
പത്തനംതിട്ട: ആറന്മുളയിൽ കുമ്മനം രാജശേഖരൻ മത്സരിക്കും. ബിജെപി കേന്ദ്ര നേതൃത്വത്തിൻ്റെ തീരുമാനത്തിന് വഴങ്ങിയാണ് തീരുമാനം. ഇന്ന് തന്നെ മണ്ഡലത്തിൽ എത്തി പ്രചാരണം ആരംഭിക്കും. ആറന്മുളയിലെ സീറ്റ് ബിഡിജെഎസിന് നൽകാനുള്ള തീരുമാനത്തിനെതിരെ വലിയ പ്രതിഷേധം പാർട്ടിക്കുള്ളിൽ ഉയർന്നിരുന്നു. അതേസമയം, കോന്നി സീറ്റ് ബിഡിജെഎസിന് നൽകാൻ തീരുമാനമായിട്ടുണ്ട്.
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്നലെ രാത്രി ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് ചേർന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ തർക്കമുള്ള സീറ്റുകളിലടക്കം ധാരണയായെന്നാണ് വിവരം. എംടി രമേശ് മത്സരിച്ചേക്കില്ല. പ്രധാനപ്പെട്ട മണ്ഡലങ്ങളിൽ ശക്തരായ സ്ഥാനാർത്ഥികളെ തന്നെ അണിനിരത്തി ത്രികോണ മത്സരം ഉറപ്പാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.
ബിജെപിയുടെ ആദ്യഘട്ട പട്ടികയെ ചൊല്ലി പാർട്ടിയിൽ ഭിന്നത ശക്തമായിരുന്നു. മുതിർന്ന നേതാക്കളെ തഴഞ്ഞതാണ് പ്രധാന കാരണം. പി എസ് ശ്രീധരൻപിള്ളയെ അടക്കം ആദ്യം പരിഗണിച്ച ചെങ്ങന്നൂരിൽ ഒടുവിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ തോറ്റ എം വി ഗോപകുമാറിനെ സ്ഥാനാർത്ഥിയാക്കിയത് ഡീലെന്നാണ് ആക്ഷേപം. സജി ചെറിയാനും ബിജെപിയും തമ്മിൽ ഒത്തുകളിയെന്നാണ് ആക്ഷേപം. തൃശൂരിൽ തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ചുമതല ഉണ്ടായിരുന്ന എം ടി രമേശ് ആ സീറ്റ് ആഗ്രഹിച്ചിരുന്നു. പത്മജക്ക് കൈമാറിയതോടെയാണ് ഇനി ഒരിടത്തും മത്സരിക്കാനില്ലെന്ന് കേന്ദ്ര നേതൃത്വത്തെ രമേശ് അറിയിച്ചത്. കൊടുങ്ങല്ലൂരിൽ നേരത്തെ പ്രവർത്തനം തുടങ്ങിയ ബി ഗോപാലകൃഷ്ണന് ആ സീറ്റ് കിട്ടാത്തിതിൽ നീരസം ബാക്കിയാണ്. പക്ഷേ ഗുരുവായൂർ നൽകി പ്രശ്നം തീർക്കാനാണ് ശ്രമം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam