'തൃപ്‍തി ദേശായിക്ക് സുരക്ഷ ഒരുക്കില്ല'; കമ്മീഷണര്‍ ഓഫീസിലെ പ്രതിഷേധം കര്‍മ്മസമിതി അവസാനിപ്പിച്ചു

By Web TeamFirst Published Nov 26, 2019, 11:02 AM IST
Highlights

അതേസമയം തൃപ്‍തി ദേശായിക്കും സംഘത്തിനും എയർപോർട്ടിൽ പോകാനുള്ള സുരക്ഷ പോലീസ് നൽകും. 

കൊച്ചി: ശബരിമല ദര്‍ശനത്തിനായി കേരളത്തിലെത്തിയ തൃപ്‍തി ദേശായിക്കും സംഘത്തിനും സുരക്ഷ നല്‍കില്ലെന്ന് പൊലീസ് അറിയിച്ചതായി കര്‍മ്മസമിതി. പൊലീസില്‍ നിന്നും ലഭിച്ച ഉറപ്പിന്‍റെ അടിസ്ഥാനത്തില്‍ കമ്മീഷണര്‍ ഓഫീസിലെ പ്രതിഷേധം കര്‍മ്മസമിതി അവസാനിപ്പിച്ചു.  അതേസമയം തൃപ്‍തി ദേശായിക്കും സംഘത്തിനും എയർപോർട്ടിൽ പോകാനുള്ള സുരക്ഷ പോലീസ് നൽകും. ശബരിമല ദര്‍ശനം നടത്താന്‍ നാലംഗ സംഘത്തിനൊപ്പം ഇന്ന് പുലര്‍ച്ചെയാണ് തൃപ്‍തി ദേശായി കേരളത്തിലെത്തിയത്. തുടര്‍ന്ന് മുന്‍പ് ശബരിമല ദര്‍ശനം നടത്തിയ ബിന്ദു അമ്മിണിയും സംഘത്തിനൊപ്പം ചേരുകയായിരുന്നു. എന്നാല്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലെത്തിയ സംഘത്തിന് നേരെ അയ്യപ്പ ധര്‍മ്മ സമിതി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

തുടര്‍ന്ന് ഹിന്ദു ഹെല്‍പ്പ് ലൈന്‍ കോര്‍ഡിനേറ്റര്‍ ശ്രീനാഥ് എന്നയാള്‍ ബിന്ദു അമ്മിണിക്ക് നേരെ മുളക് സ്‍പ്രേ അടിച്ചു. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. യുവതീ പ്രവേശനം സംബന്ധിച്ച പുനപരിശോധന ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി വിധിയില്‍ അവ്യക്ത ഉള്ളതിനാല്‍ ശബരിമല കയറാന്‍ സുരക്ഷ നല്‍കാനാകില്ലെന്ന നിലപാടിലാണ് പൊലീസ്. യുവതീ സംഘത്തിന്‍റെ വരവിൽ പ്രതിഷേധം കനക്കുന്ന സാഹചര്യം പൊലീസ് തൃപ്തിയേയും സംഘത്തേയും അറിയിച്ചിട്ടുണ്ട്. ഭീഷണി ചൂണ്ടിക്കാട്ടി തിരിച്ച് പോകണമെന്ന അഭ്യര്‍ത്ഥനയാണ് തൃപ്തി ദേശായിയെയും സംഘത്തേയും പൊലീസ് അറിയിച്ചത്. 


 

click me!