
തിരുവനന്തപുരം: ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ(JUSTICE CYRIAC JOSEPH) വീണ്ടും കെ ടി. ജലീൽ(kt jaleel). അലസ ജീവിത പ്രേമിയെന്നാണ് ഇപ്പോഴത്തെ പരിഹാസം. സിറിയക് ജോസഫ് വിധി പ്രസ്താവിക്കാത്ത ന്യായാധിപൻ എന്നും കെ ടി ജലീൽ ഫെയ്സ് ബുക്കിൽ കുറിച്ചു. കേരള ഹൈകോടതിയിലും ദില്ലി കോടതിയിലും ന്യായാധിപൻ ആയിരിക്കെ വിധി പ്രസ്താവത്തിന് മടിച്ചു. സുപ്രീം കോടതിയിൽ മൂന്നര വർഷത്തിനിടെ പറഞ്ഞത് 7 വിധികൾ മാത്രം.ഒപ്പ് വെച്ച വിധി ന്യായങ്ങൾ തയ്യാറാക്കിയത് ബെഞ്ചിലെ മറ്റ് ജഡ്ജിമാർ എന്നും ജലീൽ പരിഹസിച്ചു. സിറിയക് ജോസഫിനെതിരെ സുധാംഷു രഞ്ജന്റെ പുസ്തകത്തിലെ പരാമർശം മൊഴി മാറ്റിയാണ് ജലീൽ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്.
മുമ്പും പലവട്ടം ജലീൽ സിറിയക് ജോസഫിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. തക്ക പ്രതിഫലം കിട്ടിയാൽ എന്ത് കടുംകയ്യും ആർക്ക് വേണ്ടിയും ചെയ്യുന്ന ആളെന്നായിരുന്നു ആദ്യ വിമർശനം. യുഡിഎഫ് നേതാവിനെ പ്രമാദമായ കേസിൽ നിന്നും രക്ഷപ്പെടുത്താൻ സഹോദര ഭാര്യക്ക് എം ജി വിസി പദവി വിലപേശി വാങ്ങിയെന്നും ജലീൽ ആരോപിച്ചിരുന്നു.
സുപ്രീം കോടതിയിൽ മൂന്നര കൊല്ലത്തിൽ ആറ് കേസുകളിൽ മാത്രം വിധി പറയുകയും അഭയ കേസ് അട്ടിമറിക്കാൻ ശ്രമിച്ച മഹാനെന്നും വിമർശനമുന്നയിച്ച് ജലീൽ രണ്ടാമതും രംഗത്തെത്തിയിരുന്നു. തനിക്കെതിരായ ലോകായുക്ത കേസിൽ വെളിച്ചത്തെക്കാൾ വേഗതയിൽ വിധി പറഞ്ഞുവെന്നും കെ ടി ജലീൽ അന്ന് ഫേസ്ബുക്കില്‍ കുറിച്ചു.
അഭയക്കേസിൽ നാർക്കോ പരിശോധന നടത്തിയ ബെംഗളൂരുവിലെ ലാബിൽ സിറിയക് ജോസഫ് സന്ദർശനം നടത്തിയെന്നാണ് ജലീലിന്റെ മറ്റൊരു ആരോപണം. നാർക്കോ ടെസ്റ്റ് നടത്തിയ ബെംഗളൂരുവിലെ ഫോറൻസിക് ലാബ് ഡയറക്ടറുടെ മൊഴി ചേർത്തായിരുന്നു അന്ന് ജലീലിന്‍റെ എഫ്ബി പോസ്റ്റ്. ആരോപണങ്ങളിൽ യുഡിഎഫ് നേതാക്കളെ ജലീൽ സംവാദത്തിന് വിളിക്കുകയും ചെയ്തു.
ലോകായുക്തയായി സിറിയക് ജോസഫിനെ നിയമിക്കുന്ന സമയത്ത് നിയമ പ്രകാരം യോഗ്യരായ രണ്ടു പേരേ ഉണ്ടായിരുന്നുള്ളുവെന്നും ഒരു മാന്യൻ എത്ര നിർബന്ധിച്ചിട്ടും പദവി ഏറ്റെടുത്തില്ലെന്നും ജലീൽ വീണ്ടും ഫെയ്സ്ബുക്കിലെഴുതി. അതിനാൽ മറ്റു മാർഗ്ഗങ്ങളില്ലാതെ സർക്കാർ സിറിയക് ജോസഫിനെ നിയമിക്കുകയായിരുന്നെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞിരുന്നു
കെ ടി ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
"അലസ ജീവിത പ്രേമി"ശമ്പളവും ആനുകൂല്യവും പറ്റിയത് കോടികൾ!! വിധി പറഞ്ഞതോ ഏഴേഏഴ്!!!
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ് പ്രസിദ്ധീകരിച്ച "Justice versus Judiciary" എന്ന പുസ്തകത്തിൽ സുധാംഷു രൻജൻ എഴുതുന്നു:
"ദീർഘകാലമായി വിധിപറയാതെ നീട്ടിവച്ചു കൊണ്ടിരിന്ന കേസുകളിൽ തീർപ്പു കൽപ്പിക്കാതെ ഒരു കേസും ജസ്റ്റിസ് സിറിയക് ജോസഫിന്റെ ബെഞ്ചിൽ ലിസ്റ്റ് ചെയ്യില്ലെന്ന് അദ്ദേഹം കേരള ഹൈക്കാടതി ജഡ്ജിയായിരിക്കെ, അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ജവഹർ ലാൽ ഗുപ്ത താക്കീത് ചെയ്തിരുന്നു.
ഡൽഹി ഹൈക്കോടതിയിൽ ന്യായാധിപനായ സമയത്തും വിധിപ്രസ്താവിക്കാത്ത ന്യായാധിപൻ എന്ന വിചിത്ര വിശേഷണം അദ്ദേഹം നേടിയിരുന്നു.
എന്നിട്ടും ഉത്തർഖണ്ഡിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി അദ്ദേഹം സ്ഥാനക്കയറ്റം നേടി. പിന്നീട് കർണാടകയിലും അതേ പദവിയിൽ എത്തിപ്പെട്ടു.
അപ്പോഴും അദ്ദേഹത്തിന്റെ പ്രവർത്തനശൈലി അതുപോലെ തന്നെ തുടർന്നു.
ഇതെല്ലാമായിരുന്നിട്ടും സൂപ്രീംകോടതിയിലേക്ക് ജസ്റ്റിസ് സിറിയക് ജോസഫിന് സ്ഥാനക്കയറ്റം നൽകി. 2008 ജൂലൈ 7 മുതൽ 2012 ജനുവരി 27 വരെയുള്ള (മൂന്നര വർഷം) സേവനകാലയളവിൽ വെറും ഏഴ് വിധിപ്രസ്താവമാണ് അദ്ദേഹം തയ്യാറാക്കിയത്. കൂടാതെ 309 വിധിന്യായത്തിലും 135 ഉത്തരവിലും അദ്ദേഹം ഒപ്പുവച്ചെങ്കിലും അവയെല്ലാം എഴുതി തയ്യാറാക്കിയത് അദ്ദേഹമുൾപ്പെട്ട ബെഞ്ചിലെ മറ്റു ജഡ്ജിമാരായിരുന്നു.
ഒരു വിധി പോലും എഴുതാതെ ജസ്റ്റിസ് സിറിയക് ജോസഫ് വിരമിക്കുമെന്ന് കോടതി വരാന്തകളിൽ പിറുപിറുപ്പ് ഉയർന്ന അവസാനനാളുകളിലാണ് മേൽപ്പറഞ്ഞ ഏഴ് വിധിന്യായങ്ങളും അദ്ദേഹം തയ്യാറാക്കിയത്.
അലസജീവിത പ്രേമിയായി വിരമിച്ച ശേഷവും അദ്ദേഹത്തിന് എൻഎച്ച്ആർസി (ദേശീയ മനുഷ്യാവകാശ കമ്മീഷൻ) അംഗത്വം സമ്മാനിക്കുകയായിരുന്നു"(പേജ് 260)
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam