
കൊച്ചി: ജഡ്ജിമാർക്ക് കൈകൂലി കൊടുത്ത് അനുകൂല വിധി സമ്പാദിച്ചെന്ന ആരോപണം നേരിടുന്ന അഡ്വ: സൈബി ജോസ് കിടങ്ങൂരും നിലവിലെ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും തമ്മിൽ കൂട്ടുകച്ചവടമെന്ന ആരോപണവുമായി കെടി ജലീൽ എംഎൽഎ. സിറിയക് ജോസഫ് നേരത്തെ ന്യായാധിപ സ്ഥാനം വഹിച്ച കാലയളവിൽ അനുകൂല വിധി വാങ്ങിച്ച് തരാമെന്ന് പറഞ്ഞ് ബന്ധപ്പെട്ടവരിൽ നിന്ന് സെബി ജോസ് കിടങ്ങൂർ കൈക്കൂലി വാങ്ങിയതായ ആക്ഷേപം നേരത്തെ തന്നെ ഉയർന്നിരുന്നതായി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. ഇക്കാര്യം അന്വേഷിക്കണം. ജസ്റ്റിസ് സിറിയക് ജോസഫിന്റ മാനസപുത്രനായാണ് അഡ്വ: സൈബി ജോസ് കിടങ്ങൂർ അറിയപ്പെടുന്നത്. ജുഡീഷ്യറിയുടെ വിശ്വാസ്യതക്ക് തീരാകളങ്കമാണ് ആരോപണം. നീതിമാൻമാരായ ഹൈക്കോടതി ന്യായാധിപന്മർ തന്നെയാണ് ആക്ഷേപവുമായി മുന്നോട്ടു വന്നിരിക്കുന്നത് എന്ന കാര്യം പ്രശ്നങ്ങളുടെ ഗൗരവം വർധിപ്പിക്കുന്നതാണെന്നും ജലീൽ ഫേസ് ബുക്കിൽ കുറിച്ചു
ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
ജസ്റ്റിസ് സിറിയക്കും അഡ്വ: സൈബി ജോസും തമ്മിലുള്ള കൂട്ടുകച്ചവടവും അന്വേഷിക്കണം. കേരള ഹൈക്കോടതിയിലെ അഡ്വക്കറ്റ് അസോസിയേഷൻ്റെ പുതിയ പ്രസിഡണ്ട് അഡ്വ: സൈബി ജോസ് കിടങ്ങൂരിനെതിരെ ഉയർന്ന ആരോപണങ്ങൾ അതീവ ഗുരുതരമാണ്. ഹൈക്കോടതിയിലെ ജഡ്ജിമാർക്ക് കൈക്കൂലി കൊടുത്ത് അനുകൂല വിധി സമ്പാദിക്കാൻ ലക്ഷങ്ങൾ വാങ്ങിയെന്ന ഞെട്ടിപ്പിക്കുന്ന ആക്ഷേപമാണ് പുറത്തുവന്നിരിക്കുന്നത്. ജുഡീഷ്യറിയുടെ വിശ്വാസ്യതക്ക് തീരാകളങ്കമാണ് ഇതേൽപ്പിച്ചിരിക്കുന്നത്.
നീതിമാൻമാരായ ഹൈക്കോടതി ന്യായാധിപന്മർ തന്നെയാണ് ആക്ഷേപവുമായി മുന്നോട്ടു വന്നിരിക്കുന്നത് എന്ന കാര്യം പ്രശ്നങ്ങളുടെ ഗൗരവം വർധിപ്പിക്കുന്നു. അതേ തുടർന്ന് ഹൈകോടതി റജിസ്ട്രാർ നൽകിയ പരാതിയിലാണ് എറണാങ്കുളം സിറ്റി പോലീസ് കമ്മീഷണർ നേരിട്ട് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അഡ്വ: സൈബി ജോസ് കിടങ്ങൂരിനെതിരെ ഇതിനെക്കാൾ ഗൗരവമേറിയ ആരോപണങ്ങൾ നേരത്തെയും പറഞ്ഞ് കേട്ടിരുന്നു. ഇക്കാര്യം അഭിഭാഷകർക്കിടയിൽ രഹസ്യമായ പരസ്യമാണ്. ഇപ്പോഴത്തെ ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ് കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന നാല് വർഷ കാലയളവിലും കർണ്ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന രണ്ടര വർഷക്കാലവും സുപ്രീംകോടതി ജഡ്ജിയായ മൂന്നേമുക്കാൽ വർഷ കാലയളവിലും അനുകൂല വിധി വാങ്ങിച്ച് തരാമെന്ന് പറഞ്ഞ് ബന്ധപ്പെട്ടവരിൽ നിന്ന് കോടികൾ സൈബി ജോസ് കിടങ്ങൂർ കൈക്കൂലി വാങ്ങിയതായി വ്യാപകമായ ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. ജഡ്ജിയുടെ പേരിൽ കോഴ: ഹൈക്കോടതി അഭിഭാഷകനെതിരെ ഗുരുതര കണ്ടെത്തൽ, സൈബി ജോസ് കിടങ്ങൂർ 72 ലക്ഷം കൈപ്പറ്റി
ഇക്കാലയളവിൽ ജസ്റ്റിസ് സിറിയക് ജോസഫ് നടത്തിയ ക്വോറി മാഫിയകൾക്ക് അനുകൂലമായ വിധിന്യായങ്ങൾ ഉൾപ്പടെ പരിശോധനക്ക് വിധേയമാക്കിയാൽ സത്യാവസ്ഥ ബോദ്ധ്യപ്പെടും. ജസ്റ്റിസ് സിറിയക് ജോസഫിൻ്റെ മാനസപുത്രനായാണ് അഡ്വ: സൈബി ജോസ് കിടങ്ങൂർ അറിയപ്പെടുന്നത്. ജസ്റ്റിസ് സിറിയക് ജോസഫും അഡ്വ: സൈബി ജോസ് കിടങ്ങൂരും തമ്മിലുള്ള കൈക്കൂലിപ്പണം വീതംവെച്ച് എടുത്തതിനെ കുറിച്ചും പുതിയ സാഹചര്യത്തിൽ അന്വേഷണം അനിവാര്യമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam