തിരുവനന്തപുരം/ ദില്ലി: മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് ഇനി കെപിസിസി വർക്കിംഗ് പ്രസിഡന്‍റ്. കാസർകോട്ടെ മുതിർന്ന നേതാവും ക്രിമിനൽ അഭിഭാഷകനുമായ അഡ്വ. സി കെ ശ്രീധരനെ കെപിസിസി വൈസ് പ്രസിഡന്‍റായും പ്രഖ്യാപിച്ചു. സ്ഥാനാർത്ഥിത്വത്തിന്‍റെയും പദവികളുടെയും പേരിൽ നേതൃത്വവുമായി ഇടഞ്ഞുനിന്ന കെ വി തോമസിന് ഒടുവിൽ തൃപ്തികരമായ പദവിയെന്ന ഒത്തുതീർപ്പ് ഫോർമുല മുന്നോട്ടുവച്ചാണ് ഹൈക്കമാൻഡ് തിരികെ പാർട്ടിയിലേക്ക് കൊണ്ടുവന്നത്. ഒരു ഘട്ടത്തിൽ പാർട്ടി വിടുമെന്ന സൂചന നൽകിയിരുന്നു കെ വി തോമസ്.
അന്ന് സോണിയാഗാന്ധി വിളിച്ചതോടെ വിമതശബ്ദം അവസാനിപ്പിച്ച കെ വി തോമസ് അവർ നയിക്കുന്ന കോൺഗ്രസിൽ വിശ്വാസമുണ്ടെന്ന് പറഞ്ഞാണ് പാർട്ടി വിടാനുള്ള നീക്കത്തിൽ നിന്നും പിൻമാറിയത്. അശോക് ഗലോട്ട് ഉൾപ്പടെ പങ്കെടുത്ത, ഹൈക്കമാൻഡ് പ്രതിനിധികളുമായുള്ള ചർച്ചയിൽ അർഹമായ പരിഗണന തനിക്ക് വേണമെന്ന ആവശ്യം പല തവണ കെ വി തോമസ് മുന്നോട്ട് വച്ചിരുന്നു. പല ഉപാധികൾ വെച്ച തോമസിപ്പോൾ തന്നെ പുകച്ച് പുറത്ത് ചാടിക്കാൻ ശ്രമിച്ചെന്ന പരാതിയാണ് നേതൃത്വത്തിന് മുന്നിൽ ഉന്നയിച്ചത്. പാർട്ടി വിടുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ പാർട്ടിയിലെ ഒരു വിഭാഗം തനിക്കെതിരെ പ്രചാരണം നടത്തിയെന്ന പരാതിയുമുന്നയിച്ചു. എറണാകുളത്തെ പാർട്ടി നേതാക്കൾ ഒരു ചർച്ചയിലും സഹകരിപ്പിക്കുന്നില്ലന്നെ ആക്ഷേപവും തോമസിനുണ്ടായിരുന്നു.
വർക്കിംഗ് പ്രസിഡന്‍റാക്കണം, അല്ലെങ്കിൽ ഉമ്മൻചാണ്ടി അധ്യക്ഷനായ മേൽനോട്ട സമിതിയിൽ സ്ഥാനം വേണം, ഇതുമല്ലെങ്കിൽ മകൾക്ക് സീറ്റ് നൽകണം - ഇതൊക്കെയായിരുന്നു തോമസിന്‍റെ ഉപാധികൾ. ഇതിൽ വർക്കിംഗ് പ്രസിഡന്‍റാക്കാമെന്ന വാഗ്ദാനം മുന്നോട്ട് വച്ചതോടെ, കെ വി തോമസ് പാർട്ടി വിടാനുള്ള തീരുമാനത്തിൽ നിന്ന് പിൻമാറുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam