സുരക്ഷാ വീഴ്ച വീണ്ടും; കുതിരവട്ടത്ത് നിന്ന് കൊലക്കേസ് പ്രതി രക്ഷപ്പെട്ടു

By Web TeamFirst Published Aug 15, 2022, 3:35 PM IST
Highlights

മൂന്ന് മാസത്തിനിടെ കുതിരവട്ടത്ത് രണ്ടാമത്തെ സുരക്ഷാ വീഴ്ച; പിഴവുകൾ ആവർത്തിച്ചിട്ടും പാളിച്ചകൾ പരിഹരിച്ചില്ല

കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ വീണ്ടും ഗുരുതര  സുരക്ഷ വീഴ്ച. കൊലക്കേസ് പ്രതിയായ അന്തേവാസി മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് പുറത്തു കടന്നു. പെരിന്തൽമണ്ണ ദൃശ്യവധക്കേസ് പ്രതി വിനീഷാണ് രക്ഷപ്പെട്ടത്. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ഫോറൻസിക് വാർഡിൽ നിന്ന് തടവുകാരനായ അന്തേവാസി പുറത്തു കടക്കുന്നത്.  കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലായിരുന്നു മഞ്ചേരി സ്വദേശിയായ വിനീഷ്. മാനസികാസ്വാഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഇയാളെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. 

കുതിരവട്ടത്ത് നിന്ന് കൊലക്കേസ് പ്രതി രക്ഷപ്പെട്ടത് അന്വേഷിക്കാൻ പ്രത്യേക സംഘം

കഴിഞ്ഞ മെയ് മാസത്തിൽ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന്  രക്ഷപ്പെട്ട അന്തേവാസി വാഹനാപകടത്തിൽ മരിച്ചിരുന്നു. റിമാൻഡ് പ്രതിയായിരുന്ന മലപ്പുറം സ്വദേശി മുഹമ്മദ് ഇർഫാനാണ് കുതിരവട്ടത്ത് നിന്ന് രക്ഷപ്പെട്ട ശേഷം  കോട്ടക്കലിൽ വാഹനാപകടത്തിൽ മരിച്ചത്. വാഹന മോഷണക്കേസുകളിൽ റിമാൻഡിലായിരുന്ന മുഹമ്മദ് ഇർഫാനെ, മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ  പ്രവേശിപ്പിച്ചത്. മൂന്നാം വാർഡിലെ സെല്ലിലുണ്ടായിരുന്ന ഇർഫാൻ  സ്പൂണ്‍ ഉപയോഗിച്ച് കുളിമുറിയുടെ ഭിത്തി തുരന്ന് പുറത്തുകടക്കുകയായിരുന്നു. 

ഈ സംഭവത്തിൽ സുരക്ഷാ വീഴ്ച ആരോപിച്ച് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് കെ.സി.രമേശനെ സസ്പെൻഡ് ചെയ്തിരുന്നു. നടപടിയിൽ പ്രതിഷേധിച്ച് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ രംഗത്തെത്തിയതോടെയാണ് സസ്പെൻഷൻ പിൻവലിച്ചത്. സംഭവത്തിൽ പരിശോധന നടത്തിയ പൊലീസ്, ആവശ്യത്തിന് സുരക്ഷാ ജീവനക്കാർ പോലുമില്ലെന്ന പൊലീസ് റിപ്പോർട്ട് സർക്കാരിന് കൈമാറിയിരുന്നു. ഇതിനു പിന്നാലെ കുതിരവട്ടത്ത് സുരക്ഷ കർശനമാക്കാൻ 4 പേരെ അധികമായി നിയമിക്കുകയും പാചക ജീവനക്കാരുടെ തസ്തികയിൽ നിയമനം നടത്താൻ ധനവകുപ്പിനോട് ആവശ്യപ്പെടുകയും ചെയ്തു. ചികിത്സ കഴിഞ്ഞിട്ടും ബന്ധുക്കൾ കൊണ്ടു പോകാത്തവരെ പുനരധിവസിപ്പിക്കാൻ മൂന്ന് ചികിത്സാ കേന്ദ്രങ്ങളിലും ക്രമീകരണം ഏർപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നതുമാണ്. ഇതിനിടയിലാണ് മൂന്ന് മാസങ്ങൾക്കിടെ വീണ്ടും സുരക്ഷാ വീഴ്ച ഉണ്ടായിരിക്കുന്നത്. 

സുരക്ഷാ വീഴ്ച ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ പൊലീസ്  ഡെപ്യൂട്ടി കമ്മീഷണറുടെ നേത‍ത്വത്തിൽ ഉദ്യോഗസ്ഥർ കുതിരവട്ടത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഡെപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തി പരിശോധനകൾ നടത്തി. 
 

click me!