
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങള്‍ സമാധാനപരമായും രമ്യമായും പരിഹരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ആചാരം ലംഘിക്കാന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പമല്ല ആചാരം സംരക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പമാണ് സര്‍ക്കാര്‍ നില്‍ക്കേണ്ടതെന്നും ഭക്തജനങ്ങളുടെ താത്പര്യം സംരക്ഷിക്കാന്‍ ബിജെപിയും സംഘപരിവാര്‍ സംഘടനകളും ഏതറ്റം വരേയും പോകുമെന്നും കുമ്മനം പറഞ്ഞു.
തൃപ്തി ദേശായിയുടെ നേതൃത്വത്തില്‍ അഞ്ചംഗസംഘം ശബരിമല ദര്‍ശനത്തിന് സുരക്ഷതേടി കൊച്ചി കമ്മീഷണര്‍ ഓഫീസില്‍ എത്തിയ സാഹചര്യത്തിലാണ് കുമ്മനത്തിന്‍റെ പ്രതികരണം. തൃപ്തി ദേശായിക്ക് പിന്നില്‍ സംഘപരിവാര്‍ ആണെന്ന കടകംപ്പള്ളി സുരേന്ദ്രന്‍റെ ആരോപണത്തിന് അങ്ങനെയെങ്കില്‍ എന്തു കൊണ്ട് സര്‍ക്കാര്‍ അവരെ ശക്തമായി നേരിടുന്നില്ലെന്ന് കുമ്മനം തിരിച്ചു ചോദിച്ചു.
കുമ്മനത്തിന്‍റെ വാക്കുകള്‍...
വളരെ സമാധനപരമായും രമ്യമായും പ്രശ്നത്തിന് പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. ആചാരം ലംഘിക്കുന്നവര്‍ക്കൊപ്പമല്ല ആചാരം സംരക്ഷിക്കുന്നവര്‍ക്ക് ഒപ്പമാണ് സര്‍ക്കാര്‍ നിലകൊള്ളേണ്ടത്. ആചാരലംഘനം നടത്താന്‍ ശ്രമിച്ചവര്‍ കോടതിയില്‍ പോയാലും ഞങ്ങള്‍ നേരിടും. അവരുടെ വാദങ്ങള്‍ക്കെതിരെ ഭക്തരുടെ നിലപാട് ഞങ്ങള്‍ ശക്തമായി കോടതിയില്‍ പറയും. കേസില്‍ തങ്ങളിപ്പോള്‍ തന്നെ കക്ഷികളാണ്. ഭക്തജനതാത്പര്യം സംരക്ഷിക്കാന്‍ ഏതറ്റം വരെ പോകാനും ഞങ്ങള്‍ തയ്യാറാണ്. നിയമയുദ്ധം നടത്തണമെങ്കില്‍ അങ്ങനെ അതല്ല സമരമുഖം തുറക്കണമെങ്കില്‍ അങ്ങനെ ഇനി അതുമല്ല രമ്യമായി പ്രശ്നം തീര്‍ക്കാന്‍ സാധിക്കുമെങ്കില്‍ അങ്ങനെ എന്തിനും ഞങ്ങളൊരുക്കമാണ്.
എന്തു കൊണ്ടാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും കോടതിയില്‍ ശക്തമായ നിലപാട് സ്വീകരിക്കാത്തത്. ആചാരങ്ങള്‍ ഇതേ പോലെ തുടരണമെന്നും സംരക്ഷിക്കണമെന്നും എന്തു കൊണ്ടാണ് ദേവസ്വം ബോര്‍ഡ‍് കോടതിയില്‍ പറയാത്തത്. അവര്‍ റിവിഷന്‍ ഹര്‍ജിയാണ് കോടതിയില്‍ നല്‍കേണ്ടത്. അതിനു പകരം സാവകാശഹര്‍ജിയാണ് നല്‍കിയത്. നിലപാട് മാറ്റാന്‍ ദേവസ്വം ബോര്‍ഡിന് ഇപ്പോഴും സമയമുണ്ട്.
കേരളത്തിലെ 1300-ഓളം ക്ഷേത്രങ്ങള്‍ നിലനില്‍ക്കുന്നത് ശബരിമല ക്ഷേത്രത്തിന്‍റെ വരുമാനം കൊണ്ടാണ്. കഴിഞ്ഞ വര്‍ഷം ഭക്തജനങ്ങള്‍ വരാതെ ആയപ്പോള്‍ നൂറ് കോടിയുടെ വരുമാനക്കുറവാണ് ഉണ്ടായത്. ഭക്തജനങ്ങളുടെ പ്രതിഷേധമാണ് ഇതിലൂടെ കാണുന്നത്. "
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam