
തിരുവനന്തപുരം: ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചതോടെ ഒഴിവുവന്ന ബിജെപി അധ്യക്ഷ സ്ഥാനത്തിനായി ചരടുവലിക്കില്ലെന്ന് കുമ്മനം രാജശേഖന്‍. ശ്രീധരൻ പിള്ളക്ക് കിട്ടിയത് പണിയല്ല, അംഗീകാരമാണെന്നും കുമ്മനം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഉപതെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെയാണ് ശ്രീധരന്‍ പിള്ളയെ നേതൃത്വം മിസോറാം ഗവര്‍ണറായി നിയമിച്ചത്. ഒഴിവുവന്ന ബിജെപി അധ്യക്ഷ സ്ഥാനത്തിലേക്ക് കെ സുരേന്ദ്രന്‍റെയും ശോഭാ സുരേന്ദ്രന്‍റെയും കുമ്മനം രാജശേഖരന്‍റെയും പേര് പരിഗണിക്കപ്പെടുമെന്ന സൂചന ലഭിക്കുമ്പോളാണ് ചരട് വലിക്കില്ലെന്ന് കുമ്മനം തന്നെ വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ രണ്ടുതെരഞ്ഞെടുപ്പുകളില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബിജെപിക്ക് ഇത്തവണത്തെ ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ അടിപതറിയിരുന്നു. എന്നാല്‍ വട്ടിയൂര്‍ക്കാവിലുണ്ടായ തോല്‍വി പാര്‍ട്ടി പരിശോധിക്കും. എന്‍ഡിഎ ശക്തമായി തിരിച്ചുവരുമെന്നും താന്‍ ഒപ്പമുണ്ടാകുമെന്നും കുമ്മനം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. താൻ മത്സരിച്ചാൽ ജയിക്കുമോ എന്ന ചോദ്യം പ്രസക്തമല്ലെന്നും താന്‍ അതിമാനുഷന്‍ അല്ലെന്നും കുമ്മനം പറഞ്ഞു. അതേസമയം പാര്‍ട്ടി പറയുന്നത് താന്‍ അംഗീകരിക്കും. പ്രസിഡന്‍റ് സ്ഥാന ചർച്ചയിൽ തന്‍റെ പേരിന് മുൻതൂക്കം വരുന്നതിൽ താൻ ഉത്തരവാദിയല്ലെന്നും കുമ്മനം പറഞ്ഞു.
ഉപതെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സംസ്ഥാന അധ്യക്ഷനെതിരെ മുരളി പക്ഷവും കൃഷ്ണദാസ് പക്ഷവും നീക്കങ്ങൾ ശക്തമാക്കാൻ ഒരുക്കുന്നതിനിടെയാണ് കേന്ദ്ര നേതൃത്വം തന്നെ പിള്ളയെ മാറ്റിയത്. ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ തന്നെ ശ്രീധരൻപിള്ളയെ കേന്ദ്രത്തിൽ മറ്റേതെങ്കിലും പദവികളിലേക്ക് മാറ്റുമെന്ന അഭ്യൂഹം ശക്തമായിരുന്നു. സംസ്ഥാന ഘടകത്തിൽ സംഘടനാ തെരഞ്ഞെടുപ്പിനുള്ള നടപടികൾ സജീവമാകുമ്പോളാണ് സംസ്ഥാന അധ്യക്ഷനെ തന്നെ മാറ്റുന്നത്. അടുത്ത മാസമാണ് പിള്ളയുടെ കാലാവധി തീരുന്നത്. അധ്യക്ഷ സ്ഥാനത്ത് നിന്നും വെറും കയ്യോടെ മടങ്ങുന്നതിന് പകരം ഗവർണർ പദവിക്ക് കിട്ടിയത് ശ്രീധരൻ പിള്ളയ്ക്ക് ഒരു അർത്ഥത്തിൽ നേട്ടമാണ്. പകരക്കാരനെ ചൊല്ലി പാർട്ടിക്കുള്ളിൽ നീക്കം സജീവമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam