
മലപ്പുറം: കുഴിമന്തിയെ കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിനെ ചൊല്ലി വിവാദം ഉയര്‍ന്ന സാഹചര്യത്തില്‍ ഖേദം പ്രകടിപ്പിച്ച് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍. കുഴിമന്തി എന്ന ഭക്ഷണം കഴിച്ചിട്ടുണ്ടെന്നും അതിനോട് വിരോധമൊന്നും ഇല്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ആ പേരിനോടുള്ള വിയോജിപ്പാണ് പ്രകടിപ്പിച്ചത്. തന്‍റെ അനിഷ്ടം ചിലരെ ക്ഷുഭിതരാക്കാനും ചിലരെ ദു:ഖിപ്പിക്കാനും ഇടവന്നുവെന്നത് സങ്കടപ്പെടുത്തുന്നു. അതില്‍ ഖേദം പ്രടിപ്പിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
വി കെ ശ്രീരാമന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
കുഴിമന്തിപ്പോസ്റ്റ്
സാമാന്യം തരക്കേടില്ലാത്ത വിധത്തിൽ വിവാദമായിരിക്കുന്നു
എന്ന് മനസ്സിലാക്കുന്നു.
⛅
ഒരു ദിവസത്തേക്ക് എന്നെ കേരളത്തിൻ്റെ ഏകാധിപതിയായി അവരോധിച്ചാൽ......
എന്ന വാചകത്തോടെയാണ് പോസ്റ്റ് തുടങ്ങുന്നത്.
നടക്കാത്ത കാര്യമാണെന്ന പ്രസ്താവനയായി അതിനെ പലരും കണക്കിലെടുത്തില്ല.
പിന്നെ കുഴിമന്തി എന്ന ഭക്ഷണം ഞാൻ കഴിച്ചിട്ടുണ്ട്.
കുഴി മന്തിയോട് വിരോധമൊന്നുമില്ല. ഉണ്ടാക്കുന്നതിനെപ്പറ്റി , അതുണ്ടാക്കുന്ന പാചകക്കാരനെപ്പറ്റി എല്ലാം സസന്തോഷം പ്രതിപാദിക്കുന്ന ഡോക്യുമെൻ്ററിയും എടുത്തിട്ടുണ്ട്. കൈരളി ചാനലിൽ വേറിട്ട കാഴ്ചകളായി അത് സംപ്രേഷണം ചെയ്യുകയും ചെയ്തു.Epi: 832
പക്ഷെ, അന്നും ആ പേരിനോട് വിയോജിപ്പ് ഉണ്ടായിരുന്നു. ആ ഭക്ഷണത്തോടല്ല.
ആ പേരിനോട്. ഇഷ്ടാനിഷ്ടങ്ങൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം നമുക്കെല്ലാമുണ്ടല്ലോ.
ആ ജനാധിപത്യത്തിൽ ഞാൻ വിശ്വസിക്കുന്നു.
എൻ്റെ അനിഷ്ടം ചിലരെ ക്ഷുഭിതരാക്കാനും ചിലരെ ദു:ഖിപ്പിക്കാനും ഇടവന്നു എന്നാണ് മനസ്സിലാക്കുന്നത്.
ഞാനാണല്ലോ അതിനൊക്കെ കാരണമായത് എന്നതെന്നെ സങ്കടപ്പെടുത്തുന്നു.
എൻ്റെ ഖേദം അറിയിക്കുന്നു.
വിവാദം
'ഒരു ദിവസത്തേക്ക് തന്നെ കേരളത്തിലെ ഏകാധിപതിയായി അവരോധിച്ചാല്‍ കുഴിമന്തി എന്ന പേര് എഴുതുന്നതും പറയുന്നതും നിരോധിക്കുമെന്നായിരുന്നു ശ്രീരാമന്റെ ആദ്യ ഫേസ്ബുക്ക് പോസ്റ്റ്. മലയാള ഭാഷയെ മാലിന്യത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള നടപടിയായിരിക്കും അതെന്നാണ് വി കെ ശ്രീരാമന്‍ പറഞ്ഞത്. ഈ കുറിപ്പിനെ പിന്തുണച്ച് ഇടതു ചിന്തകൻ സുനില്‍ പി ഇളയിടവും രംഗത്തെത്തി.
വികെ ശ്രീരാമന്‍റെ കുറിപ്പിനെതിരെ സാംസ്‌കാരിക ലോകത്തും സോഷ്യൽ മീഡിയയിലും വലിയ വിമര്‍ശനമാണ് ഉയരുന്നത്. ശ്രീരാമന്‍റെ കുറിപ്പിന് ഇമോജിയിലൂടെ പിന്തുണ അറിയിക്കുകയാണ് സുനില്‍ പി ഇളയിടം ചെയ്തത്. എന്നാല്‍ കുഴിമന്തി എന്നു കേൾക്കുമ്പോൾ പെരുച്ചാഴി പോലെ ഒരു തൊരപ്പൻ ജീവിയെ ഓർമ വരുമെന്നാണ് പോസ്റ്റിനു താഴെ എഴുത്തുകാരിയായ എസ് ശാരദകുട്ടിയുടെ പ്രതികരണം.
വലിയ വിമര്‍ശനമാണ് ഈ പ്രതികരണങ്ങള്‍ക്കതിരെ സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നത്. തികഞ്ഞ ബ്രാഹ്മണ ബോധമാണ് ഇത്തരം ചിന്തയ്ക്ക് പിന്നിലെന്നായിരുന്നു സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം.'തനിക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങൾ നിരോധിക്കാൻ ആഗ്രഹിക്കുന്നവരാണ് മിക്ക ബുദ്ധിജീവികളും' എന്നാണ് പോസ്റ്റിന് മറുപടിയായി വന്ന ഒരു കമന്‍റ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam