
മലപ്പുറം: കേരളത്തിന്റെ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുൻ ജില്ലാ ജഡ്ജി എൻ ശേഷാദ്രിനാഥനെ നിയമിച്ചതിൽ യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ കെടി ജലീൽ. തദ്ദേശ സ്ഥാപന തെരഞ്ഞുടുപ്പുകൾ നടത്താൻ ചുമതലപ്പെട്ട പ്രധാന പോസ്റ്റിൽ ഒരു "സംഘി"യെ യുഡിഎഫ് സർക്കാർ നിയമിച്ചതിന്‍റെ ഔചിത്യം എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ലെന്ന് ജലീൽ വിമർശിച്ചു. സംസ്ഥാന നിയമസഭ പാസ്സാക്കിയ നിരവധി ബില്ലുകൾക്ക് അംഗീകാരം നൽകാതെ അവക്കുമേൽ അടയിരിക്കുന്ന ഗവർണർ, പക്ഷെ സ്ഥലത്തില്ലാതിരുന്നിട്ടും ഓൺലൈൻ വഴി പ്രകാശവേഗതയിൽ ഒപ്പിട്ടാണ് ശേഷാദ്രിയുടെ നിയമനം പ്രാബല്യത്തിൽ വരുത്തിയതെന്ന് ജലീൽ ആരോപിച്ചു. ഫേസ്ബുക്കിലൂടെയാണ് വിമർശനം.
ശേഷാദ്രിനാഥിന്‍റെ സംഘ്പരിവാർ പശ്ചാതലം മനസ്സിലാക്കാൻ അദ്ദേഹത്തിന്‍റെ കരിയർ നാൾവഴികൾ പരിശോധിച്ചാൽ മാത്രം മതി. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടേഴ്സ് ലിസ്റ്റ് അംഗീകരിക്കലും, മെമ്പർമാർക്ക് അയോഗ്യത കൽപ്പിക്കൽ ഉൾപ്പടെയുള്ള പരാതികൾക്ക് പരിഹാരം കാണലുമെല്ലാം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറാണ്. ബി.ജെ.പിയുടെ രാഷ്ട്രീയ താൽപര്യത്തിന് കുടപിടിക്കുന്ന ഒരാളെ തദ്ദേശവകുപ്പ് ശുപാർശ ചെയ്ത് മന്ത്രിസഭ അംഗീകരിച്ച് നിയമനത്തിനായി ഗവർണർക്ക് അയച്ചതിനു പിന്നിൽ ലീഗ്-ബി.ജെ.പി-കോൺഗ്രസ് അന്തർധാര ആണെന്ന കാര്യത്തിൽ സംശയമില്ല.
കേന്ദ്ര ഗവൺമെൻ്റിനോട് ഏറ്റുമുട്ടലിനില്ല എന്ന തദ്ദേശമന്ത്രിയുടെ പ്രസ്താവനയും, പിഎംഎവൈ ഭവനപദ്ധതിയിൽ ഒന്നരലക്ഷം കേന്ദ്രസഹായം ലഭിക്കുന്നതിനാൽ മോദി സർക്കാരിന്‍റെ "എംബ്ലം" മേൽ സ്കീം പ്രകാരം പൂർത്തിയാക്കുന്ന വീടുകളുടെ മുൻഭാഗത്ത് പതിക്കുന്നതിൽ തെറ്റില്ലെന്ന ഷാജിയുടെ അഭിപ്രായപ്രകടനവും ഇതോടൊപ്പം ചേർത്തുവായിക്കണം. ശേഷാദ്രിയുടെ നിയമനവുമായി ബന്ധപ്പെട്ട ലീഗ് സംസ്ഥാന നേതൃത്വത്തിന്‍റെ കുറ്റകരമായ മൗനം ദുരൂഹമാണ്- ജലീൽ പറയുന്നു. ശേഷാദ്രിനാഥൻ തന്‌റെ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റു ചെയ്ത ഫോട്ടോകളും കുറിപ്പുകളും വാർത്തകളുമെല്ലാം ഞൊടിയിടയിൽ അപ്രത്യക്ഷമാക്കിയത് എന്തിനാണെന്ന് മുഖ്യമന്ത്രിയും തദ്ദേശമന്ത്രിയും വ്യക്തമാക്കണമെന്നും ജലീൽ ആവശ്യപ്പെട്ടു.
ശേഷാദ്രിയുടെ ഡിലീറ്റ് ചെയ്ത പോസ്റ്റുകൾ മുഴുവൻ വീണ്ടെടുക്കണം എന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് അപേക്ഷ നൽകിയിരിക്കുന്നത് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ: നിയാസാണ്. ഒരു ദേശീയ മുസ്ലിമിന് തോന്നിയ ''സംഘിവിരോധം" പോലും എന്തുകൊണ്ടാണ് മുസ്ലിംലീഗിനും ലീഗ് നേതാക്കൾക്കും ജമാഅത്തെ ഇസ്ലാമിക്കും പൂക്കോട്ടൂരാതി കൂടത്തായിമാർക്കും തോന്നാത്തത്? ശേഷാദ്രിനാഥിൻ്റെ നെറ്റിയിലെ "തിലകം" യഥാർത്ഥ ഹിന്ദുമത ഭക്തനായ ലീഡർ കരുണാകരൻ്റെ നെറ്റിയിൽ കേരളം കണ്ട തിലകമല്ല. മുരളീധരൻ്റെയും ഉണ്ണിത്താൻ്റെയും നെറ്റിയിൽ ചാർത്താറുള്ള തിലകവുമല്ല. അത് "സംഘ് ഭക്തരായ" ഗോൾവാൾക്കറുടെയും, ശശികല ടീച്ചറുടെയുടെയും, രാജീവ് ചന്ദ്രശേഖറിൻ്റെയും നെറ്റിയിൽ നാം കാണുന്ന തിലകമാണെന്ന് ജലീൽ പറയുന്നു.
ജുഡീഷ്യറിയുടെ തലപ്പത്തിരിക്കുന്നവർ പാലിക്കേണ്ട "സാമാന്യ മര്യാദക്ക്" എതിരാണ് ശേഷാദ്രിയുടെ "വിശ്വാസത്തിന്‍റെ ബഹിർപ്രകടനം". തൊപ്പി ധരിച്ചോ, കൃപാണം തൂക്കിയോ, മറ്റുള്ളവർ കാൺകെ കുരിശുമാല അണിഞ്ഞോ, ഒരാൾ ജുഡീഷ്യറിയിൽ പ്രവർത്തിച്ചാലോ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ പദവിയിലേക്കു വന്നാലോ എന്താകും സംഘ് പരിവാരങ്ങളുടെ നിലപാട്?- കെടി ജലീൽ ചോദിക്കുന്നു. യുഡിഎഫ് ഭരണത്തിൽ കേരളം കാവിവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്, ശരവേഗതയിൽ. പ്രതിഷേധിക്കാൻ കമ്മ്യൂണിസ്റ്റുകാരെ മാത്രമേ തെരുവിൽ കാണുന്നുള്ളൂ. ശേഷിക്കുന്നവരെല്ലാം ഉറങ്ങുകയാണ്, അല്ല ഉറക്കം നടിക്കുകയാണ്- ജലീൽ കുറ്റപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam