
കൊച്ചി : ദേശീയ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ കെഎസ്ആര്‍ടിസിയിൽ വരുത്തിയ കുടിശ്ശിക ആറ് മാസത്തിനകം അടച്ചു തീർക്കണമെന്ന് ഹൈക്കോടതി. 9000 ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പിടിച്ച തുക വക മാറ്റിയ കോര്‍പ്പറേഷൻ നടപടിക്കെതിരെ ജീവനക്കാർ നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം. 2014 മുതൽ 2023 വരെയുള്ള കുടിശിക തുകയായി 251 കോടി രൂപയാണ് കെഎസ്ആര്‍ടിസി അടച്ച് തീര്‍ക്കേണ്ടത്. സാമ്പത്തിക പ്രതിസന്ധി കാരണമാണ് തുക അടക്കാൻ കഴിയാതിരുന്നതെന്നായിരുന്നു കെഎസ്ആര്‍ടിസി വിശദീകരണം. എന്നാൽ ദേശീയ പെൻഷൻ പദ്ധതിയിലേക്ക് അടക്കേണ്ട തുക വകമാറ്റിയത് അംഗീകരിക്കാനാവില്ലെന്നും ഉടൻ അടച്ചുതീര്‍ക്കണമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി.
അതിനിടെ പ്രതിസന്ധിയിലായ സാഹചര്യത്തിൽ ശമ്പളച്ചെലവ് പകുതിയാക്കി കുറയ്ക്കാൻ ജീവനക്കാർക്ക് സ്വയം വിരമിക്കൽ പദ്ധതിയെന്ന നിര്‍ദ്ദേശം കെഎസ്ആര്‍ടിസി മുന്നോട്ട് വെച്ചു . 50 വയസ്സിന് മുകളിൽ പ്രായമുള്ളവരും 20 വർഷം സർവ്വീസ് പൂർത്തിയാക്കിയവർക്കും വിആര്‍എസ് നൽകാനാണ് ആലോചന. ഓരോ മാസവും പണം തരുന്നത് തുടരാനാവില്ലെന്നാണ് ധനവകുപ്പ് നിലപാട്. ജീവനക്കാരുടെ എണ്ണം കുറച്ച് ശമ്പള ഭാരം കുറയ്ക്കാനുള്ള ധനവകുപ്പ് നിർദ്ദേശപ്രകാരമാണ് കെഎസ് ആർടിസിയുട വിആർസ് പാക്കേജ്. 50 വയസ്സ് പിന്നിട്ടവരും 20 വർഷം സർവ്വീസ് പൂർത്തിയാക്കിയവർക്കുമാണ് വിരമിക്കൽ പദ്ധതി അവതരിപ്പിച്ചത്. വി.ആർ.എസ് നൽകേണ്ട 7,200 പേരുടെ പട്ടിക കെ.എസ്.ആർ.ടി.സി തയാറാക്കി.
ഇവർക്ക് ഒറ്റത്തവണയായി 15 ലക്ഷം രൂപ നൽകും. ബാക്കി ആനുകൂല്യങ്ങൾ വിരമിക്കൽ പ്രായം കഴിഞ്ഞതിന് ശേഷം നൽകാനാണ് നീക്കം. മൊത്തം 1100 കോടിയോളം വേണ്ടി വരും. എന്നാലും പ്രതിമാസ ശമ്പളച്ചെലവ് പകുതിയായി കുറയുന്നതോടെ മാസാമാസം സർക്കാർ സഹായിക്കേണ്ടി വരുന്ന സ്ഥിതി മാറുമെന്നാണ് കണക്കുകൂട്ടൽ. ടാർഗറ്റും ഗഡുക്കളായി ശമ്പളവും കൃത്യമായി ശമ്പളം കിട്ടാത്തതും അങ്ങനെ പല വെല്ലുവിളികൾ മുന്നിൽ നിൽക്കെ വി.ആർ.എസ് എടുത്ത് മടങ്ങാമെന്ന് ചിന്തിക്കുന്നവർ കെ.എസ്.ആർ.ടി.സി.യിലുണ്ട്. ഇത് മാനേജ്മെന്റിന് തുണയാകും.