'കൊടകര കേസ് പ്രതികള്‍ക്ക് സിപിഎം-സിപിഐ ബന്ധം'; സുരേന്ദ്രന് പൂര്‍ണ്ണ പിന്തുണയുമായി ബിജെപി

By Web TeamFirst Published Jun 6, 2021, 3:37 PM IST
Highlights

ബിജെപി സംസ്ഥാന പ്രസിഡന്‍റ് സുരേന്ദ്രന്‍റെ മകനെ ചോദ്യംചെയ്യാന്‍ പോകുന്നത് പാര്‍ട്ടിയെ അവഹേളിക്കാനാണ്. സുരേന്ദ്രനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് ശ്രമം നടക്കുന്നത്. പാർട്ടി ഒറ്റക്കെട്ടായി വെല്ലുവിളി നേരിടുമെന്നും കുമ്മനം.

കൊച്ചി: കൊടകര കുഴൽപ്പണകേസിലും കോഴ ആരോപണത്തിലും കെ സുരേന്ദ്രനെ പ്രതിരോധിച്ച് ബിജെപി നേതാക്കൾ. കുഴല്‍പ്പണ കേസിന്‍റെ പേരിൽ സംസ്ഥാന അധ്യക്ഷനെയടക്കം വളഞ്ഞിട്ട് ആക്രമിക്കാനാണ് ശ്രമമെന്നും പാർട്ടി ഒറ്റക്കെട്ടായി ഇതിനെ നേരിടുമെന്നും  കുമ്മനം രാജശേഖരൻ പറഞ്ഞു. തെരഞ്ഞെടുപ്പിലെ സമ്പൂര്‍ണ്ണ തോൽവി, സംസ്ഥാന അധ്യക്ഷനെതിരായ കോഴ ആരോപണങ്ങൾ, കൊടകരയിലെ കുഴൽപ്പണ ഇടപാട് തുടങ്ങി പാർ‍ട്ടിയെ കടുത്ത പ്രതിരോധത്തിലാക്കിയ വിഷങ്ങൾ ചർ‍ച്ച ചെയ്യാനുള്ള കോർ കമ്മിറ്റി യോഗത്തിന് മുമ്പാണ് നേതാക്കളെ ഒരുമിച്ചിരുത്തിയുള്ള വാർത്താ സമ്മേളനം നടത്തുന്നത്. 

കുഴല്‍പ്പണകേസിലെ ഗൂഡാലോചന പൊലീസ് അന്വേഷിക്കുന്നില്ലെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. പ്രതികള്‍ക്ക് സിപിഎം സിപിഐ ബന്ധമുണ്ട്. കേസില്‍ സിപിഎം പ്രവര്‍ത്തകരെ പൊലീസ് ചോദ്യം ചെയ്തതിന്‍റെ വിവരങ്ങള്‍ പുറത്തുവിടുന്നില്ല.  പക്ഷപാതപരമായ അന്വേഷണമാണ് നടക്കുന്നതെന്നും ബിജെപിയെ അവഹേളിച്ച് ഒറ്റപ്പെടുത്തി നശിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും കുമ്മനം പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്‍റ് സുരേന്ദ്രന്‍റെ മകനെ ചോദ്യംചെയ്യാന്‍ പോകുന്നത് പാര്‍ട്ടിയെ അവഹേളിക്കാനാണ്. സുരേന്ദ്രനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് ശ്രമം നടക്കുന്നത്. വെല്ലുവിളി പാർട്ടി ഒറ്റക്കെട്ടായി നേരിടും. ഇന്നുചേരുന്ന കോർകമ്മിറ്റി എല്ലാ വിഷയവും വിശദമായി പരിശോധിക്കുമെന്നും കുമ്മനം പറഞ്ഞു. 

പ്രതികൾക്കെതിരെയല്ല, വാദിയുടെ ഫോൺ വിളി വിശദാംശം പരിശോധിച്ചാണ് അന്വേഷണമെന്ന് വി മുരളീധരൻ ആരോപിച്ചു. മകനെതിരെ പരതിയുണ്ടെങ്കിൽ പൊലീസ് പരിശോധിക്കട്ടെയെന്ന് കെ സുരേന്ദ്രനും പറഞ്ഞു. മ‌ഞ്ചേശ്വരത്തെ സ്ഥാനാർത്ഥിയെ പിൻവലിപ്പിക്കാൻ കോഴ കൊടുത്തെന്ന ആരോപണം തള്ളിയ സുരേന്ദ്രൻ മൊഴി മാറ്റാൻ സുന്ദരയ്ക്ക്  സിപിഎം എത്രകോടി കൊടുത്തെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.  വാർത്താ സമ്മേളനത്തിൽ ഒപ്പമിരുന്നെങ്കിലും പി കെ കൃഷ്ണദാസോ, എ എൻ രാധാകൃഷ്ണനോ സംസ്ഥാന അധ്യക്ഷനെ പിന്തുണച്ച് സംസാരിക്കാൻ തയ്യാറായില്ല എന്നതും ശ്രദ്ദേയമായി. 

click me!