
തിരുവനന്തപുരം : കേരളത്തിൽ നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‍യു. കെഎസ്‍യു സംസ്ഥാന കമ്മിറ്റിയാണ് ചൊവ്വാഴ്ച ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കെഎസ്‍യു സെക്രട്ടേറിയേറ്റ് മാർച്ചിലെ സംഘർഷത്തെ തുടർന്ന് നേതാക്കൾ ഉൾപ്പടെയുള്ളവരെ റിമാന്റ് ചെയ്തിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് സംസ്ഥാന കമ്മിറ്റി ബന്ദിന് ആഹ്വാനം ചെയ്തത്.
സർവ്വകലാശാലകളെ കമ്മ്യൂണിസ്റ്റ് വൽക്കരിക്കുന്നതിനെതിരെയാണ് കെഎസ്‍യു സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിച്ചത്. മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ബാരിക്കേട് തകർക്കാനുള്ള ശ്രമത്തിനിടെ രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. മുളവടികളിൽ ചുറ്റിയ കൊടിയുമായെത്തിയ കെഎസ് യു പ്രവർത്തകർ ഇത് പൊലീസിന് നേരെ വലിച്ചെറിഞ്ഞു. മാർച്ചിൽ കല്ലേറുമുണ്ടായി. പ്രവർത്തകർ അക്രമാസക്തരായതോടെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. എന്നിട്ടും പ്രവർത്തകർ പിരിഞ്ഞുപോകാതെ റോഡിൽ കുത്തിയിരുന്നതോടെ പ്രവർത്തകരെ ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു.
കെ എസ് യു പുതിയ സംസ്ഥാന നേതൃത്വത്തിന്റെ ആദ്യ മാർച്ചാണ് ഇപ്പോൾ നടക്കുന്നത്. പരസ്യ പ്രതിഷേധം നടത്തുന്നതുവഴി കരുത്ത് തെളിയിക്കുകയാണ് ലക്ഷ്യം. ഉന്നത വിദ്യാഭ്യാസ മേഖല സ്തംഭനാവസ്ഥയിൽ, വിദ്യാഭ്യാസ മേഖലയിലെ തകർച്ച, ഗവർണറുമായുള്ള ഒത്തുകളി തുടങ്ങിയ ആവശ്യങ്ങൾ പറഞ്ഞുകൊണ്ടാണ് ഉന്നത വിദ്യാഭ്യാസ സംരക്ഷണത്തിനായി മാർച്ച് നടത്തിയത്. പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്ത് മടങ്ങിയതിന് ശേഷമാണ് പൊലീസുമായുള്ള സംഘർഷം തുടങ്ങിയത്. '
Read More : സുധാകരൻ കേരളത്തിലെ കോൺഗ്രസിനെ ബിജെപിയാക്കി മാറ്റാൻ ശ്രമിക്കുന്നുവെന്ന് സിപിഎം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam