കുട്ടനാട്: സീറ്റിനെ ചൊല്ലി തർക്കം രൂക്ഷം, സ്ഥാനാർത്ഥിയെ നിശ്ചയിച്ച് ജോസ് വിഭാഗം

By Web TeamFirst Published Jan 4, 2020, 7:16 AM IST
Highlights
  • സീറ്റിന് വേണ്ടി ആരും അവകാശവാദം ഉന്നയിക്കേണ്ടെന്നും ജോസ് കെ മാണി
  • ബിനു ഐസകോ, ഷാജു കണ്ടകുടിയോ സ്ഥാനാർത്ഥിയാകുമെന്ന് ജോസ് വിഭാഗം

ആലപ്പുഴ: തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന കുട്ടനാട് സീറ്റിനെ ചൊല്ലി കേരള കോൺഗ്രസ് എമ്മിൽ തർക്കം രൂക്ഷമായിരിക്കെ, സ്ഥാനാർത്ഥിയെ നിർണ്ണയിച്ച് ജോസ് വിഭാഗം. സീറ്റ് തങ്ങൾക്കാണെന്ന് യുഡിഫ് നേതാക്കൾ ഉറപ്പ് നൽകിയതായി ജോസ് കെ.മാണി എംപി പറഞ്ഞു. പാർട്ടി ചിഹ്നം സംബന്ധിച്ച് ഈ മാസം 13ന് തെരഞ്ഞെടുപ്പ് കമീഷൻ നടത്തുന്ന അവസാന ഹിയറിങ് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ജോസ് വിഭാഗം.

കുട്ടനാട്ടിൽ ഉപതെരഞ്ഞെടുപ്പിന്‍റെ പ്രവർത്തനങ്ങളിലേക്ക് കടക്കുകയാണ് ജോസ് കെ. മാണി വിഭാഗം. സീറ്റിൽ അവകാശവാദം ഉന്നയിക്കുന്ന ജോസഫ് വിഭാഗത്തിന്റെ നീക്കങ്ങൾ പൂർണ്ണമായും തടയുകയാണ് ലക്ഷ്യം. തോമസ് ചാണ്ടിയുടെ കുടുംബത്തിൽ നിന്ന് എതിർസ്ഥാനാർത്ഥി വന്നാൽ, പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും ചമ്പക്കുളം ഡിവിഷൻ ജില്ലാ പഞ്ചായത്ത് അംഗവുമായ ബിനു ഐസക്കിനെ മത്സരിപ്പിക്കാനാണ് തീരുമാനം. അല്ലെങ്കിൽ സംസ്ഥാന കമ്മിറ്റിയംഗവും കോളേജ് അധ്യാപകനുമായ ഡോ. ഷാജോ കണ്ടകുടിയെ സ്ഥാനാർത്ഥിയാക്കും. ബൂത്ത് അടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങാനും കുട്ടനാട്ടിൽ ചേർന്ന ജോസ് വിഭാഗത്തിന്റെ നേതൃയോഗം തീരുമാനിച്ചു.

സീറ്റിന് വേണ്ടി ആരും അവകാശവാദം ഉന്നയിക്കേണ്ടെന്നും ജോസ് കെ മാണി പറഞ്ഞു. ഈ മാസം 13, 14 തീയതികളിൽ ചരൽക്കുന്നിൽ ചേരുന്ന സംസ്ഥാന കമ്മിറ്റി കുട്ടനാട്ടിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തും. അതേസമയം, കുട്ടനാട് സീറ്റ് തങ്ങൾക്കാണെന്ന് കോൺഗ്രസ് നേതാക്കൾ ഉറപ്പ് നൽകിയെന്ന അവകാശവാദവുമായി ജോസഫ് വിഭാഗവും രംഗത്തെത്തി. കഴിഞ്ഞ തവണ മത്സരിച്ച ജേക്കബ് എബ്രഹാമിനെ സ്ഥാനാർത്ഥിയാക്കാനാണ് തീരുമാനം.

click me!