
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളുടെ പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ടതോടെ കേരളത്തിലെ രണ്ട് മണ്ഡലങ്ങളും തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. ഏറക്കുറെ അപ്രതീക്ഷിതമായി വന്ന പ്രഖ്യാപനം രാഷ്ട്രീയ കേന്ദ്രങ്ങളേയും അങ്കലാപ്പിലാക്കി. കുട്ടനാട്ടിലും ചവറയിലും നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളും മുന്നണി മാറ്റ സാധ്യതകളും എല്ലാം ഇതോടെ സജീവമാകുകയാണ്.
തോമസ് കെ തോമസ് തന്നെ സ്ഥാനാര്‍ത്ഥിയെന്ന് എൻസിപി:
കുട്ടനാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൽ ഒരു ആശയക്കുഴപ്പവും എൻസിപിയിൽ ഇല്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് എകെ ശശീന്ദ്രനും മാണി സി കാപ്പനും. തോമസ് ചാണ്ടിയുടെ കുടുംബത്തിൽ നിന്ന് തന്നെ സ്ഥാനാര്‍ത്ഥി ഉണ്ടാകുന്നതാണ് നല്ലത്. തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസ് സ്ഥാനാര്‍ത്ഥിയാകണമെന്ന പൊതു ധാരണ എൻസിപിയിലുണ്ടെന്ന് വിശദീകരിച്ച എകെ ശശീന്ദ്രൻ ഇനി ഇക്കാര്യത്തിൽ ബാക്കിയുള്ളത് ഔദ്യോഗിക പ്രഖ്യാപനം മാത്രമാണെന്നും പറഞ്ഞു .ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതാണ് കീഴ് വഴക്കം.
തോമസ് കെ.തോമസിന്‍റെ പേരിന് എൻസിപി കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരം കിട്ടിയിട്ടുണ്ട്. കുട്ടനാട്ടിൽ ജയസാധ്യത തോമസ് കെ തോമസിനാണ്. കുട്ടനാട്ടിൽ എൻസിപി വിജയിക്കും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്തതിനാലാകാം പിതാംബരൻ മാസ്റ്റർ സ്ഥാനാര്‍ത്ഥിയുടെ പേര് പറയാത്തത്. തോമസ് ചാണ്ടിയുടെ കുടുംബത്തിൽ നിന്നൊരാൾ സ്ഥാനാർത്ഥിയാകുന്നതാണ് നല്ലതെന്ന നിലപാടാണ് പാർട്ടിക്കുള്ളതെന്നും എകെ ശശീന്ദ്രൻ പറഞ്ഞു.
പാലായും കുട്ടനാടും കിട്ടില്ലെന്ന് ജോസ് വിഭാഗത്തോട് മാണി സി കാപ്പൻ:
കുടനാട് ഉപതെരഞ്ഞെടുപ്പിൽ തോമസ് കെ തോമസ് തന്നെയാണ് സ്ഥാനാര്‍ത്ഥിയെന്ന കാര്യത്തിൽ എൻസിപിക്ക് അകത്ത് ആശയക്കുഴപ്പം ഇല്ലെന്ന് പാലാ എംഎൽഎ മാണി സി കാപ്പനും വ്യക്തമാക്കി. കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്‍റെ മുന്നണി മാറ്റ ചര്‍ച്ചകൾ സജീവമായി ഇരിക്കെ പാലായും കുട്ടനാടും എൻസിപി വിട്ടു കൊടുക്കില്ലെന്നും മാണി സി കാപ്പൻ പറയുന്നു. കുട്ടനാടും പാലായും എൻസിപിയുടെ സീറ്റാണ് . അത് രണ്ടും കിട്ടുമെന്ന് മോഹിച്ച് ഇടത് മുന്നണിയിലേക്ക് ജോസ് വിഭാഗം വരേണ്ടതില്ലെന്നാണ് മാണി സി കാപ്പൻ വ്യക്തമാക്കുന്നത്.
കുട്ടനാടിനെ ചൊല്ലി കേരളാ കോൺഗ്രസിലും തമ്മിലടി:
പാർട്ടിയും ചിഹ്നവും ആരുടേതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി കഴിഞ്ഞ സ്ഥിതിക്ക് കുട്ടനാട്ടിലെ സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള അധികാരവും ജോസ് കെ മാണിക്കാണെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു. കുട്ടനാട് രണ്ടില ചിഹ്നത്തിൽ സ്ഥാനാർഥി മത്സരിച്ച സീറ്റാണ്.പിജെ ജോസഫ് യഥാർഥ്യം മനസിലാക്കി സംസാരിക്കണമെന്നും റോഷി അഗസ്റ്റിൻ പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam