പതിനാറ് വർഷത്തിന് ശേഷം പ്രഖ്യാപിച്ച എൻഎസ്എസ്-എസ്എൻഡിപി സാമുദായിക ഐക്യനീക്കം ഒൻപത് ദിവസത്തിനുള്ളിൽ തകർന്നു. ഐക്യദൂതനായി ബിജെപി നേതാവായ തുഷാർ വെള്ളാപ്പള്ളിയെ നിയോഗിച്ചതിലെ രാഷ്ട്രീയ ലക്ഷ്യം തിരിച്ചറിഞ്ഞാണ് എൻഎസ്എസ് പിന്മാറിയത്

കോട്ടയം: പതിനാറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് എസ് എൻ ഡി പി - എൻ എസ് എസ് സംഘടനകൾ സാമുദായിക ഐക്യത്തിന്‍റെ കാഹളം മുഴക്കിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ രൂക്ഷ വിമർശനങ്ങളുയർത്തുന്നതിനിടെയായിരുന്നു എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരും കൈകോർക്കാൻ തീരുമാനിച്ചത്. സാമുദായി ഐക്യം കാലഘട്ടത്തിന്‍റെ ആവശ്യം എന്നായിരുന്നു ഇരുവരുടെയും പക്ഷം. ജനുവരി 18 ന് കേരളമാകെ ആ ഐക്യകാഹളവും കേട്ടു. സുകുമാരൻ നായരും വെള്ളാപ്പള്ളിയും ഒരേ സ്വരത്തിൽ സാമുദായിക ഐക്യത്തിന് ആഹ്വാനം ചെയ്തു. ഇതോടെ 16 വർഷത്തിന് ശേഷം എൻ എസ് എസും എസ് എൻ ഡി പിയും കൈകോർക്കും എന്നും ഏവരും ഉറപ്പിച്ചു. എന്നാൽ കേവലം 9 ദിവസത്തിൽ ഐക്യ നീക്കത്തിന് അന്ത്യം സംഭവിച്ചതിനാണ് കേരളം സാക്ഷ്യം വഹിച്ചിരിക്കുന്നത്.

എല്ലാത്തിനും കാരണം 'തുഷാർ ദൂതൻ'

സാമുദായിക ഐക്യനീക്കം തകരാൻ ഒരേ ഒരു കാരണമെന്നാണ് എൻ എസ് എസും ജനറൽ സെക്രട്ടറി സുകുമാരൻ നായരും പറയുന്നത്. ഐക്യത്തിന്‍റെ ദൂതനായി വെള്ളാപ്പള്ളി മകൻ തുഷാറിനെ നിയോഗിച്ചതിലെ രാഷ്ട്രീയ ലക്ഷ്യം തിരിച്ചറിഞ്ഞാണ് എൻ എസ് എസ് പിന്മാറുന്നതെന്ന് ജനറൽ സെക്രട്ടറി തുറന്നടിച്ചു. ഐക്യ ദൂതുമായി പെരുന്നയിൽ തുഷാർ എത്തിയാൽ മകനെ പോലെ സ്വീകരിക്കുമെന്ന് ആദ്യം പറഞ്ഞ സുകുമാരൻ നായർ തന്നെ ഐക്യനീക്കം ഉപേക്ഷിക്കാൻ നേരിട്ട് പ്രമേയം അവതരിപ്പിച്ചതും അതുകൊണ്ടാണ്. ബി ജെ പി മുന്നണിയായ എൻ ഡി എയുടെ പ്രമുഖ നേതാവായ തുഷാർ, തെരഞ്ഞെടുപ്പ് കാലത്ത് സാമുദായിക ഐക്യദൂതുമായി എത്തുന്നതിന് പിന്നിലെ രാഷ്ട്രീയം വ്യക്തമാണെന്ന് പറഞ്ഞുകൊണ്ടാണ് സുകുമാരൻ നായർ പിന്മാറ്റം പ്രഖ്യാപിച്ചത്. രാഷ്ട്രീയമായ ചായ്‌വുകൾ സംഘടനയുടെ സ്വതന്ത്ര നിലപാടിനെ ബാധിക്കുമെന്നും സമദൂരമെന്ന ആശയത്തിന് വെല്ലുവിളിയാണെന്നും എൻ എസ് എസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

നിലപാട് വ്യക്തമാക്കി സുകുമാരൻ നായർ

വെള്ളാപ്പള്ളിയുടെ ഐക്യ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് വ്യക്തമായതോടെയാണ് എൻ എസ് എസ് പിന്മാറിയതെന്ന് സുകുമാരൻ നായർ തുറന്നടിച്ചു. ബി ജെ പി മുന്നണിയായ എൻ ഡി എയുടെ പ്രമുഖ നേതാവായ തുഷാർ വെള്ളാപ്പള്ളിയെ ഐക്യചർച്ചകൾക്കായി ദൂതനായി അയച്ചതിൽ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാണെന്ന് സുകുമാരൻ നായർ ചൂണ്ടിക്കാട്ടി. ആദ്യം അങ്ങനെ തോന്നിയില്ലെങ്കിലും പിന്നീട് തുഷാറിനെ ദൂതനാക്കിയത് ശരിയല്ലെന്ന് ബോധ്യമായതുകൊണ്ടാണ് എൻ എസ് എസ് പിന്മാറിയതെന്ന് സുകുമാരൻ നായർ തുറന്നുപറഞ്ഞു. ഐക്യ നീക്കവുമായി ബി ജെ പി മുന്നണിയിലെ പ്രമുഖ നേതാവായ തുഷാർ വരുന്നത് രാഷ്ട്രീയ വ്യാഖ്യാനങ്ങൾക്ക് ഇടയാക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഐക്യം വേണ്ടെന്ന പ്രമേയം താൻ തന്നെയാണ് ഡയറക്ടർ ബോർഡിൽ അവതരിപ്പിച്ചതെന്നും സുകുമാരൻ നായർ വ്യക്തമാക്കി. ഒരു രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായ വ്യക്തി ചർച്ചകൾക്ക് നേതൃത്വം നൽകുന്നത് എൻ എസ് എസിന്റെ പ്രഖ്യാപിത നിലപാടുകൾക്ക് വിരുദ്ധമാണെന്ന വിലയിരുത്തലിലാണ് ഐക്യനീക്കം ഉപേക്ഷിക്കാൻ സംഘടന തീരുമാനിച്ചതെന്നും അദ്ദേഹം വിവരിച്ചു. കാര്യങ്ങൾ കണ്ടാൽ മനസ്സിലാകുമല്ലോ എന്നും സുകുമാരൻ നായർ ചോദിച്ചു. അച്ഛൻ എന്തിനാണ് മകനെ ചർച്ചക്ക് അയക്കുന്നത്. ഈ മകൻ ആരാ, ബി ജെ പി മുന്നണിയായ എൻ ഡി എയുടെ നേതാവല്ലേ. അപ്പോൾ രാഷ്ട്രീയം വ്യക്തമല്ലേ എന്നും സുകുമാരൻ നായർ ചോദിച്ചു.

YouTube video player

YouTube video player