Asianet News MalayalamAsianet News Malayalam

സുധാകരൻ കേരളത്തിലെ കോൺഗ്രസിനെ ബിജെപിയാക്കി മാറ്റാൻ ശ്രമിക്കുന്നുവെന്ന് സിപിഎം

യുഡിഎഫിനെ പിന്തുണയ്ക്കുന്ന മത നിരപേക്ഷ നിലപാടുള്ള പാർട്ടികൾ ഇത് തിരിച്ചറിയണമെന്നും സിപിഎം സെക്രട്ടറിയേറ്റ്

CPM Slams K Sudhakaran on his statement about Nehru
Author
First Published Nov 14, 2022, 5:07 PM IST

തിരുവനന്തപുരം : നെഹ്റു വർഗീയതയോട് സന്ധി ചെയ്തു എന്ന കോൺ​ഗ്രസ് അധ്യക്ഷൻ കെ സുധാകരന്റെ പ്രസ്താവനയോട് പ്രതികരിച്ച് സിപിഎം. സുധാകരൻ നെഹ്‌റുവിനെ പോലും വർഗീയ ഫാസിസ്റ്റായി ചിത്രീകരിക്കുന്നുവെന്ന് സിപിഎം സെക്രട്ടറിയേറ്റ് പറഞ്ഞു. കേരളത്തിലെ കോൺഗ്രസിനെ ബിജെപിയാക്കി മാറ്റാൻ ആണ് ശ്രമം. യുഡിഎഫിനെ പിന്തുണയ്ക്കുന്ന മത നിരപേക്ഷ നിലപാടുള്ള പാർട്ടികൾ ഇത് തിരിച്ചറിയണമെന്നും സിപിഎം സെക്രട്ടറിയേറ്റ് വ്യക്തമാക്കി. 

ആർഎസ്എസ് നേതാവ് ശ്യാമപ്രസാദ് മുഖർജിയെ തന്റെ ഒന്നാം മന്ത്രിസഭയിൽ മന്ത്രിയാക്കിക്കൊണ്ട് അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു വർഗീയതയോട് സന്ധി ചെയ്തെന്ന സുധാകരന്റെ പ്രസ്താവനയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച നവോത്ഥാന സദസ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജവഹർലാൽ നെഹ്റു എകെ ഗോപാലനെ പ്രതിപക്ഷ നേതാവാക്കി. ഇതെല്ലാം നെഹ്റുവിന്റെ ഉയർന്ന ജനാധിപത്യ മൂല്യ ബോധമാണ് കാണിക്കുന്നത്. മറ്റൊരു നേതാക്കളും ഇതൊന്നും ചെയ്യില്ല. വിമർശനങ്ങൾക്ക് നെഹ്റു വലിയ സ്ഥാനമാണ് നൽകിയതെന്നും കെ സുധാകരൻ പറഞ്ഞു.

ആർഎസ്എസിന്റെ കണ്ണൂർ തോട്ടടയിലെ ശാഖ സംരക്ഷിക്കാൻ ആളെ വിട്ടിരുന്നുവെന്ന തന്റെ പ്രസ്താവന മുന്നണിയിൽ തന്നെ പൊട്ടിത്തെറിക്ക് കാരണമായിരിക്കെയാണ് കെ സുധാകരന്റെ പ്രസംഗം. സിപിഎം, ആർഎസ്എസിന്റെ ശാഖ ആക്രമിക്കാൻ തീരുമാനിച്ചപ്പോഴാണ് സംരക്ഷണം നൽകിയതെന്നും അന്ന് താൻ സംഘടനാ കോൺഗ്രസിന്റെ ചുമതലക്കാരനായിരുന്നുവെന്നുമാണ് കെ സുധാകരൻ പറഞ്ഞത്. ഇതേ ചൊല്ലിയാണ് ഇപ്പോൾ ഐക്യജനാധിപത്യ മുന്നണിക്കകത്ത് അസ്വാരസ്യം പുകയുന്നത്. മുസ്ലിം ലീഗ് ഇതിനെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്ത് വന്നിട്ടുണ്ട്.

അതേസമയം കെ സുധാകരന്‍റെ ആർഎസ്എസ് പരാമര്‍ശത്തിനെതിരെ കടുത്ത വിമര്‍ശനവുമായി മുസ്ലിം ലീഗ് രംഗത്തെത്തി. ന്യായീകരണങ്ങള്‍ ഉള്‍ക്കൊളളാനാകുന്നില്ലെന്നും കെ സുധാകരന് എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ലെന്നും ലീഗ് ഉന്നതാധികാര സമിതി അംഗം ഡോ എം കെ മുനീര്‍ തുറന്നടിച്ചു. ചിലരെ സന്തോഷിപ്പിക്കാനും മറ്റു ചിലരെ പ്രകോപിപ്പിക്കാനുമാണ് സുധാകരന്‍ ആര്‍എസ്എസ് അനുകൂല പ്രസ്താവന നടത്തുന്നതെന്നാണ് കരുതുന്നതെന്നും മുനീർ വിമർശിച്ചു.

Read More : കെ സുധാകരൻ ആർഎസ്എസിന് സംരക്ഷണം കൊടുത്തത് കോൺഗ്രസിൽ വരുന്നതിന് മുൻപ്: മുല്ലപ്പള്ളി രാമചന്ദ്രൻ

Follow Us:
Download App:
  • android
  • ios