമുള്ള മൊബൈല്‍ ഫോണുകള്‍ കടത്തി വിടുന്നുമുണ്ട്. ഇത്തരം ഫോണുകള്‍ ഉപയോഗിച്ച് ക്യാമറയില്‍ എടുക്കുന്ന അതേ ക്വാളിറ്റിയില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയുമെന്നിരിക്കെയാണ് ഡിഎസ്എല്‍ആര്‍ ക്യാമറകള്‍ക്ക് കേരളാ വനം വകുപ്പ് വിലക്ക് കല്‍പ്പിക്കുന്നതെന്നും ഇത്തരം അയുക്തികമായ കാരണങ്ങള്‍ കാലാനുശ്രുതമായി മാറ്റേണ്ടതാണെന്നും അവര്‍ പറഞ്ഞു. 

1980 ലെ മംഗളാ ദേവി ക്ഷേത്രത്തിന്‍റെ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ക്ക് 2022 ല്‍ ക്യാമറയുമായി മംഗളാദേവി ക്ഷേത്ര ദര്‍ശനത്തിന് അനുമതി ലഭിച്ചില്ലെന്ന് ആരോപണം. ഇടുക്കി ജില്ലയിലെ കുമളിക്ക് സമീപമുള്ള കേരളത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ക്ഷേത്രങ്ങളിലൊന്നായ മംഗളാ ദേവി ക്ഷേത്രത്തിന്‍റെ ചിത്രങ്ങളിലൊന്ന് പകര്‍ത്തിയ ട്രാവല്‍- വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ സഖറിയ പൊന്‍കുന്നത്തിനാണ് ഇത്തരമൊരു ദുരനുഭവം. വര്‍ഷത്തില്‍ ഒരുതവണ മാത്രമാണ് മംഗളാദേവി ക്ഷേത്രത്തിലേക്കുള്ള പ്രവേശനാനുമതി നല്‍കുന്നത്. ഇതിനായി എത്തിയതായിരുന്നു സഖറിയ അടങ്ങിയ വൈല്‍ഡ് - ട്രാവല്‍ ഫോട്ടോഗ്രാഫര്‍മാരുടെ സംഘം. എന്നാല്‍, ഉന്നത തല നിര്‍ദ്ദേശത്തെ തുടര്‍ന്ന് കടുവാ സങ്കേതത്തിനകത്തേക്ക് ക്യാമറ കടത്തി വിടാന്‍ പറ്റില്ലെന്ന് വനം വകുപ്പ് ഉദ്യാഗസ്ഥര്‍ അറിയിച്ചു. ഇതിനെ തുടര്‍ന്ന് സംഘത്തിന് പിന്തിരിയേണ്ടിവന്നു. 

ഇത് സംബന്ധിച്ച് സഖറിയ തന്‍റെ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി. കാലഹരണപ്പെട്ടെ നിയമമാണിതെന്നും ഇത്തരം നിയമങ്ങള്‍ കാലാനുസൃതമായി പരിഷ്ക്കരിക്കേണ്ട ആവശ്യമുണ്ടെന്നും സംഘത്തിലെ മറ്റൊരു ഫോട്ടോഗ്രാഫറായ ജോണ്‍ മത്തായി സാബു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. 

'ഡോ.സാജു പാല, സണ്ണി, ബേബി, ടോമി, മറ്റ് രണ്ട് പേരും പിന്നെ ഞാനുമടങ്ങിയ ഏഴംഗ സംഘം 1980 ല്‍ മംഗളാ ദേവി ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. അന്ന് ഇന്നത്തെ പോലെ ജീപ്പ് സര്‍വ്വീസ് ഒന്നുമില്ല. 14 കിലോമീറ്റര്‍ കാല്‍നടയായി തന്നെ മലകയറണം. പക്ഷേ, അന്നും വനംവകുപ്പിന്‍റെ അനുമതി ആവശ്യമായിരുന്നു. ഉച്ച കഴിഞ്ഞ് ഏതാണ്ട് രണ്ട് മണിയോടെയാണ് ഞങ്ങള്‍ അന്ന് വനം വകുപ്പിന്‍റെ അനുമതിയോടെ മംഗളാദേവി ക്ഷേത്രത്തിലേക്ക് യാത്ര ആരംഭിച്ച'തെന്ന് സഖറിയ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് തന്‍റെ ആദ്യ മംഗളാ ദേവി യാത്രയെ കുറിച്ച് പറഞ്ഞു. 

"ഉച്ച കഴിഞ്ഞാണ് ഞങ്ങള്‍ യാത്രയാരംഭിച്ചത് അതിനാല്‍ അന്ന് രാത്രി തിരിച്ചിറങ്ങരുതെന്ന് വനം വകുപ്പിന്‍റെ പ്രത്യേക നിര്‍ദ്ദേശമുണ്ടായിരുന്നു. അങ്ങനെ രണ്ട് മണിയോടെ മല കയറാനാരംഭിച്ച ഞങ്ങള്‍ വൈകീട്ടോടെ ക്ഷേത്രത്തിന് സമീപത്തെത്തി. കൂടെയുണ്ടായിരുന്നവരെല്ലാം ഹൈറേഞ്ചുകാരായിരുന്നതിനാല്‍ കാട്ടിലെങ്ങനെ രാത്രി കഴിയണമെന്ന് അവര്‍ക്ക് നല്ല നിശ്ചയമുണ്ടായിരുന്നു. അവിടെ ക്ഷേത്രത്തിന് മുന്നില്‍ തന്നെ തീ കൂട്ടി അന്ന് രാത്രി അവിടെ കഴിച്ച് കൂട്ടി. രാവിലെ ക്ഷേത്രത്തിന്‍റെ ചിത്രവുമെടുത്ത ശേഷമാണ് ഞങ്ങള്‍ തിരിച്ചിറങ്ങിയത്." അദ്ദേഹം തുടര്‍ന്നു. 
 

1980 ല്‍ സഖറിയ തന്‍റെ ഫിലിം ക്യാമറയില്‍ പകര്‍ത്തിയ മംഗളാദേവി ക്ഷേത്രത്തിന്‍റെ ചിത്രം.

ഇത്തവണ ഞങ്ങള്‍ നാല് ഫോട്ടോഗ്രാഫര്‍മാരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. 5.30 തന്നെ കുമളിയില്‍ ക്യൂ നിന്ന ഞങ്ങള്‍ക്ക് മണിക്കൂറുകള്‍ കഴിഞ്ഞാണ് മലയിലേക്കുള്ള ജീപ്പില്‍ കയറാന്‍ പറ്റിയത്. ഏതാണ്ട് ഒരു മണിക്കൂറോളം നേരം ജീപ്പിലിരുന്നാണ് രണ്ടാമത്തെ ചെക് പോയിന്‍റിലെത്തിയത്. അവിടെ മെന്‍റല്‍ഡിറ്റക്റ്ററിലൂടെ കടന്ന് പോകുമ്പോഴാണ് വനത്തിനകത്തേക്ക് ക്യാമറയ്ക്ക് പ്രവേശനമില്ലെന്ന് വനം വകുപ്പ് അറിക്കുന്നത്. ഞങ്ങള്‍ പ്രഫഷണല്‍ ക്യാമറാമാന്മാരാണെന്നും ഇതിന് മുമ്പും ഇവിടെ എത്തിയിരുന്നെന്നും തെളിവ് സഹിതം വനംവകുപ്പ് ഉദ്യോഗസ്ഥരെ കാണിച്ചു. എന്നാല്‍, ഒരു കാരണവശാലും വനത്തിനുള്ളിലേക്ക് ക്യാമറ കടത്തിവിടാന്‍ കഴിയില്ലെന്നും അത് ഉന്നതതല തീരുമാനമാണെന്നും അറിയിക്കുകയായിരുന്നു. ഒടുവില്‍ മലകയറാതെ തിരിച്ചിറങ്ങുകയായിരുന്നെന്നും സഖറിയ പറയുന്നു.

 

സഖറിയയുടെ ഫേസ്ബുക്ക് പോസ്റ്റ് : 

 

വളരെ ദു:ഖത്തോടെയും അമർഷത്തോടെയും ആണ് ഈ വാക്കുകൾ കുറിക്കുന്നത് കാരണം യാത്ര ചെയ്യുകയും ആ യാത്രകളുടെ നേർക്കാഴ്ചകൾ യാത്ര ചെയ്യാൻ സാധിക്കാത്തവരിലേക്ക് എത്തിക്കുകയും ചെയ്യുക എന്നത് ഒരു ഫോട്ടോഗ്രാഫർ എന്ന നിലയിൽ എന്‍റെ കടമ എന്നു ഞാൻ കരുതുന്നു. എന്‍റെ യാത്രകളുടെ ധാരാളം ചിത്രങ്ങൾ, അപൂർവ്വ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ധാരാളമായി ഇട്ടിട്ടുണ്ട്. 40 വർഷം മുൻപ് ഞാൻ എടുത്ത ആർക്കും വേണ്ടാതെ കിടന്നിരുന്ന മംഗള ദേവി ക്ഷേത്രത്തിന്‍റെ ചിത്രം കഴിഞ്ഞ ദിവസം ഇട്ടിരുന്നു. അത്തരം ഒരു ചിത്രം വനം വകുപ്പിന്‍റെ കൈയിലോ ഏതെങ്കിലും മീഡിയക്കാരുടെ ശേഖരത്തിലോ ഉണ്ട് എന്ന് ഞാൻ കരുതുന്നില്ല. 

അങ്ങനെ 40 വർഷങ്ങൾക്ക് ശേഷം ഇന്ന് ചിത്രപൗർണ്ണദിനത്തിൽ വലിയ ആഗ്രഹത്തോടെ വീണ്ടും മംഗള ദേവിയിലേക്ക് പോകാൻ വെളുപ്പിനെ 5.30ന് ഞങ്ങൾ നാലു ഫോട്ടോഗ്രാഫേഴ്സ് കുമളിയിൽ എത്തി. വനം വകുപ്പിന്‍റെ പെർമിറ്റ് പ്രകാരമുള്ള ജീപ്പിൽ കയറി അവിടെ അവർ ഒന്നും വിലക്കിയില്ല രാവിലെ തന്നെ ആയിരക്കണക്കിന്ന് ജനം ജീപ്പ് കാത്ത് ക്യൂവിൽ. ഏതാണ്ട് ഒന്നര മണിക്കൂർ കൊണ്ട് 3 കിലോമീറ്റർ അകലെ വനം വകുപ്പിന്‍റെ ചെക്ക് പോസ്റ്റിൽ എത്തി. അവിടെയും കടന്നു. രണ്ടാമത്തെ ചെക്ക് പോസ്റ്റിൽ എത്തി. അവിടെ വാഹനത്തിൽ നിന്നിറക്കി മുഴുവൻ സഞ്ചാരികളെയും മെറ്റൽ ഡിറ്റക്ടർ വഴി കടത്തി. എല്ലാ പരിശോധനയും നടത്തി അവിടെ വെച്ച് ഞങ്ങളുടെ ബാഗ് പരിശോധിച്ച് ക്യാമറ വിലക്കുന്നു. ക്യാമറ കൊണ്ടു പോകാൻ പാടില്ലത്രെ. മീഡിയക്കാർ അല്ലാത്തവരെ ക്യാമറയുമായി " അലൌഡ് " അല്ല എന്ന് കർശനമായ വിലക്ക്. ഞങ്ങൾ ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍റെ ID കാർഡ് കാണിച്ചു കാര്യങ്ങൾ സംസാരിച്ചു. പക്ഷേ അവർ സമ്മതിക്കില്ല ഉന്നതതല യോഗ തീരുമാനം ആണത്രെ. ഏത് "ഉന്നതതല " ആണാവോ പ്രൊഫഷണൽ ഫോട്ടോഗ്രാഫഴ്സിനെ അവിടെ വിലക്കാൻ തീരുമാനം എടുത്തത് ആവോ? അതിന്‍റെ നേട്ടം എന്ത് എന്ന് കൂടി ആ "ഉന്നതതല "ഒന്നു വിശദീകരിച്ചാൽ ഉപകാരമായിരുന്നു. ഈ വിലക്ക് കുമളിയിൽ ജീപ്പിൽ കയറുമ്പോൾ പറഞ്ഞിരുന്നെങ്കിൽ സമയവും പണവും ലാഭമായിരുന്നു. ഒരു യാത്ര തുടങ്ങി പകുതി എത്തുമ്പോൾ വിലക്കുകളും

നിയമങ്ങളും കൊണ്ട് മനുഷ്യരെ വലയ്ക്കുന്നതിൽ ഈ ഉദ്യോഗസ്ഥർക്ക് എന്ത് രസമാണ് ഉള്ളത്? ഈ നാടിന്‍റെ ഭംഗി ഈ നാടിന്‍റെ പാരമ്പര്യം ഈ നാടിന്‍റെ ആഘോഷങ്ങൾ ഈ നാടിന്‍റെ ഉത്സവങ്ങൾ  നാടിന്‍റെ സകല ഭംഗിയും സകല നന്മകളും ഞങ്ങളേ പോലെ സ്വന്തം കീശയിലെ കാശ് മുടക്കി യാത്ര ചെയ്ത് സോഷ്യൽ മീഡിയകളിൽ പ്രസിദ്ധീകരിക്കുന്നതാണ് ഈ ലോകം കാണുന്നത് അറിയുന്നത്. അതിനെ ഒരു ദിവസം വിലക്കുമ്പോൾ ഒരു നിമിഷം നോ എന്ന് പറയുമ്പോൾ ഈ നാടിന് തന്നെ നഷ്ടം കാട്ടുകള്ളന്മാരെ കണ്ടതുപോലെ ഞങ്ങളെ വിലക്കിയിട്ട് നിങ്ങൾ ഇന്ന് എന്തു നേടി എന്ന് കൂടി ബഹുമാനപ്പെട്ട കാട്ടിലെ കാക്കികൾ മറുപടി പറയണം. മൊബൈൽ ഫോണിൽ എന്തും എടുക്കാം. പ്രൊഫഷണൽ ക്യാമറ പുറത്തെടുക്കാൻ അനുവാദമില്ല. ഇതൊക്കെ എന്തു കാടൻ തീരുമാനങ്ങളും നിയമങ്ങളും ആണ്?

മനുഷ്യനാവണം മനുഷ്യനാവണം എന്ന് പാടുക മാത്രം പോരാ: മരഷ്യനാകാൻ പഠിക്കണം. വനം വകുപ്പ് ആയതു കൊണ്ട് മനുഷ്യരെ കണ്ടിട്ടില്ലാത്തതു പോലെ പെരുമാറണം എന്ന് വനനിയമത്തിൽ ഉണ്ടോ? ഇന്നാടിന്‍റെ ഭംഗി എന്നും ക്യാമറയിൽ പകർത്തി വരും തലമുറക്ക് ഒരു അനുഗ്രഹമായി സൂക്ഷിക്കണമെന്ന്‌ ആഗ്രഹമുള്ള ഞങ്ങളെ 'ഇന്ന് പ്രൊഫഷണൽ ഫോട്ടോഗ്രാഫർ ആയതു കൊണ്ട് തേക്കടിയിൽ വിലക്കിയ ഉദ്യോഗസ്ഥർക്കെതിരെയുള്ള അതിശക്തമായ അമർഷം  പ്രതിഷേധം ഇവിടെ രേഖപ്പെടുത്തുന്നു. ബന്ധപ്പെട്ട അധികാരികൾ ഇതു ശ്രദ്ധിക്കണം കേരളത്തിലെ പ്രൊഫഷണൽ ഫോട്ടോഗ്രാഫി മേഖലയിലെ സംഘടനകൾ എല്ലാം ഇക്കാര്യത്തിൽ പ്രതിഷേധിക്കണം. ക്യാമറ നമ്മുടെ ആയുധമാണ്. നമ്മൾ പകർത്തുന്നത് വെറും ചിത്രമല്ല ചരിത്രമാണ്. 

ഫോട്ടോഗ്രാഫേഴ്സ്

1 ബെന്നറ്റ് ജോസഫ് മുണ്ടക്കയം.
2 ജോൺ മത്തായി സാബു ചങ്ങനാശേരി.
3 ഓമനക്കുട്ടൻ നായർ കോട്ടയം.
4 സഖറിയ പൊൻകുന്നം.

കേരളത്തിന് വെളിയിലുള്ള ഇന്ത്യയിലെ മറ്റ് ദേശീയ ഉദ്യാനങ്ങളില്‍ അടച്ച് കഴിഞ്ഞാല്‍ ഫോട്ടഗ്രാഫര്‍മാര്‍ക്ക് വനത്തിനകത്തേക്ക് ക്യാമറ കൊണ്ടുപോകാന്‍ കഴിയും. എന്നാല്‍, കേരളത്തില്‍ പലയിടത്തും ക്യാമറ കടത്തിവിടാന്‍ വനം വകുപ്പ് അനുമതി നല്‍കാറില്ലെന്നും സംഘത്തിലുണ്ടായിരുന്ന ജോൺ മത്തായി സാബു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. അതുമത്രമല്ല, ഐ ഫോണ്‍ അടക്കമുള്ള മൊബൈല്‍ ഫോണുകള്‍ കടത്തി വിടുന്നുമുണ്ട്. ഇത്തരം ഫോണുകള്‍ ഉപയോഗിച്ച് ക്യാമറയില്‍ എടുക്കുന്ന അതേ ക്വാളിറ്റിയില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയുമെന്നിരിക്കെയാണ് ഡിഎസ്എല്‍ആര്‍ ക്യാമറകള്‍ക്ക് വനം വകുപ്പ് വിലക്ക് കല്‍പ്പിക്കുന്നതെന്നും ഇത്തരം അയുക്തികമായ കാരണങ്ങള്‍ കാലാനുശ്രുതമായി മാറ്റേണ്ടതാണെന്നും ജോൺ മത്തായി സാബു അഭിപ്രായപ്പെട്ടു. 

'മംഗളാദേവി പോലുള്ള സ്ഥലങ്ങള്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളല്ല. മറിച്ച് തീര്‍ത്ഥാടന കേന്ദ്രങ്ങളാണ്. അവിടം ഒരു ടൂറിസ്റ്റ് സെന്‍ററെന്ന നിലയില്‍ ആളുകള്‍ വന്ന് പോകുന്നതിനോട് വനം വകുപ്പിന് താത്പര്യമില്ലെന്ന് റേഞ്ച് ഓഫീസര്‍ അഖില്‍ ബാബു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. ഇത്തരം കേന്ദ്രങ്ങളെ ഒരിക്കലും ടൂറിസ്റ്റ് കേന്ദ്രങ്ങളായി മാറ്റാതിരിക്കാനാണ് വനം വകുപ്പ് ശ്രമിക്കുന്നത്. ഇത് ഒഴിവാക്കാനാകാത്ത ഒരു തീര്‍ത്ഥാടന കേന്ദ്രമായത് കൊണ്ട് മാത്രമാണ് ജനങ്ങളെ കടത്തിവിടുന്നതെന്നും അഖില്‍ ബാബു പറഞ്ഞു. മംഗളാദേവിക്ഷേത്രം സ്ഥിതി ചെയ്യുന്നത് ടൈഗര്‍ റിസര്‍വിന്‍റെ കോര്‍ ഏരിയയിലാണ്. അവിടെ ഒരു കാരണവശാലും ടൂറിസത്തിന് അവസരം നല്‍കില്ല. മാത്രമല്ല. രണ്ട് കലക്ടര്‍മാരുടെ യോഗത്തിലാണ് മംഗളാദേവി തീര്‍ത്ഥാനടത്തിന്‍റെ നടപടി ക്രമങ്ങള്‍ തീരുമാനിക്കുന്നത്. ആ യോഗത്തിലെ മിനിറ്റ്സില്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട് സ്റ്റില്‍ ക്യാമറയോ, വീഡിയോ ക്യാമറയോ അനുവദനീയമല്ലെന്ന്. ശബരിമലയില്‍ ആളുകള്‍ പോകുന്നത് ടൂറിസത്തിനല്ലല്ലോ. അത് പോലെ തന്നെയാണ് ഇതും. ഇവിടെയും ഭക്തര്‍ക്ക് പോകാന്‍ ഒരു തടസവുമില്ലെ'ന്നും റേഞ്ച് ഓഫീസര്‍ അഖില്‍ ബാബു പറഞ്ഞു. 'ഇന്ത്യയിലെ മറ്റ് വനോദ്യാനങ്ങളെ പോലെ കേരളവും പണം നല്‍കി ബഫര്‍ സോണ്‍വരെ ക്യാമറ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നുണ്ട്. ബഫര്‍സോണും കടന്ന് കോര്‍ ഏരിയയില്‍ ക്യാമറ ഉപയോഗത്തിന് എല്ലായിടത്തും വിലക്കുണ്ടെ'ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 

 

'മംഗളാദേവി ഉത്സവത്തിനിടെ ഒരു വനം വകുപ്പ് ഉദ്യോഗസ്ഥനെ ആനയോടിച്ച് കുഴിയില്‍ ചാടിച്ച വീഡിയോ വൈറലായിരുന്നു. അദ്ദേഹം ചെയ്തത് ലെന്‍സ് ഘടിപ്പിച്ച മൊബൈല്‍ ക്യാമറ ഉപയോഗിച്ച് ആനയുടെ ചിത്രമെടുക്കാന്‍ ശ്രമിച്ചതാണ്. ഒന്നോ രണ്ടോ ആളുകള്‍ പോകുമ്പോള്‍ അപകടമുണ്ടാകുന്നത് പോലയല്ല ഒരു കൂട്ടം ആളുകള്‍ പോകുമ്പോള്‍ ഇത്തരത്തില്‍ അപകടമുണ്ടാകുന്നത്. അതിന്‍റെ വ്യാപ്തി കൂടും. അപകടവും കൂടും. ഇത്തരം പ്രശ്നങ്ങളെ കൂടി കണക്കിലെടുത്താണ് ഡിഎസ്എല്‍ആര്‍ ക്യാമറകള്‍ക്ക് അനുമതി നിഷേധിക്കുന്ന'തെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇത്രയും ആളുകളെത്തുമ്പോള്‍, ജനങ്ങളെ നിയന്ത്രിക്കാനുള്ള സംവിധാനം കേരളത്തിലെ വനംവകുപ്പിനില്ല. അതിനാലാണ് ഇത്തരം കാര്യങ്ങള്‍ നേരത്തെ തന്നെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വനത്തിനകത്ത് എവിടെ നിന്നും ചിത്രങ്ങളെടുക്കാനുള്ള അനുമതി വനം വകുപ്പ് നല്‍കാറില്ല. മറിച്ച് ഫോട്ടോഗ്രഫി അനുവദിച്ചിട്ടുള്ള സ്ഥലങ്ങളുണ്ട്. അവിടെ നിന്നും ചിത്രങ്ങള്‍ എടുക്കാനുള്ള അനുമതി മാത്രമേ വനം വകുപ്പ് നല്‍കുകയുള്ളൂ. വനത്തിനുള്ളില്‍ സാധാരണക്കാര്‍ക്ക് പ്രവേശനം, ക്യാമറ എന്നിവ അനുമതിക്കാനും നിഷേധിക്കാനുമുള്ള അധികാരം വനംവകുപ്പിനുണ്ടെന്നും അഖില്‍ ബാബു കൂട്ടിച്ചേര്‍ത്തു. 
 

click me!