
തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ കെ എസ് യുവിന് മികച്ച നേട്ടം. മാർ ഇവാനിയോസ് കോളേജ് അടക്കം എസ്എഫ്ഐയുടെ കുത്തകയായിരുന്നു ക്യാമ്പസുകളിൽ കെ എസ് യു ഭരണം പിടിച്ചു. അതേ സമയം ഏറ്റവും കൂടുതൽ യൂണിയനുകളുടെ ഭരണം എസ്എഫ്ഐക്കാണ്.
24 വർഷങ്ങൾക്ക് ശേഷമാണ് മാർ ഇവാനിയോസ് കോളേജ് യൂണിയൻ ഭരണം കെഎസ് യുവിന് ലഭിക്കുന്നത്. മുഴുവൻ ജനറൽ സീറ്റുകളും കെ എസ് യു പിടിച്ചെടുത്തു. 12 വർഷത്തിന് ശേഷം നെടുമങ്ങാട് ഗവൺമെൻറ് കോളേജ് യൂണിയനും കെഎസ് യു നേടി. തോന്നക്കൽ എ ജെ കോളേജും കെഎസ് യു നേടി. ലോ കോളേജിൽ ചെയർമാൻ, വൈസ് ചെയർമാൻ, ജനറൽ സെക്രട്ടറി സീറ്റുകൾ കെഎസ് യു സ്വന്തമാക്കി.
തിരുവനന്തപുരം ജില്ലയിൽ ഇന്ന് തെരഞ്ഞെടുപ്പ് നടന്ന 16 ൽ ഏഴിടത്ത് കെഎസ് യുവും 7 ഇടത്ത് എസ് എഫ് ഐയും ജയിച്ചു. രണ്ടിടങ്ങളിൽ ജയിച്ചത് എബിവിപി. യൂണിവേഴ്സിറ്റി കോളേജ്, വുമൺസ് കോളേജ്, ചെമ്പഴന്തി എസ്എൻ., കൊല്ലം എസ്എൻ അടക്കമുള്ള കോളേജുകൾ എസ്എഫ് ഐ നിലനിർത്തു. 70 ൽ 56 ഇടത്ത് യൂണിയൻ നേടിയെന്നാണ് എസ്എഫ്ഐ പറയുന്നത്. ആകെ 15 ഇടങ്ങളിൽ യൂണിയൻ പിടിച്ചെന്നാണ് കെഎസ് യു പറയുന്നത്. കാലിക്കറ്റ്, എംജി, യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പുകളിലെ മികച്ച വിജയത്തിന് പിന്നാലെയാണ് കേരളയിലും കെഎസ് യു നേട്ടമുണ്ടാക്കിയത്.