
കൊച്ചി: മന്ത്രി കെ ടി ജലീലിന്‍റെ മൊഴി ദേശീയ അന്വേഷണ ഏജൻസി ഇന്ന് വിശദമായി പരിശോധിക്കും. മൊഴിയുടെ പകർപ്പ് ഇന്നലെ രാത്രി തന്നെ ദില്ലിയിലേയും ഹൈദരാബാദിലേയും ഓഫീസുകൾക്ക് കൈമാറിയിട്ടുണ്ട്. മന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകണമെങ്കിൽ സ്വപ്ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് എൻഐഎയുടെ നിലപാട്. കോൺസുലേറ്റിൽ നിന്ന് ഖുര്‍ആൻ കൈപ്പറ്റിയതിലും കോൺസൽ സെക്രട്ടറി എന്ന നിലയിൽ സ്വപ്ന സുരേഷുമായുളള പരിചയം സംബന്ധിച്ചും കൂടുതൽ വ്യക്തത വേണമെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. സ്വപ്നയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എൻഐഎ നൽകിയ അപേക്ഷ വരുന്ന 22 നാണ് ഇനി പരിഗണിക്കുന്നത്. അന്നുതന്നെ സ്വപ്നയെ ഹാജരാക്കാനും നിർദേശിച്ചിട്ടുണ്ട്.
ചോദ്യം ചെയ്യലിന് പിന്നാലെ രാത്രി ഒൻപതു മണിയോടെയാണ് മന്ത്രി തിരുവനന്തപുരത്ത് എത്തിയത്. എൻഐഎ ചോദ്യം ചെയ്തതിന്‍റെ വിശദാംശങ്ങൾ ജലീല്‍ ഇന്ന് മുഖ്യമന്ത്രിയെ ധരിപ്പിച്ചേക്കും. ജലീലുമായി സംസാരിച്ച ശേഷമേ കൂടുതൽ പ്രതികരിക്കാനാവൂ എന്നാണു മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. മാധ്യമങ്ങളോട് പരസ്യമായി പ്രതികരിക്കാനില്ല എന്ന നിലപടിൽത്തന്നെയാണ് മന്ത്രി. അതേസമയം ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് ഇന്നും സംസ്ഥാനത്ത് പ്രതിപക്ഷ സംഘടനകളുടെ പ്രക്ഷോഭം തുടരും. യൂത്ത് കോൺഗ്രസും യുവമോർച്ചയും യൂത്ത് ലീഗും പ്രതിപക്ഷ വനിതാ സംഘടനകളും ഇന്നും പ്രതിഷേധ പരിപാടികൾക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. രാജിവെക്കുംവരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam